പണം വാരി ''അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം''

ബോക്‌സ് ഓഫീസില്‍ പണം വാരിക്കൂട്ടുകയാണ് മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാന ചിത്രം ''അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം''. പത്തു ദിവസം കൊണ്ട് 300 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം അധികം താമസിയാതെ 350 കോടി കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിക്കുമെന്നാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ.

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചുകൊണ്ടാണ് സിനിമയുടെ തേരോട്ടം. ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് വിതരണക്കാരായ ബുക്ക് മൈഷോയിലൂടെ ആദ്യ ദിനം മാത്രം വിറ്റഴിഞ്ഞത് പത്തു ലക്ഷം ടിക്കറ്റുകള്‍!.

Avengers box office collection

ലോകമെമ്പാടുമായി റിലീസ് ദിവസം ചിത്രം നേടിയത് 1403 കോടി

രൂപ!. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം 50 കോടി രൂപ നേടി. ബാഹുബലി 2 നും തഗ്സ് ഓഫ് ഹിന്ദോസ്ഥാനും ശേഷം ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് ഡേ കളക്ഷന്‍ നേടിയ ചിത്രമാണിപ്പോള്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം.

35.6 കോടി ഡോളര്‍ നിര്‍മാണച്ചെലവ് കണക്കാക്കപ്പെടുന്ന ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്നായി 15206 കോടി രൂപയാണ് മെയ് 9 വരെ നേടിയത്. ഇന്ത്യയില്‍ നിന്നു 326 കോടി രൂപ. ഇന്ത്യയുള്‍പ്പെടെ 46 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, തിമിഴ് ഭാഷകളിലായി 2845 സ്‌ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്തത്.

ചൈനയിലും റെക്കോര്‍ഡുകള്‍ മാറ്റിയെഴുതിയിരിക്കുകയാണ് ഈ ചിത്രം. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതും ചൈനയില്‍ നിന്നാണ്: 1,075 കോടി.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ തുടര്‍ച്ചയാണ് റൂസ്സോ സഹോദരന്മാരൊരുക്കിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ലോത്തിന്റെ നന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി ജീവന്മരണ പോരാട്ടത്തിനായി ഒരുങ്ങിയ അവഞ്ചേഴ്‌സിന്റെ പടയോട്ടാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

10 വര്‍ഷം മുന്‍പ് 2008ലാണ് ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമാകുന്നത്. അന്നു മുതല്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളത് 22 സിനിമകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയിട്ടുള്ളത് ഇന്‍ഫിനിറ്റി വാര്‍ ആണ്; 2.05 ബില്യണ്‍ ഡോളര്‍.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തീയേറ്ററും പ്രേക്ഷകരുടെ മനസും നിറച്ച് മുന്നേറുമ്പോള്‍ ഇനിയും റെക്കോര്‍ഡുകള്‍ തകര്‍ന്നു കൊണ്ടേയിരിക്കുമെന്നതില്‍ സംശയം വേണ്ട.

Related Articles

Next Story

Videos

Share it