ഓഹരി വിപണിയോടുള്ള യുവാക്കളുടെ പ്രിയം കുറയുന്നോ? കാരണങ്ങള്‍ അറിയാം

കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഓഹരി സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പുതിയ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നു. അതില്‍ ഏറിയ പങ്കും 30 വയസില്‍ താഴെ ഉള്ളവര്‍. എങ്കിലും ഓഹരി വിപണിയെ കുറിച്ചുള്ള അറിവ് കുറവും, വിപണിയിലെ വിവിധ ഘട്ടങ്ങളില്‍ നിക്ഷേപം നടത്താനുള്ള അവബോധം ഇല്ലാത്തത് കൊണ്ടും യുവാക്കള്‍ കാര്യമായ നിക്ഷേപം നടത്തിയില്ല. ഓഹരിയിലേക്ക് നിക്ഷേപിക്കാന്‍ പ്രത്യേകം പണം കണ്ടെത്താന്‍ കഴിയാത്തതും അവരെ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചതായി ഐ സി ആര്‍ എ റേറ്റിംഗ്സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2022 ല്‍ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം റെക്കോര്‍ഡ് 10 കോടി കടന്നു. ഉയര്‍ന്നു വരുന്ന വിപണികളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഇന്ത്യന്‍ വിപണിയായിരുന്നു. ബി എസ് ഇ സെന്‍സെക്സും, നിഫ്റ്റിയും 4 ശതമാനത്തില്‍ അധികം നേട്ടം കൈവരിച്ചു. പ്രതീക്ഷയോടെ വന്ന പല ഐ പി ഒ കളും കുറഞ്ഞ വിലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത് യുവ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തി. വീട്ടില്‍ നിന്ന് തൊഴില്‍ ചെയ്തിരുന്നത് മാറി തിരിച്ച് ഓഫീസുകളിലേക്ക് പോയി തുടങ്ങിയതും ഓഹരി നിക്ഷേപം കുറയാന്‍ കാരണമായി.

ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചത് കൊണ്ട് സ്ഥിര നിക്ഷേപങ്ങള്‍ ആകര്‍ഷകമായതും ഓഹരി വിപണിക്ക് തിരിച്ചടിയായി. ഓഹരികളെ സംബന്ധിക്കുന്ന ഓണ്‍ലൈന്‍ തിരച്ചില്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വര്‍ധിക്കുകയും പിന്നീട് മിതപ്പെടുകയും ചെയ്തു. കുറഞ്ഞ കമ്മിഷനില്‍ വ്യാപാരം നടത്താന്‍ അനുവദിക്കുന്ന ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരുടെ എണ്ണം വര്‍ധിച്ചതും ഓഹരി വിപണിയില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ സഹായകരമായി.

2022- 23 ല്‍ ബ്രോക്കിങ് കമ്പനികളുടെ പ്രവര്‍ത്തന വരുമാനം 3- 6 % വര്‍ധിച്ച് 38700 കോടി രൂപയാകുമെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് കരുതുന്നു. മുന്‍ വര്‍ഷം 33 % വളര്‍ച്ച ഉണ്ടായിരുന്നു. ബ്രോക്കിങ് സ്ഥാപനങ്ങളുടെ പ്രധാന വരുമാനം ഓരോ ഇടപാടില്‍ നിന്നും ലഭിക്കുന്ന കമ്മീഷനാണ്.

അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തിലും 2022 ല്‍ ഓഹരി സൂചികകള്‍ 4 ശതമാനത്തില്‍ അധികം നേട്ടം കൈവരിച്ചു. ചില ഓഹരികള്‍ 70 ശതമാനത്തില്‍ അധികം ലാഭം നിക്ഷേപകര്‍ക്ക് നേടി കൊടുത്തു. മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപിച്ച് അതിലെ ട്രെന്‍ഡ് മനസിലാക്കി വില്‍ക്കുകയും വാങ്ങുകയും ചെയ്താല്‍ ഓഹരി വിപണിയില്‍ നിന്ന് മെച്ചപ്പെട്ട ആദായം നേടാന്‍ സാധിക്കുമെന്ന് മാര്‍ക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ക്ഷമയും, അച്ചടക്കവുമാണ് ഓഹരി വിപണിയില്‍ ആദായം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it