മ്യൂച്വല്‍ഫണ്ടിലെ പെണ്‍കരുത്തില്‍ ദക്ഷിണേന്ത്യയില്‍ കേരളം രണ്ടാമത്; ദേശീയ ശരാശരിയേക്കാളും ബഹുദൂരം മുന്നില്‍

പെണ്‍പങ്കാളിത്തം ഏറ്റവും കുറവ് ലക്ഷദ്വീപില്‍
Mutual Funds
Image : Canva
Published on

മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന മലയാളികളില്‍ 31 ശതമാനവും വനിതകളാണെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (AMFI) റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ പുതുച്ചേരിക്കൊപ്പം രണ്ടാംസ്ഥാനത്താണ് കേരളം. 32 ശതമാനം വനിതാപങ്കാളിത്തമുള്ള കര്‍ണാടകയാണ് ദക്ഷിണേന്ത്യയില്‍ ഒന്നാമത്.

തമിഴ്‌നാട്ടിലെ മ്യൂച്വല്‍ഫണ്ട് നിക്ഷേപകരില്‍ 28 ശതമാനമേ വനിതകളുള്ളൂ. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വനിതകളുടെ വിഹിതം 25 ശതമാനം വീതമാണ്. ലക്ഷദ്വീപില്‍ നിന്നുള്ള നിക്ഷേപകരില്‍ 16 ശതമാനമാണ് സ്ത്രീകള്‍. ദേശീയതലത്തില്‍ മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപകരില്‍ 24 ശതമാനമേയുള്ളൂ വനിതകള്‍. ഇതിനേക്കാളും ബഹുദൂരം മുന്നിലാണ് കേരളത്തിലെ സ്ത്രീപങ്കാളിത്തം.

ഇന്ത്യയില്‍ ഒന്നാമത് ഗോവ

ഇന്ത്യയില്‍ വനിതാ നിക്ഷേപകരുടെ പങ്കാളിത്തത്തില്‍ ഏറ്റവും മുന്നില്‍ ഗോവയാണ് (40 ശതമാനം). ഒട്ടുമിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വനിതാപങ്കാളിത്തം കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മിസോറമില്‍ 39 ശതമാനം, സിക്കിമില്‍ 38 ശതമാനം, മേഘാലയയില്‍ 37 ശതമാനം, അരുണാചലിലും നാഗാലാന്‍ഡിലും 36 ശതമാനം വീതം എന്നിങ്ങനെയാണ് സ്ത്രീ പങ്കാളിത്തം. ഓഹരി വിപണിയില്‍ നിക്ഷേപക പങ്കാളിത്തം വര്‍ഷങ്ങളായി ഏറെയുള്ള ഗുജറാത്തില്‍ 32 ശതമാനം, മഹാരാഷ്ട്രയില്‍ 34 ശതമാനം, ഡല്‍ഹിയില്‍ 33 ശതമാനം, ചണ്ഡീഗഡില്‍ 35 ശതമാനം എന്നിങ്ങനെയുമാണ് സ്ത്രീകളുടെ വിഹിതമുള്ളത്.

'സ്ത്രീധനം' ഉയരുന്നു

മ്യൂച്വല്‍ഫണ്ടുകളിലെ സ്ത്രീകളുടെ നിക്ഷേപത്തിന്റെ മൊത്തം മൂല്യവും കൂടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിമൂല്യത്തില്‍ (AUM) 2017 മാര്‍ച്ചില്‍ വനിതകളുടെ പങ്ക് 15.2 ശതമാനമായിരുന്നത് 2023 ഡിസംബറിലെ കണക്കുപ്രകാരം 20.9 ശതമാനമായിട്ടുണ്ട്. അതേസമയം, പോര്‍ട്ട്‌ഫോളിയോയിലെ വിഹിതം 21 ശതമാനത്തില്‍ നിന്ന് 20.8 ശതമാനത്തിലേക്ക് താഴ്ന്നു.

മ്യൂച്വല്‍ഫണ്ടിലെ വനിതകളില്‍ 69 ശതമാനവും 25-58 പ്രായക്കാരാണ്. 25-44 വയസിനിടയിലുള്ളവരാണ് 48 ശതമാനവും. 18-24 പ്രായക്കാര്‍ 4 ശതമാനമേയുള്ളൂ.

കുടുംബമാണ് പ്രചോദനം

47 ശതമാനം വനിതകളും കുടുംബത്തില്‍ നിന്ന് തന്നെ പ്രചോദനമുള്‍ക്കൊണ്ടാണ് മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന് തയ്യാറായത്. 27 ശതമാനം പേര്‍ സാമ്പത്തിക വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിച്ച് നിക്ഷേപകരായി. 19 ശതമാനം പേര്‍ ബാങ്കുദ്യോഗസ്ഥരുടെ വാക്കുകള്‍ കേട്ടെത്തി.

4 ശതമാനം പേരെ സ്വാധീനിച്ചത് ഓണ്‍ലൈന്‍ ബ്ലോഗുകളും വാര്‍ത്തകളുമാണ്. മൂന്ന് ശതമാനം പേരെ ഈ രംഗത്തേക്ക് ആനയിച്ചത് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വാക്കുകളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com