വിപ്രോ ഓഹരി തിരികെ വാങ്ങുന്നത് നാളെ മുതല്‍

പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ, നിക്ഷേപകരില്‍ നിന്ന് 12,000 കോടി രൂപയുടെ ഓഹരികള്‍ തിരികെവാങ്ങുന്ന (ബൈബാക്ക്) നടപടികള്‍ക്ക് നാളെ (ജൂണ്‍ 22) തുടക്കമാകും. ഓഹരിയൊന്നിന് നിലവിലെ വിലയേക്കാള്‍ 17 രൂപ അധികനിരക്കുമായി (പ്രീമിയം) ആകെ 26.97 കോടി ഓഹരികളാണ് തിരിച്ചുവാങ്ങുന്നത്. ഇത് കമ്പനിയുടെ മൊത്തം ഓഹരികളുടെ 4.91 ശതമാനമാണ്.

ചില്ലറ നിക്ഷേപകര്‍ക്ക് 15 ശതമാനം സംവരണമുണ്ട്. രണ്ട് ലക്ഷം രൂപയില്‍ താഴെ മൂല്യമുള്ള ഓഹരികള്‍ കൈവശം വയ്ക്കുന്നവരെയാണ് ചില്ലറ നിക്ഷേപകരായി കണക്കാക്കുന്നത്. ചില്ലറ നിക്ഷേപകര്‍ക്ക് കൈവശമുള്ള ഓരോ 265 ഓഹരികള്‍ക്കും 62 ഓഹരികള്‍ തിരികെ നല്‍കുന്നതിന് അപേക്ഷ നല്‍കാം. പൊതുവിഭാഗത്തില്‍ 603 ഓഹരികള്‍ക്ക് 26 ഓഹരികള്‍ എന്നതാണ് അനുപാതം.

അഞ്ചു തവണ ബൈബാക്ക്
വിപ്രോ അഞ്ചാം തവണയാണ് നിക്ഷേപകരില്‍ നിന്നും ഓഹരികള്‍ തിരികെ വാങ്ങുന്നത്. 2016ലും 2017ലും 11,000 കോടി രൂപയുടെ വീതം ബൈബാക്ക് നടത്തിയിരുന്നു. 2019ല്‍ 10,500 കോടി രൂപയുടെയും 2020ല്‍ 9,500 കോടി രൂപയുടെയും ഓഹരികള്‍ തിരികെവാങ്ങി.
മൂന്നു ദിവസം നഷ്ടം നേരിട്ട വിപ്രോ ഓഹരികള്‍ ഇന്നലെ മുതല്‍ തിരിച്ചു കയറിയിട്ടുണ്ട്. വിപ്രോയുടെ ഓഹരി വില ഇന്ന് 2.55 ശതമാനം ഉയര്‍ന്ന് 385.05 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 444.90 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it