മാന്ദ്യത്തില്‍ നിക്ഷേപിക്കാന്‍ പയറ്റാം, ഈ ത്രന്തം

2023 സംബന്ധിച്ച പ്രവചനങ്ങള്‍ പൊതുവേ ആവേശം കെടുത്തുന്നവയാണ്. ഐ.എം.എഫ്, ലോക ബാങ്ക്, ഒ.ഇ.സി.ഡി തുടങ്ങിയവ എല്ലാം പറയുന്നത് ഒന്നുതന്നെ. '2022 മോശമായിരുന്നു. 2023 കൂടുതല്‍ മോശമാകും. 2024 ലെ ആശ്വാസത്തിനുള്ള വക തുടങ്ങൂ'. ആഗോള വളര്‍ച്ച സംബന്ധിച്ച് ഐ.എം.എഫും ലോകബാങ്കും ഒക്ടോബറില്‍ പുറത്തുവിട്ട നിഗമനങ്ങള്‍ ഇങ്ങനെ:

വര്‍ഷം, വളര്‍ച്ച സംബന്ധിച്ച ഐ.എം.എഫ് നിഗമനം, ലോകബാങ്ക് നിഗമനം (ശതമാനത്തില്‍)


വിലക്കയറ്റം സംബന്ധിച്ച ഐ.എം.എഫ് വിലയിരുത്തല്‍ (ശതമാനത്തില്‍)


2023ല്‍ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം മാന്ദ്യകാലത്തേതു പോലെയാകുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പുതുവത്സരദിനത്തില്‍ ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞത് മൂന്നിലൊരു ഭാഗം ജനങ്ങള്‍ മാന്ദ്യത്തിലാകും എന്നാണ്.

അപ്പോള്‍ നിക്ഷേപകര്‍എന്തു ചെയ്യണം?

ഈവര്‍ഷം വരാവുന്ന നാല് സാഹചര്യങ്ങള്‍ നോക്കാം.

1. ആഗോള മാന്ദ്യം ഒഴിവാകുന്നു. എങ്കിലും വളര്‍ച്ച തീരെ കുറവാകുന്നു. യുക്രെയ്ന്‍ യുദ്ധം തുടരുന്നു. വിലക്കയറ്റം സാവധാനം കുറയുന്നു. ഉയര്‍ന്ന പലിശ തുടരുന്നു. ഡോളര്‍ ഉയര്‍ന്നു നില്‍ക്കുന്നു.

2. യൂറോ മേഖലയും യു.കെയും മാന്ദ്യത്തില്‍ വീഴുന്നു. ചൈനയിലും യു.എസിലും വളര്‍ച്ച കുറവാകുന്നു. യുക്രെയ്ന്‍ യുദ്ധം തുടരുന്നു. വിലക്കയറ്റ വേഗം കുറയുന്നു. ഡോളര്‍ ദുര്‍ബലമാകുന്നു.

3. യുക്രെയ്ന്‍ യുദ്ധം സമാധാനപരമായി തീരുന്നു. മാന്ദ്യത്തിനടുത്തു വരുന്ന മുരടിപ്പ് പരക്കെ അനുഭവപ്പെടുന്നു. ക്രൂഡ് ഓയില്‍, ഭക്ഷ്യധാന്യ, ഭക്ഷ്യ എണ്ണ വിലകള്‍ താഴുന്നു. വിലക്കയറ്റം അതിവേഗം കുറയുന്നു. 2024 ആദ്യം പലിശ കുറയുമെന്ന പ്രതീക്ഷ പടരുന്നു.

4. യുദ്ധം അവസാനിക്കുന്നു. റഷ്യയില്‍ ഭരണമാറ്റവും അസ്വസ്ഥതകളും വരുന്നു. ക്രൂഡ് ഓയില്‍ വില ഇടിയുന്നു. വിലക്കയറ്റം കുത്തനെ താഴുന്നു. പലിശ കുറയ്ക്കലിനു തുടക്കമിടുന്നു. ഡോളര്‍ കരുത്തുകാട്ടുന്നു.

