സെരോധ: ഇതാ ഒരു റോള്‍ മോഡല്‍

കേള്‍ക്കുമ്പോള്‍ അത്ര പുതുമയൊന്നും തോന്നില്ല- രാജ്യത്തെ ആദ്യത്തെ ഡിസ്‌കൗണ്ട് ബ്രോക്കര്‍ എന്നു വിശേഷിപ്പിക്കാവുന്ന സെരോധയുടെ വിജയരഹസ്യം. ചെറിയ ലാഭം മാത്രമെടുത്ത് കൂടുതല്‍ വില്‍പ്പന നടത്തുകയെന്ന, നാട്ടിന്‍പുറത്തെ തട്ടുകടക്കാരന് പോലുമറിയാവുന്ന ബിസിനസ് വിദ്യ മാത്രമാണത്. എന്നാല്‍ പ്രതിസന്ധികളില്‍ സോപ്പുകുമിളകള്‍ പോലെ പൊട്ടിപ്പോകുന്ന പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് സെരോധയെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്.

പെരുപ്പിച്ചുകാട്ടിയ കണക്കുകളോ, അതുകണ്ട് മാത്രം നിക്ഷേപിക്കാനെത്തുന്ന വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളോ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സോ ഒന്നുമല്ല സെരോധയെ പിടിച്ചുനിര്‍ത്തുന്നത്. ഡിസ്‌കൗണ്ട് ബ്രോക്കറേജിന്റെ ആനുകൂല്യം നേടി ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെത്തുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമായ സെരോധ പണം കണ്ടെത്തുന്നത്.

1500 ഉപഭോക്താക്കള്‍ മാത്രമാണ് 2011ല്‍ സെരോധയ്ക്ക് ഉണ്ടായിരുന്നത്. പത്തു പതിനൊന്ന് വര്‍ഷം കൊണ്ട് അത് 1.02 ദശലക്ഷമായി വളര്‍ന്നു. 1 കോടി രൂപ വരുമാനവുമായി 2011ല്‍ ബ്രേക്ക് ഈവന്‍ ആയ കമ്പനി തൊട്ടടുത്ത വര്‍ഷം 9 കോടി രൂപ വരുമാനവും 2 കോടി രൂപ ലാഭവും ഉണ്ടാക്കി. 2022 സാമ്പത്തിക വര്‍ഷം 4,964 കോടി രൂപയായിരുന്നു സെരോധയുടെ വരുമാനം. അതില്‍ 2,094 കോടി രൂപ ലാഭവും.

70 ശതമാനവും ഫീസിനത്തില്‍

ബ്രോക്കിംഗ്, ട്രേഡിംഗ് ഫീസ് ഇനത്തില്‍ ലഭിക്കുന്നവയാണ് സെരോധയുടെ ആകെ വരുമാനത്തിന്റെ 70 ശതമാനവും. കമ്പനിയുടെ തന്നെ സ്വന്തം ഫണ്ട് ഡെബ്റ്റ് ഫണ്ടുകളിലും എഫ്.ഡിയിലും നിക്ഷേപിച്ചതില്‍ നിന്നുള്ള വരുമാനം 15 ശതമാനം വരും. ഉപയോഗിക്കാതെ കിടക്കുന്ന കസ്റ്റമര്‍ ഫണ്ടില്‍ നിന്ന് 3-3.5 ശതമാനം വരുമാനം കണ്ടെത്തുമ്പോള്‍ അക്കൗണ്ട് ഫീ, വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജുകള്‍, ഡി.പി ചാര്‍ജുകള്‍ തുടങ്ങിയവയിലൂടെയും പണം ലഭിക്കുന്നു.

