സൊമാറ്റോ ഐപിഒ നാളെ മുതല്‍; സബ്‌സ്‌ക്രൈബ് ചെയ്യും മുമ്പ് അറിയേണ്ടതെല്ലാം

ഐപിഒകളുടെ പൊടിപൂരമാണ് ഈ മാസം ഓഹരി വിപണി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. അതില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഐപിഓകള്‍ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നുവെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതുതായി വിപണിയിലേക്കിറങ്ങുന്നത് രാജ്യത്തെ ഒന്നാം നമ്പര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയാണ്. ജൂലൈ 14 മുതല്‍ 16 വരെയായിരിക്കും സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്‍പന (IPO).

9,000 കോടി രൂപയുടെ പുതിയ ലക്കമായും ഷെയര്‍ ഹോള്‍ഡര്‍മാരായ ഇന്‍ഫോ എഡ്ജിന്റെ 375 കോടി രൂപ വില വരുന്ന ഓഫര്‍ ഫോര്‍ സെയ്ല്‍ (OFS) ഓഹരികളായുമാണ് വില്‍പ്പന നടക്കുക. നിക്ഷേപകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഐപിഒ ആണിത്. കാരണം ഒരു ജിഗ് ഇക്കോണമിയിലേക്ക് വളര്‍ന്ന് വരുന്ന രാജ്യത്തെ ഏറ്റവും സാധ്യതകളുള്ള കമ്പനികളിലൊന്നാണ് സൊമാറ്റോ.
1993 ല്‍ ഐടി സെക്റ്ററിലെ ഒരു ഇന്ത്യന്‍ കമ്പനിയായി ഇന്‍ഫോസിസ് ഐപിഓയ്ക്ക് ഇറങ്ങുമ്പോള്‍ തികച്ചും അപരിചിതവും എന്നാല്‍ നിക്ഷേപകരെ ഞെട്ടിച്ച്‌കൊണ്ട് മികച്ച നേട്ടവും വിപണിയില്‍ കാത്തിരിപ്പുണ്ടായിരുന്നു. ഇന്ന് രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ്. പരിചിതമല്ലാത്ത മേഖലയില്‍ എന്നാല്‍ വളര്‍ച്ചാ സാധ്യത ഏറെയുള്ള ഒരു മേഖലയിലേക്ക് നിക്ഷേപകരായെത്തിയവര്‍ ഇന്ന് ഇന്‍ഫോസിസ് ഓഹരി ഉടമകളായി മികച്ച നേട്ടം സ്വന്തമാക്കുന്നു.
സൊമാറ്റോ വിപണി അരങ്ങേറ്റവും ഏറെക്കുറെ സാമ്യമുള്ളതാണ്. മുമ്പ് പരിചിതമല്ലാതിരുന്ന ഓണ്‍ലൈന്‍ ഭക്ഷ്യ മേഖലയിലേക്ക് ഏറ്റവും പെട്ടെന്ന് വളര്‍ന്നു പന്തലിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി ഫണ്ട് ശേഖരണത്തിലൂടെ ഈയടുത്ത് അവരുടെ നെറ്റ് വര്‍ത്തും കൂട്ടിയിട്ടുണ്ട്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ വലിയ ലാഭത്തിലല്ല കമ്പനി എങ്കില്‍ പോലും സോമാറ്റോ പോലുള്ള യൂണികോണുകളുടെ സ്വഭാവം പരിശോധിക്കുമ്പോള്‍, വ്യവസായത്തിന്റെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത, ശക്തമായ ബ്രാന്‍ഡ് ഇമേജ്, ആദ്യകാല മൂവബ്ള്‍ അഡ്വാന്റേജ്, ശക്തമായ നെറ്റ്വര്‍ക്ക് എന്നിവ വളര്‍ച്ചാ സാധ്യതയായി വിലയിരുത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഫുഡ് ഡെലിവറി സര്‍വീസ് വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് പുറമെ ഇടക്കാലത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്ന ഗ്രോസറി വിഭാഗം, ഡോര്‍ ഡെലിവറി സര്‍വീസ് എന്നിവ പോലുള്ളവയ്ക്കായി വ്യത്യസ്തമായ ആപ്പുകളും കമ്പനിയുടെ വരുംകാല പദ്ധതികളായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദീര്‍ഘകാല നേട്ടത്തിനായി ഓഹരി വിപണിയിലെ വ്യത്യസ്ത മേഖലയിലേക്ക് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരെ സൊമാറ്റോ നിരാശരാക്കിയേക്കില്ല.
സബ്‌സ്‌ക്രൈബ് ചെയ്യും മുമ്പ് ചില കാര്യങ്ങള്‍:
കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്റെ ആഗോള കോ-ഓര്‍ഡിനേറ്റര്‍മാരും ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരും.
ബോഫ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
ഓരോ ഇക്വിറ്റി ഷെയറിനും 72 രൂപ മുതല്‍ 76 രൂപ വരെയായിരിക്കും പ്രൈസ് ബാന്‍ഡ്.
നിക്ഷേപകര്‍ക്ക് കുറഞ്ഞത് 195 ഓഹരികള്‍ക്കോ അതിന്റെ ഗുണിതങ്ങളായോ മാത്രമേ അപേക്ഷിക്കാനാകൂ.
9000 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും എഡ്ജ് ഇന്ത്യ വില്‍ക്കുന്ന 375 കോടി രൂപയുടെ ഓഹരികളും ഉള്‍പെട്ടതാണ് ഐപിഒ.
സൊമാറ്റോയുടെ അര്‍ഹരായ ജീവനക്കാര്‍ക്കായി 6,500,000 ഓഹരികള്‍ നീക്കി വച്ചിട്ടുണ്ട്. 15 ശതമാനം സ്ഥാപന ഇതര വിഭാഗത്തിന്, 10 ശതമാനം ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്ക് എന്നിങ്ങനെയാണ് ഓഹരികള്‍.
ജൂലൈ 22 ന് അലോട്ട്‌മെന്റ് നടത്തി ജൂലൈ 27 ന് ഇക്വിറ്റി ഷെയറുകള്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ ലിസ്റ്റുചെയ്യും.


Related Articles
Next Story
Videos
Share it