ഇന്ത്യ ക്രിപ്‌റ്റോ സൗഹൃദമല്ല, പട്ടികയില്‍ ഒന്നാമത് ഹോങ്കോംഗ്

ഏറ്റവും പുതിയ 'Worldwide Crypto Readiness Reportല്‍ ഇടംപിടിക്കാനാവാതെ ഇന്ത്യ. ക്രിപ്റ്റോ സൗഹൃദ (crypto-ready) രാജ്യങ്ങളുടെ പട്ടികയില്‍ 10ല്‍ 8.6 പോയിന്റ് നേടിയ ഹോങ്കോംഗ് ആണ് ഒന്നാമത. ക്രിപ്‌റ്റോ അനുകൂല അന്തരീഷമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത് ഫോറെക്‌സ് സജസ്റ്റ് ആണ്. ക്രിപ്റ്റോ എടിഎമ്മുകള്‍, മേഖലയിലെ നിയമനിര്‍മ്മാണവും നികുതി രീതികളും, ബ്ലോക്ക്ചെയിന്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങളെ തെരഞ്ഞെടുത്തത്.

യുഎസ്, സ്വറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യഥാക്രമം 7.7, 7.5 പോയിന്റുകള്‍ വീതം ഇരുരാജ്യങ്ങളും നേടി. ജോര്‍ജിയ, യുഎഇ, റൊമേനിയ, ക്രോയേഷ്യ എന്നീ രാജ്യങ്ങള്‍ നാലാം സ്ഥാനം പങ്കിട്ടു. 6.2 വീതം പോയിന്റുകളാണ് ഇവര്‍ക്ക് ലഭിച്ചത്. അയര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍. ക്രിപ്‌റ്റോ -റെഡി രാജ്യങ്ങളുടെ പട്ടികയില്‍ 20 രാജ്യങ്ങളാണ് ഇടംനേടിയത്.

യുഎസിലാണ് ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോ എടിഎമ്മുകള്‍ ഉള്ളത്. 100,000 പേര്‍ക്ക് 10.1 എടിഎമ്മുകള്‍ എന്നതാണ് യുഎസിലെ കണക്ക്. കാനഡയില്‍ ഇത് 6.5ഉം ഹോങ്കോംഗില്‍ 2ഉം ആണ്. എന്നാല്‍ ഹോങ്കോംഗില്‍ 7 കി.മീ ചുറ്റളവില്‍ ഒരു ക്രിപ്‌റ്റോ എടിഎം കണ്ടെത്താനാവും. യുഎസില്‍ രണ്ട് ക്രിപ്‌റ്റോ എടിഎമ്മുകള്‍ തമ്മില്‍ ശരാശരി 271 കി.മീ അകലമുണ്ട്. ഹോങ്കോംഗ്, സ്വിറ്റ്സര്‍ലന്‍ഡ്, പനാമ, പോര്‍ച്ചുഗല്‍, ജര്‍മ്മനി, മലേഷ്യ, തുര്‍ക്കി എന്നിവയാണ് ഏറ്റവും കുറഞ്ഞ ക്രിപ്റ്റോ നികുതിയുള്ള രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍, ക്രിപ്റ്റോ ട്രേഡിംഗില്‍ നിന്നുള്ള ലാഭം വ്യക്തികള്‍ക്കുള്ള മൂലധന നേട്ട നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ഏറ്റവും അധികം ബ്ലോക്ക് ചെയിന്‍ സ്റ്റാര്‍ട്ടപ്പുകള്‍ (1,128) ഉള്ളത്. ഹോങ്കോംഗ്, യുഎഇ എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ക്രിപ്‌റ്റോ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത് ഓസ്‌ട്രേലിയക്കാര്‍ ആണ്. ഒരു ലക്ഷം ഓസ്‌ട്രേലിയക്കാരില്‍ 4,579 പേരും ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ച് തിരയുന്നവരാണ്. അയര്‍ലന്‍ഡ് (3,472 പേര്‍), യുകെ (3409 പേര്‍), യുഎഇ (3,342), കാനഡ (3,010) എന്നീ രാജ്യങ്ങളിലുള്ളവരാണ് ക്രിപ്‌റ്റോ അന്വേഷണങ്ങളില്‍ പിന്നാലെ.

ഇന്ത്യയില്‍ ക്രിപ്‌റ്റോ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസും ഈടാക്കുന്നുണ്ട്. എന്നാല്‍ ക്രിപ്‌റ്റോയ്ക്കായി പ്രത്യേക നിയമ നിര്‍മാണം രാജ്യത്ത് നടത്തിയിട്ടില്ല. ഇന്ത്യയില്‍ രണ്ട് ക്രിപ്‌റ്റോ എടിഎമ്മുകള്‍ മാത്രമാണ് ഉള്ളത്. അടുത്തിടെ അക്‌സെഞ്ചര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയിലെ ക്രിപ്‌റ്റോ, എന്‍എഫ്ടിയുടെ ഏഴ് ശതമാനം കൈവശം വെച്ചിരിക്കുന്നത് ഇന്ത്യക്കാരാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it