

ഇന്ത്യയുടെ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റർ ആയ (ഐ.എഫ്.എസ്.സി) ഗിഫ്റ്റ് സിറ്റിയില്‍ (GIFT City) നിന്നുള്ള ആദ്യ ഐ.പി.ഒ മാര്‍ച്ച് ആദ്യവാരം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ആഗോള തലത്തില്‍ എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന എക്‌സ്.ഇ.ഡിയില്‍ നിന്നാണ് 12 ദശലക്ഷം ഡോളര്‍ (ഏകദേശം 109 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഐ.പി.ഒ എത്തുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് അനുമതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കമ്പനി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ആര്‍.എച്ച്.പി സമര്‍പ്പിച്ചു കഴിഞ്ഞു.
ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റി (ഐ.എഫ്.എസ്.സി.എയുടെ കീഴില്‍ വിദേശ ഇന്ത്യക്കാര്‍, വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍, സ്ഥാപന നിക്ഷേപകര്‍, അനുമതിയുള്ള മറ്റ് വിദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നിക്ഷേപിക്കാം. ഓഹരികള്‍ എന്‍.എസ്.ഇ ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ ഐ.എക്‌സ്), ഇന്ത്യയുടെ ഐ,എഫ്.എസ്.സികള്‍ എന്നിവിടങ്ങളില്‍ ലിസ്റ്റു ചെയ്യും. ഡോളര്‍ അധിഷ്ഠിതമായാണ് തുടര്‍ന്നുള്ള ട്രേഡിംഗ് നടക്കുക. ഇഷ്യുവിന്റെ ആങ്കര്‍ നിക്ഷേപകരുടെ ഭാഗം ഫെബ്രുവരി അവസാനത്തോടെ ക്ലോസ് ചെയ്യും.
ആഗോളതലത്തിലുള്ള വികസനം, സര്‍വകലാശാലകളുമായുള്ള പങ്കാളിത്ത വിപുലീകരണം, പ്രധാന വിപണികളിലെ പ്രവര്‍ത്തന വികസനം എന്നിവയുടെ ഫണ്ടിംഗിനായാണ് ഐ.പി.ഒ.യെന്ന് കൊച്ചി സ്വദേശിയായ സ്ഥാപകന്‍ ജോണ്‍ കല്ലേലില്‍ പറഞ്ഞു. അതിര്‍ത്തികള്‍ കടന്നുള്ള വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളറിയുന്ന ആഗോള നിക്ഷേപകരിലേയ്‌ക്കെത്താനാണ് ഗിഫ്റ്റ് സിറ്റി വഴി തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എസ് സിഎയ്ക്കു കീഴിലാണ് ഐപിഒ എന്നതിനാല്‍ നിക്ഷേപകര്‍ക്ക് കമ്പനിയെ ആഗോളതലത്തില്‍ വിലയിരുത്താനാകുമെന്ന് എക്‌സ്ഇഡി സിഎഫ്ഒ പീയുഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
ഗിഫ്റ്റ് സിറ്റി ഐഎഫ്എസ് സിയില്‍ ആസ്ഥാനമായുള്ള എന്‍.എസ്.ഇ ഐ.എക്‌സ്. വിദേശങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള കോര്‍പ്പറേഷനുകളെ പ്രാപ്തമാക്കുമെന്ന് എന്‍.എസ്.ഇ ഐ.എക്‌സ് സി.ഇ.ഒ വി ബാലസുബ്രഹ്‌മണ്യം പറഞ്ഞു. ഇന്ത്യയുടെ ഐ.എഫ്.എസ്.സി മേഖലയുടെ പരിണാമത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ ആദ്യ ഇക്വിറ്റി ഐ.പി.ഒ എന്ന് ബി.എസ്.ഇ കമ്പനിയായ ഇന്ത്യ ഐ.എന്‍.എക്‌സ് എം.ഡിയും സി.ഇ.ഒയുമായ വിജയ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ആഗോള തലത്തിലെ കോർപറേറ്റ് കമ്പനികളിൽ പ്രവർത്തിക്കുന്ന മുതിർന്ന പ്രൊഫഷണലുകൾക്കായി നേതൃത്വ, മാനേജ്മെന്റ് നൈപുണ്യ വികസനത്തിനുള്ള വ്യക്തിഗത പരിശീലനം നൽകുന്ന എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ് എക്സ്.ഇ.ഡി. 2018-ലാണ് കമ്പനിയുടെ തുടക്കം. ഇന്ത്യയ്ക്ക് പുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ കമ്പനിക്ക് നേരിട്ടുള്ള പ്രവർത്തന സാന്നിധ്യമുണ്ട്.
ഫോർച്യൂൺ 500 കമ്പനികളിലെ ഉൾപ്പെടെ 15,000-ത്തിലധികം എക്സിക്യൂട്ടീവുകൾ ഇതിനകം എക്സ്.ഇ.ഡി.യുടെ കീഴിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കമ്പനിക്ക് ബിസിനസിൽ നിന്നും പ്രവർത്തന ലാഭവും (EBITDA) അറ്റാദായവും (PAT) നേടാൻ തുടർച്ചയായി സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം. ഇതിനിടയിലാണ് പ്രവർത്തന വിപുലീകരണത്തിന് വേണ്ടി ഗിഫ്റ്റ് സിറ്റിയിലുള്ള എൻ.എസ്.ഇ ഇന്റർനാഷണൽ എക്സ്ചേഞ്ച് വഴി എക്സ്.ഇ.ഡി ഐ.പി.ഒയുമായി കടന്നെത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine