

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി സ്പോര്‍ട്സ് ലൈന്‍ വിദേശത്തെ തങ്ങളുടെ ആദ്യ പ്രധാന ചുവടുവയ്പ് നടത്തി. യുഎഇയുടെ മുന്‍നിര ടി20 ലീഗ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി. ഇതോടെ, യുഎഇ ക്രിക്കറ്റ് ലീഗ് പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം ഗ്രൂപ്പ് സ്വന്തമാക്കി.
എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയോടെ നടക്കുന്ന യുഎഇ ടി20 ലീഗില്‍ ആകെ 34 മത്സരങ്ങളില്‍ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് പങ്കെടുക്കുക. ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലെയും മുന്‍നിര താരങ്ങള്‍ വിവിധ ടീമുകളുടെ നിരയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്ലിന്റെ ഫ്രാഞ്ചൈസി അദാനി ഗ്രൂപ്പ് എടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് മാമാങ്കത്തിന്റെ പുതിയ പതിപ്പിലേക്കാണ് ഗ്രൂപ്പിന്റെ ചുവടുനീക്കം. യുവ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് ഏറ്റവും മികച്ച അവസരമൊരുക്കുകയാണ് യുഎഇയില്‍ ലഭിക്കുകയെന്ന് ടി20 ലീഗ് അധികൃതര്‍ പറഞ്ഞു.
യുഎഇ ടി20 ലീഗിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദാനി സ്പോര്‍ട്സ് ലൈന്‍ മേധാവി പ്രണവ് അദാനി പറഞ്ഞു.
അദാനി ഗ്രൂപ്പിന് പുറമെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനി, ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാന്‍, ജിഎംആറിന്റെ കിരണ്‍ കുമാര്‍ ഗ്രന്ഥി തുടങ്ങിയ വ്യക്തിത്വങ്ങള്‍ ഇതിനകം തന്നെയുഎഇ ടി20 ലീഗില്‍ സജീവമാണ്.
നിലവില്‍ കബഡി, മാരത്തോണ്‍, ബോക്‌സിംഗ് എന്നിവയിലെല്ലാം അദാനി സ്പോര്‍ട്സ് ലൈന്‍ സജീവമാണ്. ക്രിക്കറ്റ് കൂടി എത്തുമ്പോള്‍ അദാനി സ്‌പോര്‍ട്‌സ് ബിസിനസിലും നിറഞ്ഞു നില്‍ക്കും.
ഫോട്ടോ ക്യാപ്ഷന്‍ : യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനോടൊപ്പം ഡോ.തായബ് കമാലി, ഖാലിദ് അല്‍ സറൂണി, മുബാഷിര്‍ ഉസ്മാനി, പ്രണവ് അദാനി എന്നിവര്‍
Read DhanamOnline in English
Subscribe to Dhanam Magazine