റിലീസിന് മുൻപേ അവഞ്ചേഴ്സ് എൻഡ് ഗെയിം ഇന്റർനെറ്റിൽ
ഇന്ത്യൻ സിനിമാ ആരാധകർ ആവേശത്തോടെ കാത്തിരുന്ന അവഞ്ചേഴ്സ് എൻഡ് ഗെയിം റിലീസാകും മുൻപെ ഇന്റർനെറ്റിൽ. പല സിനിമകളും ചോർത്തി കുപ്രസിദ്ധി നേടിയ തമിഴ് റോക്കേഴ്സ് തന്നെയാണ് അവഞ്ചേഴ്സും ചോർത്തിയത്. നാളെയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.
മാർവെൽ സ്റ്റുഡിയോസ് നിർമിച്ച് വാൾട്ട് ഡിസ്‌നി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന ചിത്രം തിങ്കളാഴ്ചയാണ് വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. പ്രമുഖ സിനിമാ റേറ്റിംഗ് വെബ്സൈറ്റായ റോട്ടൺ ടൊമാറ്റോയിൽ 96 ശതമാനം സ്കോർ ചിത്രം നേടിയിട്ടുണ്ട്.
ഇന്ത്യയിൽ ചിത്രത്തിന്റെ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. സെക്കൻഡിൽ 18 ടിക്കറ്റ് എന്ന റെക്കോർഡ് വേഗത്തിലാണ് ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ ടിക്കറ്റ് വിറ്റു പോയത്.
മണിക്കൂറിൽ 500,000 ടിക്കറ്റുകൾ വിറ്റതോടെ ഇക്കാര്യത്തിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ 200,000 ടിക്കറ്റുകൾ എന്ന റെക്കോർഡാണ് അവെഞ്ചേഴ്‌സ് മറികടന്നത്.
2,500 സ്‌ക്രീനുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന അവഞ്ചേഴ്സ്: എൻഡ് ഗെയിം ഇന്ത്യയിൽ നിന്ന് ലക്ഷ്യമിടുന്നത് ഏകദേശം 250 കോടി രൂപയാണ്. ആദ്യ ദിനം 40 കോടി രൂപ കളക്ഷൻ നേടുമെന്നാണ് പ്രവചനം.
ഏകദേശം 400 ദശലക്ഷം രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. എൻഡ്ഗെയിമിനുള്ള മാർക്കറ്റിങ് കാംപെയ്ന് ചെലവായതാകട്ടെ 200 ദശലക്ഷം ഡോളറും. മാർവെൽ സ്റ്റുഡിയോസിനെ സംബന്ധിച്ചിടത്തോളം ഈ സംഖ്യ റെക്കോർഡാണ്.