ഈ ആഴ്ച തുറക്കുന്നത് മൂന്ന് ഐപിഒകള്‍, സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് മുമ്പ് അറിയാം ഇക്കാര്യങ്ങള്‍

ഓഹരി വിപണിയിലേക്കുള്ള ചുവടുവയ്പ്പിന് മുന്നോടിയായി ഈ ആഴ്ച പ്രാരംഭ ഓഹരി വില്‍പ്പന തുറക്കുന്നത് മൂന്ന് കമ്പനികള്‍. പോളിസിബസാര്‍, എസ്ജെഎസ് എന്റര്‍പ്രൈസസ്, സിഗാച്ചി ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഐപിഒകളാണ് ഈ ആഴ്ച തുറക്കുന്നത്. കഴിഞ്ഞയാഴ്ച ആരംഭിച്ച നൈകാ, ഫിനോ പേയ്മെന്റ്‌സ് ബാങ്ക് എന്നിവയുടെ ഐപികളും ഈ ആഴ്ചയില്‍ അവസാനിക്കും. ഒക്ടോബര്‍ 28 ന് തുറന്ന നൈകയുടെ ഐപിഒ ഇന്നും 29 ന് തുറന്ന ഫിനോ പേയ്‌മെന്റ് ബാങ്കിന്റെ ഐപിഒ നാളെയുമാണ് അവസാനിക്കുക.

അതേസമയം, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്ഫോമായ പോളിസിബസാറിന്റെ ഐപിഒയ്ക്ക് ഇന്ന് തുടക്കമാകും. നവംബര്‍ മൂന്നിന് ക്ലോസ് ചെയ്യുന്ന ഐപിഒയിലൂടെ മൊത്തം 5,710 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 3,750 കോടി രൂപയുടെ പുതിയ ഒഹരികളുടെ വില്‍പ്പനയും 1,960 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതാണ് പോളിസിബസാര്‍ ഐപിഒ. ഐപിഒയ്ക്ക് മുമ്പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 2,569 കോടി രൂപ സമാഹരിച്ചതായി കമ്പനി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഐപിഒയിലൂടെ കൈമാറുന്ന ഓഹരികളില്‍ 75 ഓഹരികള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായാണ് സംവരണം ചെയ്തിട്ടുള്ളത്. 940-980 രൂപ പ്രൈസ് ബാന്‍ഡാണ് ഒരു ഓഹരിക്ക് വില നിശ്ചയിച്ചിട്ടുള്ളത്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 15 ഇക്വിറ്റി ഷെയറുകളിലേക്കും അതിനുശേഷം 15 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങളിലേക്കും ലേലം വിളിക്കാം. പോളിസിബസാര്‍ ഐപിഒയുടെ ഒരു ലോട്ടിന് (15 ഓഹരികള്‍) 14,700 രൂപയാണ് വില.
പോളിസി ബസാറിന് പുറമെ, എസ്ജെഎസ് എന്റര്‍പ്രൈസസാണ് ഇന്ന് പ്രാരംഭ ഓഹരി വില്‍പ്പന നടത്തുന്ന മറ്റൊരു കമ്പനി. മൊത്തം 800 കോടി സമാഹരിക്കാനൊരുങ്ങുന്ന കമ്പനിയുടെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്‌ലാണ്. എവര്‍ഗ്രാഫ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 710 കോടി രൂപയുടെ ഓഹരികളും കെ എ ജോസഫിന്റെ 90 കോടി രൂപയുടെ ഓഹരികളുമാണ് ഐപിഒയിലൂടെ കൈമാറുന്നത്. 531-542 രൂപ നിരക്കിലാണ് ഒരു ഓഹരിയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഇഷ്യു വലുപ്പത്തിന്റെ പകുതി ക്വാളിഫൈഡ് സ്ഥാപനങ്ങള്‍ക്കും 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമാണ് നീക്കിവച്ചിട്ടുള്ളത്.
കൂടാതെ, ഈ ആഴ്ച ഐപിഒ തുറക്കുന്ന കമ്പനിയായ സിഗാച്ചി ഇന്‍ഡസ്ട്രീസിന്റെ ഐപിഒ ഇന്നും നാളെയുമായാണ് നടക്കുന്നത്. 161-163 രൂപ നിരക്കിലാണ് ഒരു ഓഹരിയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിലൂടെ 7.70 ദശലക്ഷം പുതിയ ഓഹരികളുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ 125.43 കോടി രൂപ സമാഹരിക്കും.


Related Articles
Next Story
Videos
Share it