ഇനി ഓരോ സാഹചര്യത്തിലും വിപണിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

സാഹചര്യം ഒന്ന് സംഭവിച്ചാല്‍ ഓഹരിവിപണിയില്‍ 2022ന്റെ വിപരീതഗതി പ്രതീക്ഷിക്കാം. ആദ്യം ഓഹരികള്‍ ഇടിയും. രണ്ടാം പകുതിയിലോ 2024 ആദ്യമോ ഉയരാം. സാഹചര്യം രണ്ട് സംഭവിച്ചാല്‍ ഓഹരി വിപണി വലിയ വീഴ്ച്ചയിലാകും. തിരിച്ചുകയറ്റം 2024ലേക്കു നീളും. സാഹചര്യം മൂന്ന് സംഭവിച്ചാല്‍ വര്‍ഷാരംഭത്തില്‍ ഓഹരികള്‍ താഴോട്ടു നീങ്ങിയാലും ഇല്ലെങ്കിലും വിപണികള്‍ പിന്നീട് കുതിപ്പിലാകും. കുതിപ്പ് 2024ലും തുടരും. സാഹചര്യം നാല് സംഭവിച്ചാല്‍ വിപണി അത്യുത്സാഹത്തിലാകും. അത് പിറ്റേ വര്‍ഷവും തുടരാം. റഷ്യയുമായി കൂടുതല്‍ വ്യാപാരബന്ധം ഉള്ള കമ്പനികള്‍ക്കു തിരിച്ചടി വരാം.

കരുതിയിരിക്കുക, ഇങ്ങനെയാണ് കാര്യങ്ങള്‍

വിശാലമായ ഈ സാഹചര്യങ്ങള്‍ക്കപ്പുറം വിപണികളില്‍ നിക്ഷേപകര്‍ കരുതിയിരിക്കേണ്ട പലതുമുണ്ട്. മുന്‍കൂട്ടി അറിയാനാവുന്ന ഒരു സാമ്പത്തിക സാഹചര്യം ഉണ്ടെങ്കില്‍ അത് കണക്കാക്കിയുള്ള നിക്ഷേപങ്ങള്‍ മുമ്പേ നടത്താന്‍ വൈദഗ്ധ്യമുള്ളവര്‍ ഒന്നും രണ്ടുമല്ല. മനുഷ്യര്‍ മാത്രമല്ല അല്‍ഗോരിതങ്ങളും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. മാന്ദ്യം വരുമ്പോള്‍ ഏതു മേഖലകള്‍ക്കു ക്ഷീണം വരുമെന്നു വളരെ മുമ്പേ അവരും അല്‍ഗോരിതങ്ങളും മനസിലാക്കുന്നു.

അവര്‍ കൈവശമുള്ളവ ലാഭത്തില്‍ വില്‍ക്കുക മാത്രമല്ല ഫ്യൂച്ചേഴ്സിലും ഓപ്ഷന്‍സിലുമൊക്കെ തക്കതായ പൊസിഷന്‍ എടുത്ത് ലാഭം പല മടങ്ങാക്കുകയും ചെയ്യും. അവയോട് ഏറ്റുമുട്ടി നേട്ടമുണ്ടാക്കാന്‍ വ്യക്തികള്‍ക്ക് എളുപ്പമല്ല. എന്നാല്‍ അവരുടെ ലാഭക്കളിക്ക് ഇരയാകാതെ നോക്കാന്‍ കഴിയും. ഫണ്ട മാനേജര്‍മാരും മറ്റും നല്ല അഭിപ്രായം പറയുന്നവ വാങ്ങുന്ന ധാരാളം പേരുണ്ട്. തകര്‍ച്ചയാണ് മുന്നില്‍ എന്നുണ്ടെങ്കില്‍ ഇത്തരം അഭിപ്രായങ്ങളും ശുപാര്‍ശകളും നല്ലതുപോലെ വിലയിരുത്തി മാത്രം സ്വീകരിക്കുക.