2016ല്‍ ജിയോ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് വിപ്ലവത്തിന് തിരികൊളുത്തിയപ്പോള്‍ അതിന്റെ ഏറ്റവും വലിയ ആനുകൂല്യം ലഭിച്ച കമ്പനികളിലൊന്നായി സെരോധയും മാറി. ആധാര്‍ അധിഷ്ഠിതമായ വെരിഫിക്കേഷന്‍ കൂടി രാജ്യത്ത് നിലവില്‍ വന്നതോടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ എണ്ണം പെരുകാന്‍ തുടങ്ങി. ഒറ്റ വര്‍ഷം കൊണ്ട് സെരോധയ്ക്ക് പുതുതായി ലഭിച്ചത് 1.70 ലക്ഷം ഉപഭോക്താക്കളെയാണ്. അതുവരെ ഉണ്ടായിരുന്ന ഉപഭോക്താക്കളേക്കാള്‍ കൂടുതല്‍ എണ്ണം ഒറ്റ വര്‍ഷം കൊണ്ട് നേടി.

സെരോധയുടെ സേവനങ്ങള്‍

ഓഹരി, കറന്‍സി, കമ്മോഡിറ്റി, ഐ.പി.ഒ, മ്യൂച്വല്‍ ഫണ്ട് തുടങ്ങി ഓഹരിയുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപ അവസരങ്ങളും സെരോധ നല്‍കുന്നു. അടുത്തിടെയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സ്വീകരിക്കുന്നതിനായുള്ള സെബിയുടെ അനുമതി സെരോധയ്ക്ക് ലഭിച്ചത്. എന്‍.എസ്.ഇ, ബി.എസ്.ഇ, എം.സി.എക്സ് എന്നീ സ്റ്റോക് എക്സ്ചേഞ്ചുകളിലെല്ലാം അംഗത്വവും പ്രവര്‍ത്തനവും സെരോധയ്ക്കുണ്ട്.

കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കുകയും നിക്ഷേപകര്‍ക്ക് പ്രയാസമില്ലാതെ ട്രേഡ് ചെയ്യാനുള്ള പ്ലാറ്റ്ഫോം ലഭ്യമാക്കുകയും ചെയ്തു എന്നിടത്താണ് സെരോധയുടെ വിജയം. കോവിഡ് വ്യാപന കാലത്ത് പുതിയ നിക്ഷേപകര്‍, അതില്‍ കൂടുതലും പുതുതലമുറ, ഓഹരി വിപണിയിലേക്ക് പ്രവേശിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ച കമ്പനികളിലൊന്ന് സെരോധയാണ്. ഇന്ന് 50 ലക്ഷത്തിലേറെ ആക്ടീവ് യൂസേഴ്സ് സെരോധയ്ക്കുണ്ട്.

മുന്നൂറ് കോടി ഡോളര്‍ മൂല്യം

2020ലെ ഹുറൂണ്‍ ഗ്ലോബല്‍ യൂണികോണ്‍ ലിസ്റ്റ് പ്രകാരം 300 കോടി ഡോളറാണ് സെരോധയുടെ മൂല്യം. മറ്റു സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പുറത്തു നിന്നുള്ള നിക്ഷേപകരില്‍ നിന്ന് ഫണ്ട് സ്വീകരിക്കാതെയാണ് സെരോധ വളര്‍ന്നത്. പാര്‍ട്ണര്‍ഷിപ്പ് കമ്പനിയായ സെരോധ രണ്ടു വര്‍ഷം മുമ്പ് അണ്‍ലിസ്റ്റഡ് പബ്ലിക് ലിമിറ്റഡ് കമ്പനിയായി (സെരോധ ബ്രോക്കിംഗ് ലിമിറ്റഡ്) മാറി. പാര്‍ട്ണര്‍മാര്‍ പുതിയ കമ്പനിയിലെ ഡയറക്റ്റര്‍മാരായി.

