844 കോടി രൂപയുടെ വരുമാനവളര്‍ച്ച നേടിയിട്ടും സൊമാറ്റോ നഷ്ടത്തില്‍; കാരണമിതാണ്

ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ആകെ വരുമാനം 844 കോടിയായി ഉയര്‍ന്നിട്ടും സൊമാറ്റോയ്ക്ക് കനത്തനഷ്ടം. ഇത്തവണ ഇന്ത്യയില്‍ നിന്നു മാത്രം 806 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. യുഎഇ യില്‍ നിന്നും 31 കോടിയും മറ്റ് വിപണികളിലേതു കൂടെ ചേര്‍ത്ത് 844 കോടി രൂപയാണ് ആകെ വരുമാനം രേഖപ്പെടുത്തിയത്.

സൊമാറ്റോ ആകെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനവും ഉപഭോക്തൃ ഡെലിവറി ചാര്‍ജുകളും ചേര്‍ന്നുള്ളവരുമാനമാണ് 844 കോടി രേഖപ്പെടുത്തിയിട്ടുള്ളത്.
മാര്‍ച്ച് പാദത്തില്‍ ഏകദേശം 920 കോടി രൂപമാത്രമായിരുന്ന ഡെലിവറി ചാര്‍ജുകള്‍ ജൂണ്‍ പാദത്തില്‍ 26% വര്‍ധിച്ച് 1,160 കോടി രൂപയായതായും രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൊന്നായ സൊമാറ്റോ പറയുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ നഷ്ടം 168 ശതമാനം വര്‍ധിച്ച് 360 കോടി രൂപയായതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഏപ്രില്‍ മുതല്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമായിട്ടും സൊമാറ്റോ മികച്ച ബിസിനസ് നിലനിര്‍ത്തി. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ അധിക ചെലവ് കമ്പനിക്ക് ഈ പാദത്തില്‍ നഷ്ടം രേഖപ്പെടുത്താനുള്ള കാരണങ്ങളിലൊന്നായി. ഇക്കഴിഞ്ഞ മാസമാണ് സൊമാറ്റോ ഐപിഒ നടത്തിയത്. പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കായുള്ള ഒരുക്കത്തിലുമാണ് കമ്പനി.
ഇത് കൂടാതെ ജീവനക്കാര്‍ക്കായുള്ള ഇഎസ്ഓപി സ്‌കീം ഗ്രാന്റുകള്‍ വര്‍ധിപ്പിച്ചതും ചെലവു കൂടാന്‍ കാരണമായതായി സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദീപീന്ദര്‍ ഗോയല്‍ സ്‌റ്റോക്ക് എക്‌സചേഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം സൊമാറ്റോ വളരുകയാണ്, 2015 ല്‍ ബിസിനസ്സില്‍ പ്രവേശിച്ചതിനുശേഷം 1 ബില്ല്യണ്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്തതായും അതില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മാത്രം 100 ദശലക്ഷത്തിലധികം ഓര്‍ഡറുകള്‍ വിതരണം ചെയ്തതായും ഗോയല്‍ ട്വീറ്റ് ചെയ്യുന്നു.


Related Articles
Next Story
Videos
Share it