ഐപിഒ വിപണി പിടിക്കാൻ പുതിയ നീക്കം, സെറോദ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗിലേക്ക്; മർച്ചന്റ് ബാങ്കർ ലൈസൻസിന് അപേക്ഷിച്ചു

നിലവിൽ ഇന്ത്യയിൽ 246 മർച്ചന്റ് ബാങ്കർമാരാണ് പ്രവർത്തിക്കുന്നത്
Nikhil Kamath
Published on

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളിലൊന്നായ സെറോദ (Zerodha), ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് രംഗത്തേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി മർച്ചന്റ് ബാങ്കിംഗ് ലൈസൻസിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI) അപേക്ഷ സമർപ്പിച്ചു. സെറോദ കോർപ്പറേറ്റ് അഡ്വൈസേഴ്‌സ് (Zerodha Corporate Advisors) മുഖേനയാണ് ലൈസൻസിനായി അപേക്ഷ നൽകിയിരിക്കുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപേക്ഷയും ലക്ഷ്യങ്ങളും

ലൈസൻസ് ലഭിക്കുകയാണെങ്കിൽ, നിലവിലെ ബ്രോക്കിംഗ് സേവനങ്ങൾക്ക് പുറമെ മൂലധന വിപണിയിലെ പ്രധാന ഇടപാടുകളായ ഐപിഒകൾ (IPO), എഫ്പിഒകൾ (FPO), റൈറ്റ്സ് ഇഷ്യൂകൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ സെറോദയ്ക്ക് സാധിക്കും. സെബിയിൽ നിന്ന് ലൈസൻസ് ലഭിച്ച ശേഷം മാത്രമേ തങ്ങളുടെ വിശദമായ ബിസിനസ് പദ്ധതികൾ വ്യക്തമാക്കാൻ സാധിക്കൂവെന്ന് കമ്പനി വക്താവ് അറിയിച്ചു.

വിപണിയിലെ സാഹചര്യം

ഇന്ത്യയിലെ സജീവമായ പ്രൈമറി മാർക്കറ്റിലെ അവസരങ്ങൾ ലക്ഷ്യമിട്ട് സെറോദയ്‌ക്കൊപ്പം സൊസൈറ്റി ജനറൽ സെക്യൂരിറ്റീസ്, ഇൻക്രെഡ് ക്യാപിറ്റൽ തുടങ്ങി 12 ഓളം മറ്റ് സ്ഥാപനങ്ങളും മർച്ചന്റ് ബാങ്കിംഗ് ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ 246 മർച്ചന്റ് ബാങ്കർമാരാണ് പ്രവർത്തിക്കുന്നത്. ജൂൺ 5 ന് ലൈസൻസ് ലഭിച്ച കാപ്രി ഗ്ലോബലാണ് (Capri Global) ഈ പട്ടികയിലെ ഏറ്റവും പുതിയ അംഗം.

പുതിയ നിയന്ത്രണങ്ങൾ: അടുത്തിടെ മർച്ചന്റ് ബാങ്കർമാർക്കായുള്ള മാനദണ്ഡങ്ങൾ സെബി കർശനമാക്കിയിട്ടുണ്ട്. നെറ്റ് വർത്ത്, കംപ്ലയൻസ്, ഓപ്പറേഷണൽ ആവശ്യകതകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സാമ്പത്തിക സുരക്ഷിതത്വവും നിക്ഷേപക സംരക്ഷണവും വർദ്ധിപ്പിക്കാനാണ് സെബി ലക്ഷ്യമിടുന്നത്. പുതിയ നിയമങ്ങൾ പ്രകാരം മർച്ചന്റ് ബാങ്കർമാരുടെ അണ്ടർറൈറ്റിംഗ് ബാധ്യതകൾ (Underwriting obligations) അവരുടെ ലിക്വിഡ് നെറ്റ് വർത്തിന്റെ 20 ഇരട്ടിയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കടുത്ത നിയമങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സെറോദ ഈ പുതിയ മേഖലയിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com