'വീണ്ടും 2008 പോലെ, വിപണി കുത്തനെ ഇടിഞ്ഞാല്‍'...നിതിന്‍ കാമത്തിന്റെ ഭയം സത്യമാകുമോ?

സിരോദ സ്ഥാപകന്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു
Nithin Kamath
Published on

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന്റെ നട്ടെല്ലെന്ന് പറയുന്നത് റീട്ടെയില്‍ നിക്ഷേപകരാണ്. ആഗോള തലത്തിലെ നഷ്ട സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ഓരോ ഇടിവിലും അവര്‍ വാങ്ങലുകാരായി നിലകൊണ്ടു. എന്നാല്‍ വിപണികള്‍ കൂടുതല്‍ തകര്‍ന്നാല്‍ ഈ നിശ്ചയദാര്‍ഢ്യം നിലനില്‍ക്കുമെന്ന് ഉറപ്പില്ലെന്ന് സിരോദ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. കുത്തനെയുള്ള ഇടിവ് റീട്ടെയില്‍ നിക്ഷേപകരെ വര്‍ഷങ്ങളോളം ഇക്വിറ്റികളില്‍ നിന്ന് അകറ്റിയേക്കാമെന്നും 2008 വീണ്ടും ആവര്‍ത്തിക്കുമെന്നുമാണ് നിതിന്‍ കാമത്ത് പറയുന്നത്..സാമൂഹ്യമാധ്യമമായ എക്‌സിലാണ് നിതിന്‍ കാമത്ത് തന്റെ ഭയാശങ്കകള്‍ പങ്കുവച്ചത്.

വിപണിയിലെ ചാഞ്ചാട്ടവും യുഎസ് താരിഫ് മൂലമുണ്ടായ ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കുമിടയിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

വിപണിയിലുണ്ടാകുന്ന ആഴത്തിലുള്ള തിരുത്തല്‍ 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുണ്ടായതുപോലെ, റീട്ടെയില്‍ നിക്ഷേപകരെ ദീര്‍ഘകാലത്തേക്ക് വിപണിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നാണ് നിതിന്‍ കാമത്ത് സൂചന നല്‍കുന്നത്.

നിക്ഷേപകരെ തകര്‍ത്ത 2008

2008ലെ സാമ്പത്തിക മാന്ദ്യകാലത്ത്‌ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടമുണ്ടായി. പോര്‍ട്ട്‌ഫോളിയോ മൂല്യങ്ങള്‍ 30 ശതമാനത്തിലധികം ഇടിഞ്ഞു, ഇത് ആത്മവിശ്വാസവും റിസ്‌ക് എടുക്കാനുള്ള ശേഷിയും ഇല്ലാതാക്കി. പലരും, പ്രത്യേകിച്ച് പ്രായമായ നിക്ഷേപകര്‍ വര്‍ഷങ്ങളോളം ഓഹരികളില്‍ നിന്ന് വിട്ടുനിന്നു.

ഇന്ത്യയില്‍, സെന്‍സെക്‌സ് 2008 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 60 ശതമാനത്തിലധികം ഇടിഞ്ഞു, 21,206 ല്‍ നിന്ന് 8,160 ലേക്ക് കൂപ്പുകുത്തി. പിന്നീട് റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങളും ആഗോള പണമൊഴുക്ക് പുനരാരംഭിച്ചതുമൊക്കെ തിരിച്ചുവരവിന് വഴിയൊരുക്കിയെങ്കിലും സെന്‍സെക്‌സിന് പഴയ നിലവാരം തിരിച്ചു പിടിക്കാന്‍ ഏകദേശം രണ്ട് വര്‍ഷം വേണ്ടി വന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അതിലേറെ സമയവും എടുത്തു.

ഇന്ത്യന്‍ വിപണികള്‍ ഇപ്പോള്‍ വീണ്ടും തകര്‍ച്ചയിലൂടെ കടന്നു പോകുന്ന സമയത്താണ് കാമത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച സെന്‍സെക്‌സ് 1,000 പോയിന്റെ തിരിച്ചു വരവ് കാണിച്ചുവെങ്കിലും അതിനു മുമ്പുള്ള മൂന്ന് ദിവസത്തെ കനത്ത വില്‍പ്പനയില്‍ 24 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് നഷ്ടമായത്.

ഇന്നലത്തെ തിരിച്ചുവരവ് ആശ്വാസമാണെങ്കിലും നഷ്ടസാധ്യത ഉയര്‍ന്ന നിലയില്‍ തുടരുമെന്നും ആഗോള സൂചനകള്‍ വഷളായാല്‍ നിക്ഷേപകരുടെ വികാരം വേഗത്തില്‍ മാറുമെന്നുമാണ് അനലിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com