സെരോധയിലേക്ക് ഫണ്ട് സ്വീകരിക്കാന്‍ കൂട്ടാക്കാത്ത മാനേജ്മെന്റ്, റെയ്ന്‍മാറ്റര്‍ എന്ന കമ്പനി രൂപീകരിച്ച് ഫിന്‍ടെക് കമ്പനികളില്‍ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുന്നു. ഗ്രോ ഫിക്സ് (14.60 കോടി രൂപ), ഇ.ആര്‍.പി നെക്സ്റ്റ് (10 കോടി), വാല്‍നട്ട് നോളജ് സൊല്യൂഷന്‍സ് (2.70 കോടി), ഗോള്‍ഡന്‍പൈ (35 ലക്ഷം), ഐ.എം സട്രോംഗ് ഹെല്‍ത്ത് & വെല്‍നെസ് (2.92 കോടി), ക്വിക്കോ ഡോട്ട് കോം (2.19 കോടി രൂപ) തുടങ്ങിയവയിലെല്ലാം റെയ്ന്‍മാറ്ററിന് നിക്ഷേപമുണ്ട്.

ചെലവ് കുറയ്ക്കലിന്റെ സെരോധ മോഡല്‍

ചെലവ് കുറയ്ക്കുക എന്നത് മാത്രമാണ് കമ്പനി ലാഭത്തിലാകാന്‍ വേണ്ടതെന്ന ഉറച്ച ബോധ്യമാണ് കാമത്ത് സഹോദരങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് സേവനങ്ങള്‍ നല്‍കുന്നത് എന്നതിനാല്‍ ഫിസിക്കല്‍ ബ്രാഞ്ചുകളുടെ ആവശ്യം വരുന്നില്ല എന്നത് തുടക്കം മുതല്‍ തന്നെ സെരോധയ്ക്ക് നേട്ടമായി. മാര്‍ക്കറ്റിംഗ് ചെലവുകള്‍ കുറയ്ക്കുക, പരസ്യത്തിനായി അമിതമായി ചെലവിടുന്നത് ഒഴിവാക്കുക എന്നതായിരുന്നു നിര്‍ണായകമായ മറ്റു തീരുമാനങ്ങള്‍.

അതേസമയം ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചവരുത്തിയുമില്ല. നിലവില്‍ 1100ലേറെ പേരാണ് സെരോധയില്‍ ജോലി ചെയ്യുന്നത്. മാര്‍ക്കറ്റിംഗ് ചെലവുകള്‍ എപ്പോള്‍ വേണമെങ്കിലും കുറയ്ക്കാനാകും. എന്നാല്‍ ജീവനക്കാരുടെ കാര്യത്തില്‍ അങ്ങനെയല്ല, നിയമിച്ച ഉടനെ പറഞ്ഞുവിടാനാവില്ല. അതുകൊണ്ട് ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കുന്നു, എന്നാണ് നിതിന്‍ കാമത്തിന്റെ ലൈന്‍.

ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സെരോധ ശ്രമിക്കുമ്പോള്‍ തന്നെ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ (FOSS) പ്ലാറ്റ്ഫോം ഉപയോഗിക്കുകയും ചെയ്യുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (CRM), എച്ച്.ആര്‍ മാനേജ്മെന്റ് സിസ്റ്റംസ് (HRMS) തുടങ്ങി എല്ലാം എഫ്.ഒ.എസ്.എസ് പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ കമ്പനിക്ക് കഴിയുന്നു. കമ്പനിയുടെ ടെക്നോളജി വിഭാഗത്തില്‍ 30 പേരാണ് ജോലി ചെയ്യുന്നത്. അതില്‍ തന്നെ 10-15 ദശലക്ഷം ഓര്‍ഡറുകള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്ന ട്രേഡിംഗ് പ്ലാറ്റ്ഫോമിനെ മാനേജ് ചെയ്യുന്നത് കേവലം നാലു പേരുടെ സംഘമാണ്.

