വീണ്ടും ക്ലോസിങ് ഓക്‌ഷൻ ചട്ടങ്ങളിൽ മാറ്റവുമായി സെബി; നിക്ഷേപകരെയും ട്രേഡര്‍മാരെയും എങ്ങനെ ബാധിക്കും?

ഡിസംബർ 7 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും; എക്‌സ്പെയറി ദിനങ്ങളിലെ കണക്കുകൂട്ടലുകൾക്ക് പഴയ VWAP രീതി തിരിച്ചുകൊണ്ടുവന്നു
options trading
canva
Published on: 

ഓഹരി വിപണിയിലെ ക്ലോസിങ് സമയത്തെ അനാവശ്യ ചാഞ്ചാട്ടങ്ങൾക്കും (Volatility) വില കൃത്രിമത്വങ്ങൾക്കും തടയിടാൻ ക്ലോസിങ് ഓക്‌ഷൻ സെഷൻ (CAS) ചട്ടങ്ങളിൽ നിർണായക മാറ്റങ്ങളുമായി വിപണി നിയന്ത്രണ ഏജൻസിയായ സെബി (SEBI). ആഗസ്റ്റ് 3-ന് നടപ്പിലാക്കിയ നിലവിലെ സിഎഎസ് സംവിധാനത്തിൽ വിപണി പങ്കാളികൾ നേരിട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ പരിഷ്കാരം.

ഒക്ടോബർ 15-ന് പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം, ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ സെറ്റിൽമെന്റ് വില നിശ്ചയിക്കാൻ അവസാന 30 മിനിറ്റിലെ വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) രീതിയിലേക്ക് സെബി വീണ്ടും മടങ്ങിപ്പോകും. പുതിയ മാറ്റങ്ങൾ 2026 ഡിസംബർ 7 മുതൽ പ്രാബല്യത്തിൽ വരും.

എന്തുകൊണ്ടാണ് സെബി ചട്ടങ്ങൾ മാറ്റിയത്?

കഴിഞ്ഞ ആഗസ്റ്റ് മുതൽ നടപ്പിലാക്കിയ സംവിധാനത്തിൽ ക്യാഷ് മാർക്കറ്റിലെ കുറഞ്ഞ പങ്കാളിത്തം കാരണം വലിയ ഓർഡറുകൾ വരുമ്പോൾ ഓഹരി വിലകളിൽ വലിയ ചാഞ്ചാട്ടങ്ങൾ പ്രകടമായിരുന്നു. പ്രത്യേകിച്ച് ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് (F&O) എക്‌സ്പെയറി ദിനങ്ങളിൽ അടിസ്ഥാന ഓഹരികളുടെയും ഇൻഡക്സുകളുടെയും വിലയിലുണ്ടായ ഈ പെട്ടെന്നുള്ള വ്യതിയാനം ഓപ്ഷൻ പ്രീമിയങ്ങളെ വൻതോതിൽ ബാധിച്ചു.

ഇതുമൂലം, യാതൊരു ഇൻട്രിൻസിക് വാല്യൂവും ഇല്ലാതിരുന്ന 'ഔട്ട്-ഓഫ്-ദി-മണി' (OTM) ഓപ്ഷനുകൾ അവസാന നിമിഷങ്ങളിൽ പെട്ടെന്ന് 'ഇൻ-ദി-മണി' (ITM) ആയി മാറുകയും നിക്ഷേപകർക്കും ട്രേഡർമാർക്കും പ്രതീക്ഷിക്കാത്ത സാമ്പത്തിക ബാധ്യതകളും ഡെലിവറി ഭാരവും ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ആർബിട്രേജ് ട്രേഡർമാരും പ്രൊപ്പൈറ്ററി ട്രേഡർമാരും ക്ലോസിങ് ഓക്‌ഷനിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിരുന്നു.

ഇനി ക്ലോസിങ് സെഷൻ എങ്ങനെ നടക്കും?

പുതിയ നിർദ്ദേശപ്രകാരം ക്ലോസിങ് ഓക്‌ഷന്റെ ആകെ ദൈർഘ്യം 15 മിനിറ്റിൽ നിന്ന് 10 മിനിറ്റായി ചുരുക്കി.

  • വൈകുന്നേരം 3.30 PM: ട്രേഡിങ് സെഷനിൽ നിന്ന് സിഎഎസിലേക്കുള്ള മാറ്റത്തിനായി 1 മിനിറ്റ് സമയമെടുക്കും (നേരത്തെ ഇത് 5 മിനിറ്റായിരുന്നു). ഈ സമയം റഫറൻസ് വില കണക്കാക്കും.

  • 3.31 PM - 3.36 PM (ഓർഡർ എൻട്രി): വിപണി പങ്കാളികൾക്ക് ലിമിറ്റ്, മാർക്കറ്റ് ഓർഡറുകൾ നൽകാം.

  • 3,36 PM - 3.40 PM (ഓർഡർ മാച്ചിങ്): സിസ്റ്റം സ്വയം ഓർഡറുകൾ മാച്ച് ചെയ്ത് ഇക്വിലിബ്രിയം പ്രൈസ് കണ്ടെത്തും. ഇതിൽ 3:38 മുതൽ 3:40 വരെയുള്ള സമയം റാൻഡം ക്ലോസിങ് ആയിരിക്കും.

കൂടാതെ, ഡെറിവേറ്റീവ് ട്രേഡിങ് എല്ലാ സാധാരണ ദിവസങ്ങളിലും വൈകുന്നേരം 3.45 വരെ തുടരും. എന്നാൽ ഇൻഡക്സ് ഡെറിവേറ്റീവുകൾക്ക് എക്‌സ്പെയറി ദിനങ്ങളിൽ ട്രേഡിങ് 3:30-ന് തന്നെ അവസാനിക്കും.

To curb extreme expiry day volatility, SEBI has revised the Closing Auction Session framework and restored the 30-minute VWAP method for derivative settlements effective December 7, 2026.

ഐസ്ബർഗ് ഓർഡറുകൾക്കും പുതിയ മുൻഗണന

തുടർച്ചയായ ട്രേഡിങ് സമയത്ത് എക്സിക്യൂട്ട് ആകാത്ത 'ഐസ്ബർഗ് ഓർഡറുകൾ' (Iceberg Orders) മുഴുവൻ അളവോടുകൂടി സിഎഎസിലേക്ക് ലിമിറ്റ് ഓർഡറുകളായി മാറും. എന്നാൽ ഇവയ്ക്ക് സാധാരണ ലിമിറ്റ് ഓർഡറുകളെക്കാൾ കുറഞ്ഞ ടൈം പ്രയോറിറ്റിയേ ഉണ്ടാകൂ. സിഎഎസ് സമയത്ത് പുതുതായി നൽകുന്ന ലിമിറ്റ് ഓർഡറുകൾക്ക് ഏറ്റവും ഒടുവിലത്തെ മുൻഗണന മാത്രമേ ലഭിക്കൂ.

എക്‌സ്പെയറി ദിനങ്ങളിലെ അനാവശ്യ റിസ്കുകൾ ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും. വിഡബ്ല്യുഎപി പുനഃസ്ഥാപിച്ചതിലൂടെ അവസാന മിനിറ്റുകളിലെ വില കൃത്രിമത്വം തടയാനും റീറ്റെയ്ല്‍ ട്രേഡർമാർക്ക് സുതാര്യവും സുരക്ഷിതവുമായ സെറ്റിൽമെന്റ് ഉറപ്പാക്കാനും സാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com