ഇപ്പോള്‍ നിക്ഷേപിക്കാം, ഈ രണ്ട് ഓഹരികളില്‍

1. Cadila Healthcare
നാല് വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ കഴിഞ്ഞ വര്‍ഷം ഒഴിച്ച് ബാക്കിയുള്ള സമയത്തെല്ലാം മോശം പ്രകടനമായിരുന്നു ഫാര്‍മ ഓഹരികളുടേത്. അസംസ്‌കൃത വസ്തുക്കള്‍ കിട്ടാത്തത്, യു.എസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷെന്റെ നിയന്ത്രണങ്ങള്‍ ഉള്‍പ്പടെ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഈ മേഖലയില്‍ ഒരു കുതിപ്പ് ഉണ്ടാകാനുള്ള കാരണം ചൈനയില്‍ നിന്നുള്ള ഇറക്കുമതി അമേരിക്ക നിര്‍ത്തിവെച്ചതാണ്. അത് ഏറ്റവും ഗുണകരമായത് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്കാണ്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ തോതില്‍ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ വര്‍ഷത്തോടെ ഇന്ത്യയിലെ മരുന്നുകമ്പനികളുടെ വരുമാനവും ലാഭവും ഉയര്‍ന്നു. ആഗോളതലത്തില്‍ മരുന്നുകളുടെ ഉപയോഗം കൂടി.
ഈ സാഹചര്യത്തില്‍ ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ ഏറെ ഉയരത്തിലായി എന്നുപറഞ്ഞ് പലരും മാറിനില്‍ക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ അങ്ങനെയല്ല, അടുത്തവര്‍ഷം കൂടുതല്‍ വളര്‍ച്ച വരാനിരിക്കുന്നതേയുള്ളു.
കാരണം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയ്ക്ക് കൂടുതല്‍ ബജറ്റ് മാറ്റിവെക്കാന്‍ തുടങ്ങും. പല രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലെ ദൗര്‍ബല്യങ്ങള്‍ പുറത്തായ കാഴ്ചയായിരുന്നു നാം കണ്ടത്. വരുന്ന ബജറ്റില്‍ ഈ മേഖലയ്ക്കുള്ള വിഹിതം ജിഡിപിയുടെ രണ്ടോ മൂന്നോ ശതമാനം ആയി ഉയർത്താനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിൽ ഈ രംഗത്ത് വലിയ രീതിയില്‍ മാറ്റമുണ്ടാകും. മാത്രവുമല്ല ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൂടുതല്‍പ്പേര്‍ എടുക്കുന്നു. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്ന് ആരോഗ്യരംഗത്ത് വരും വര്‍ഷം നല്ലൊരു കുതിച്ചുചാട്ടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഫാര്‍മ സ്റ്റോക്കുകള്‍ പലതും ഏറെ വളര്‍ച്ചാസാധ്യതയുള്ളതാണെങ്കിലും കാഡില ഹെല്‍ത്ത്‌കെയര്‍ എന്ന ഓഹരിയാണ് എടുത്തുപറയേണ്ടത്. ഇപ്പോഴതിന്റെ വില 600 രൂപയ്ക്ക് മുകളില്‍ എത്തിയിട്ടുണ്ട്. ഈ കമ്പനിയും കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് എത്രമാത്രം വിജയകരമാകും എന്നറിയില്ല. പക്ഷെ അവരുടെ മറ്റ് പ്രോഡക്റ്റുകള്‍ക്ക് യു.എസ് അംഗീകാരം കിട്ടിയിട്ടുണ്ട്. മാരകരോഗങ്ങള്‍ക്കും കോവിഡിനും അടക്കമുള്ള മരുന്നുകള്‍ ഉള്‍പ്പടെ മികച്ച പ്രോഡക്റ്റ് പോര്‍ട്ട്‌ഫോളിയോയാണ് ഈ സ്ഥാപനത്തിന്റേത്.
സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അടുത്ത ഒരു വര്‍ഷം കൊണ്ട് ഈ ഓഹരിയില്‍ 20-25 ശതമാനം കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഏകദേശം 600 രൂപയുള്ള ഈ ഓഹരി 800 രൂപ ലക്ഷ്യം വെച്ച് വാങ്ങാവുന്നതാണ്.
കാഡില മാത്രമല്ല ഫാര്‍മ മേഖലയിലെ വളര്‍ച്ചാസാധ്യതയുള്ള നല്ല ഓഹരികള്‍ തെരഞ്ഞെടുത്ത് വാങ്ങാവുന്നതാണ്.
2. IDFC First Bank
ബാങ്കിംഗ് മേഖല അത്ര മികച്ച പ്രകടനമൊന്നുമല്ല കാഴ്ച വെക്കുന്നത്. ബാങ്കിംഗ് രംഗത്ത് മല്‍സരം കൂടി. പരമ്പരാഗതമായ ബാങ്കിംഗ് ശൈലികളെല്ലാം മാറിമറഞ്ഞു. സാമ്പത്തികരംഗത്തെ അനിശ്ചിതാവസ്ഥ കാരണം ബാങ്കിംഗ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമില്ല. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിനുശേഷം സാമ്പത്തികമേഖല മെച്ചപ്പെടുകയാണെങ്കില്‍ അത് ബാങ്കിംഗ് ഓഹരികളില്‍ പ്രതിഫലിക്കും. സാമ്പത്തികമേഖലയിലും ഓഹരിവിപണിയിലും തിരിച്ചുവരവ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഒരു പുതിയ ബാങ്കാണ്. ഐഡിഎഫ്‌സി ബാങ്കും ക്യാപ്പിറ്റല്‍ ഫസ്റ്റ് ലിമിറ്റഡ് എന്ന എന്‍ബിഎഫ്‌സിയും ലയിച്ചുചേര്‍ന്ന് ഉണ്ടായ ബാങ്കാണിത്. ബാങ്കിംഗ് മേഖലയിലെ അനുഭവസമ്പത്തുള്ളവരാണ് ഈ സ്ഥാപനത്തെ നയിക്കുന്നത്. ഇവര്‍ക്ക് ധാരാളം ഫിനാന്‍ഷ്യല്‍ പ്രോഡക്റ്റ്‌സും ഉണ്ട്. മാത്രവുമല്ല സാങ്കേതികവിദ്യക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന പുതിയ തലമുറ ബാങ്കാണിത്. ഡിജിറ്റല്‍ ബാങ്കിംഗിന്റെ പ്രസക്തി കൂടിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് സാധ്യതകളേറെയാണ്. മറ്റ് വലിയ ബാങ്കുകളുടെ പ്രകടനത്തെ കിട്ടാക്കടം സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് കിട്ടാക്കടം വളരെ കുറവാണ്.
ഇപ്പോള്‍ 55-59 രൂപയില്‍ ട്രേഡ് ചെയ്യുന്ന ഈ ഓഹരി അടുത്ത ഒരു വര്‍ഷം കൊണ്ട് 85-90 രൂപയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 40-45 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇത് കൂടി ഉള്‍പ്പെടുത്താം. സാമ്പത്തികമേഖല ഇനിയും വളരെ മോശം അവസ്ഥയിലേക്ക് പോകുകയാണെങ്കില്‍ മാത്രമാണ് ഇതിലെ റിസ്‌ക്. എന്നാല്‍ ഈ റിസ്‌ക് എടുക്കാന്‍ തയാറായിട്ടുള്ളവര്‍ക്ക് അതിന്റെ നേട്ടം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.


Prince George
Prince George  

മാനേജിങ് ഡയറക്ടർ, ഡിബിഎഫ്എസ്

Related Articles

Next Story

Videos

Share it