ഉപഭോക്താവിനായി പണം മുടക്കില്ല

ഉപഭോക്താക്കളെ നേടാനായി പണം മുടക്കാനൊന്നും സെരോധ തയാറല്ല. ഒരു ഇടപാടില്‍ 20 രൂപ ഫീസ് നേടുകയും ആ ഉപഭോക്താവിനെ ലഭിക്കാന്‍ 10,000 രൂപ ചെലവിടുകയും ചെയ്യുന്നതില്‍ എന്താണ് യുക്തിയെന്ന് നിതിന്‍ ചോദിക്കുന്നു. മറ്റു കമ്പനികളെ പോലെ നിരവധി ഓഫറുകളും അപ്ഡേറ്റുകളുമായി കാടടച്ച് വെടിവെയ്ക്കുന്ന ശീലം ഇവിടെയില്ല. മറിച്ച് സെരോധ ആപ്പില്‍ നിന്ന് അടക്കം ലഭിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തില്‍ സെയ്ല്‍സ് ടീം ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുന്നു. അത് രജിസ്ട്രേഷനിലേക്ക് നീങ്ങുമ്പോള്‍ ഓരോ ഉപഭോക്താവില്‍ നിന്നും സെരോധയ്ക്ക് ഫീസിനത്തില്‍ 200 രൂപ ലഭിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ നെഗറ്റീവ് കസ്റ്റമര്‍ അക്വസിഷന്‍ കോസ്റ്റ് (CAC) എന്നു തന്നെ പറയാം.

തുറന്നുപറയലുകളുടെ തോഴന്‍

സ്റ്റോക്ക് ബ്രോക്കിംഗ് രംഗത്താണ് പ്രവര്‍ത്തനമെങ്കിലും എല്ലാവരും എല്ലായ്‌പ്പോഴും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെന്ന രീതിയിലൊന്നും സെരോധ സാരഥികള്‍ സംസാരിക്കാറേയില്ല. ഓരോ വിപണി സാഹചര്യങ്ങളിലും നിക്ഷേപകര്‍ സന്തുലിതമായ കാഴ്്ച്ചപ്പാട് ലഭിക്കും വിധം അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ശീലമാണ് നിതിന്‍ കാമത്തിനുള്ളത്. ഓഹരി നിക്ഷേപം റിസ്‌കിയാണെന്ന് പലവട്ടം പറഞ്ഞിട്ടുള്ള നിതിന്‍ കാമത്ത് അടുത്തിടെ നിക്ഷേപകര്‍ കൂടുതല്‍ നേട്ടം ഉറപ്പു പറയുന്ന നിക്ഷേപ മേഖലകള്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന് പറയുകയും ചെയ്തിരുന്നു. സമീപകാലത്ത് ഓഹരി വിപണിയിലുണ്ടായ പ്രശ്‌നങ്ങളും ചാഞ്ചാട്ടങ്ങളും മൂലം പുതിയ നിക്ഷേപകരുടെ കടന്നുവരവില്‍ കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഓരോ വര്‍ഷവും നേടുന്ന ലാഭത്തിന്റെ 10-15 ശതമാനം വേതന വര്‍ധനവിനും ബോണസ് നല്‍കാനും വേണ്ടിയാണ് സെരോധ സാരഥികള്‍ നീക്കിവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ ടീമിലെ ഓരോ അംഗവും ലാഭം കൂട്ടുന്നതിനാണ് ശ്രദ്ധ വെയ്ക്കുന്നതെന്ന് സെരോധയുടെ സാരഥികള്‍ പറയുന്നുണ്ട്.

രാജ്യത്തെ ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ വാല്യേഷന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ തിരക്കുകൂട്ടിയപ്പോഴും സെരോധ അവിടെയും വ്യത്യസ്തമാകുകയാണ്. കമ്പനിയുടെ 85 ശതമാനം ഓഹരികളും സ്ഥാപകടീമിന്റെ കൈയിലാണ്. ബാക്കിയുള്ളവ എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍സ് വഴി ടീമംഗങ്ങളുടെ കൈവശവും. കമ്പനിക്ക് മൂലധനം ആവശ്യമില്ലെങ്കില്‍ ലിസ്റ്റിംഗ് വെറും പൊങ്ങച്ചം കാട്ടാനുള്ള വഴി മാത്രമാണെന്ന അഭിപ്രായമാണ് സെരോധ സാരഥികളുടേത്.

സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പത്തിന്റെ കാല്‍ഭാഗത്തോളം മാറ്റിവെയ്ക്കാന്‍ മടികാണിക്കാത്ത കാമത്ത് സഹോദരങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് സാധാരണ ഓഹരി നിക്ഷേപകന്റെ താല്‍പ്പര്യങ്ങളാണ്. ലാഭവും വാല്യേഷനുമെല്ലാം തങ്ങളുടെ ബിസിനസിന്റെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണെന്ന് പലവട്ടം പറഞ്ഞിട്ടുള്ള കാമത്ത് സഹോദരങ്ങള്‍ പിന്തുടരുന്ന ഫിലോസഫിയാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വഴിവിളക്കാവുന്നതും.

ഫോര്‍ച്യൂണ്‍ ഇന്ത്യ-വാട്ടര്‍ഫീല്‍ഡ് അഡൈ്വസേഴ്സ് 2022 റാങ്കിംഗ് പ്രകാരം കാമത്ത് സഹോദരങ്ങളുടെ അറ്റ ആസ്തി 14,130 കോടി രൂപയാണ്. സെരോധയുടെ വരുമാനത്തിന്റെ 70 ശതമാനവും ബ്രോക്കിംഗ് & ട്രേഡിംഗ് ഫീസ് വഴിയാണ്. 15 ശതമാനം ട്രഷറി വരുമാനവും. സെരോധയുടെ ട്രേഡിംഗ് വരുമാനത്തിന്റെ 85 ശതമാനവും 10-20 ശതമാനം ട്രേഡേഴ്സില്‍ നിന്നാണ്. ട്രേഡിംഗ് പ്ലാറ്റ്ഫോമുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് യൂസേഴ്സ് ഉള്ളത് സെരോധയ്ക്കാണ്. ആര്‍.കെ.എസ്.വി(അപ്സ്റ്റോക്) (13.9 %), ഐ-സെക് (9 %), ഏയ്ഞ്ചല്‍ (9%), എച്ച്.ഡി.എഫ്.സി സെക് (6.6%), നെക്സ്റ്റ് ബില്യണ്‍ (ഗ്രോ)(4.1 %) എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ പങ്കാളിത്തം.

സെരോധ: ദി ഗെയിം ചെയ്ഞ്ചര്‍

ഏതൊരു സ്റ്റാര്‍ട്ടപ്പ് സംരംഭകനും മാതൃകയാക്കാവുന്ന പ്രവര്‍ത്തന ശൈലിയാണ് സെരോധയുടേത്. 145 വര്‍ഷത്തിലേറെയായി സ്റ്റോക് ബ്രോക്കിംഗ് രംഗത്ത് നടന്നുവന്ന സമ്പ്രദായങ്ങളെയാണ് സെരോധ മാറ്റിമറിച്ചത്. ഈ രംഗത്ത് എന്തൊക്കെ മാറ്റങ്ങളാണ് ഉപഭോക്താവിന് വേണ്ടത് എന്ന നിരവധി വര്‍ഷത്തെ സ്വാനുഭവ ബോധ്യത്തില്‍ നിന്നാണ് കാമത്ത് സഹോദരങ്ങള്‍ സെരോധയുടെ ശൈലി രൂപപ്പെടുത്തിയത്.

സുതാര്യത: ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് ഈ മേഖല. സാധാരണക്കാരന് മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടും. ഇടനിലക്കാരന് മുതലെടുപ്പ് നടത്താന്‍ ഇത് അവസരമൊരുക്കിയിരുന്നു. സുതാര്യത കൊണ്ടുവന്നതിലൂടെ സെരോധ ഈ പ്രവണതയ്ക്ക് തടയിട്ടു.