മാന്ദ്യം വരുമ്പോള്‍ താഴുന്ന മേഖലകള്‍ അതു കഴിയുമ്പോള്‍ തിരിച്ചുകയറും. മാന്ദ്യത്തിന്റെ പേരിലുള്ള താഴ്ച്ചയില്‍ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന ഓഹരികള്‍ അപ്പോള്‍ നല്ല ഉയര്‍ച്ച കൈവരിച്ചെന്നു വരും. ഇതിനര്‍ഥം വിപണി ഇടിയുമ്പോള്‍ താഴുന്നവ എല്ലാം വാങ്ങിക്കൂട്ടണം എന്നല്ല. ഓരോ മാന്ദ്യവും മാറി സമ്പദ്ഘടന ഉയരുമ്പോള്‍ സാങ്കേതിക വിദ്യയിലും ബിസിനസ് തന്ത്രത്തിലുമൊക്കെ മാറ്റങ്ങള്‍ വരുത്തിയവരാണ് കുതിച്ചു മുന്നേറുന്നത്. അങ്ങനെ മാറ്റങ്ങള്‍ വരുത്തുന്നവരെയാണ് വലിയ നേട്ടത്തിനായി വാങ്ങേണ്ടത്. മാന്ദ്യകാലത്തു ജോലിക്കാരെ കുറച്ചും സാങ്കേതിക വിദ്യ മാറ്റിയും അടുത്ത പോരാട്ടത്തിനു സജ്ജരാകുന്നവരെ കണ്ടെത്തണം.

ബഫറ്റിനെ പിന്തുടരാന്‍ അവസരം

ഏതു സാഹചര്യത്തിലും പ്രസക്തമായ രണ്ട് ഉപദേശങ്ങള്‍ വാറന്‍ ബഫറ്റ് നല്‍കിയിട്ടുണ്ട്. ഓഹരി വിപണിയില്‍ രണ്ടു നിയമങ്ങള്‍ പാലിച്ചാല്‍ മതി. ഒന്ന്, ഒരിക്കലും പണം കളയരുത്. ഒന്നാം നിയമം ഒരിക്കലും മറക്കരുത്.രണ്ട്, എല്ലാവരും പേടിച്ചു വില്‍ക്കുമ്പോള്‍ ആര്‍ത്തിയോടെ വാങ്ങുക. എല്ലാവരും ആര്‍ത്തിയോടെ വാങ്ങുമ്പോള്‍ പേടിച്ചു വില്‍ക്കുക.

ഒരുപക്ഷേ രണ്ടാം ഉപദേശം നടപ്പാക്കാന്‍ ഏറ്റവും പറ്റിയ അവസരമാകാം ഈവര്‍ഷം ഒരുങ്ങുന്നത്. മാന്ദ്യം ഉണ്ടായാല്‍ പല മേഖലകളിലും നിന്നു നിക്ഷേപകര്‍ പേടിച്ചു പിന്മാറും. കമ്പനികളുടെ ബിസിനസ് വളര്‍ച്ച കുറയും. ലാഭം കുറയും. അപ്പോള്‍ ഓഹരി വില കുറയണമല്ലോ. അതു കണക്കാക്കി ഒട്ടേറെപ്പേര്‍ ഓഹരി വിറ്റൊഴിയും. നല്ല ഫണ്ടമെന്റല്‍ ഘടകങ്ങളും മികച്ച മാനേജ്മെന്റും ഉള്ള കമ്പനികള്‍ കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ അവസരം കിട്ടാം. മറ്റുള്ളവര്‍ പേടിച്ചു വില്‍ക്കുമ്പോള്‍ ആര്‍ത്തിയോടെ വാങ്ങിക്കൂട്ടാം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it