ഓണ്‍ലൈന്‍ പ്രവര്‍ത്തനം: ഓണ്‍ലൈന്‍ ടെര്‍മിനലിലേക്ക് സബ് ബ്രോക്കര്‍മാര്‍ക്ക് മാത്രം പ്രവേശനം നല്‍കുകയും ഉപഭോക്താവിന് ഓഫ്ലൈനിലൂടെ മാത്രം സേവനം നല്‍കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപഭോക്താവിന് തുറന്നിട്ട് സെരോധ പുതിയ വഴിവെട്ടിത്തുറന്നു.

ബ്രോക്കറേജ് ശതമാനക്കണക്കില്‍: ട്രേഡിംഗ് തുകയ്ക്ക് ആനുപാതികമായ ശതമാനം ഫീസായി ബ്രോക്കറേജ് കമ്പനികള്‍ ഈടാക്കുന്ന ശീലമാണ് ഈ രംഗത്തുണ്ടായിരുന്നത്. അതിന് വിപരീതമായി സിഡ്കൗണ്ട് ബ്രോക്കറേജ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ കമ്പനിയായി സെരോധ മാറി. എത്ര തുകയുടേതായാലും ഒരു ഇടപാടിന് 20 രൂപ അല്ലെങ്കില്‍ 0.3 ശതമാനം ആണ് ബ്രോക്കറേജ്.

സാധാരണക്കാരുടെ കൈകളിലേക്ക്: മുമ്പ് ട്രേഡിംഗ് നടത്തിയിരുന്നവരുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ സെരോധയുടെ വരവോടെ സാധാരണക്കാര്‍ക്ക് പോലും ഓണ്‍ലൈന്‍ ട്രേഡിംഗിന് അവസരമൊരുങ്ങി.

സെരോധയുടെ തുടക്കം

സഹോദരങ്ങളായ നിതിന്‍ കാമത്തിന്റെയും നിഖില്‍ കാമത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് സെരോധ. ബാങ്ക് ജീവനക്കാരനായ രഘുറാം കാമത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകയും സംഗീതജ്ഞയുമായ രേവതി കാമത്തിന്റെയും മക്കളാണ് നിതിനും നിഖിലും. ബംഗളൂരുവിലായിരുന്നു പഠനം. ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ നിതിന്‍ തന്റെ 17ാമത്തെ വയസില്‍ തന്നെ ട്രേഡിംഗ് തുടങ്ങി.

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനായുള്ള പണം കോള്‍ സെന്ററില്‍ പണിയെടുത്ത് നേടാനായിരുന്നു തീരുമാനം. അങ്ങനെ രാത്രി കോള്‍ സെന്ററിലെ ജോലി, പകല്‍ ട്രേഡിംഗ് എന്നായി ജീവിതം. അതിനിടെയാണ് ജീവിത പങ്കാളിയായ സീമ പാട്ടീലിനെ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും.

കോള്‍ സെന്ററിലെ ജോലി മടുത്തപ്പോള്‍ 2004ല്‍ റിലയന്‍സ് മണിയുടെ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിച്ചു തുടങ്ങി. പ്രെപ്രൈറ്ററി ട്രേഡിംഗും അഡൈ്വസറി സേവനങ്ങളുമാണ് അതിലൂടെ നടത്തിയത്. ട്രേഡിംഗ് മേഖലയിലെ നിതിന്റെ മികവ് കണ്ട് പലരും ഉപദേശം തേടി എത്തിയപ്പോഴാണ് സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.

അങ്ങനെ 2010ല്‍ സെരോധയ്ക്ക് തുടക്കമിട്ടു. നിതിനും ഭാര്യ സീമയും കൂടെ കൂടി. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഇന്ത്യന്‍ ട്രേഡിംഗ് മേഖലയിലെ ഏറ്റവും വലിയ കമ്പനിയായി മാറിയിരിക്കുന്നു, സെരോധ. സീറോ എന്ന ഇംഗ്ലീഷ് വാക്കും രോധ (തടസം) എന്ന സംസ്‌കൃതം വാക്കും കൂട്ടിച്ചേര്‍ത്താണ് പേരിട്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it