

ഓണം റിലീസായി തീയേറ്ററിലെത്തിയ ചിത്രങ്ങളില്‍ വെന്നിക്കൊടി പാറിച്ച് ഗിരീഷ് എ.ഡി-നിവിന്‍പോളി കൂട്ടുകെട്ടില്‍ പിറന്ന ബെത്‌ലഹേം കുടുംബയൂണിറ്റ്. ഫാമിലി ഓഡിയന്‍സിനെ വന്‍തോതില്‍ തീയറ്ററിലേക്ക് ആകര്‍ഷിക്കുന്ന ചിത്രം ആദ്യത്തെ മൂന്നുദിവസം കൊണ്ട് ആഗോളതലത്തില്‍ 61 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.
ഓണത്തിന് കൂടുതല്‍ ചിത്രങ്ങള്‍ മത്സരത്തിനില്ലാതിരുന്നിട്ടു പോലും പൃഥ്വിരാജ് ചിത്രം ഖലീഫയ്ക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. നാലുദിവസം കൊണ്ട് 30 കോടി രൂപയുടെ കളക്ഷന്‍ മാത്രമാണ് ഇതുവരെ ചിത്രത്തിന് നേടാനായത്.
ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ചയായിരുന്നു ബെത്ത്‌ലഹേം കുടുംബയൂണിറ്റ് തീയറ്ററിലെത്തിയത്. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നത് ചിത്രത്തിന് ലോംഗ് റണ്ണില്‍ ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍. റിലീസിംഗ് ദിനത്തില്‍ കേരളത്തില്‍ നിന്ന് 4.60 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാംദിനം ഇത് 6.25 കോടി രൂപയായി ഉയര്‍ന്നു.
ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് 7.40 കോടിയിലേക്കും ചിത്രമെത്തി. ഓണത്തിന് കാലാവസ്ഥ അനുകൂലമായ ചിത്രം ഈ വര്‍ഷത്തെ കളക്ഷന്‍ റെക്കോഡുകള്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍. മത്സരിക്കാന്‍ കാര്യമായ ചിത്രങ്ങളിലെന്നതും ഫാമിലി ഓഡിയന്‍സ് കൂട്ടത്തോടെ തീയറ്ററിലെത്തുന്നതുമാണ് അനുകൂല ഘടകം.
മാസ് ആക്ഷന്‍ ക്യാന്‍വാസിലെത്തിയ ഖലീഫയ്ക്ക് മൗത്ത്പബ്ലിസിറ്റിയാണ് തിരിച്ചടിയായത്. റിലീസിംഗ് ദിനത്തില്‍ കേരളത്തില്‍ നിന്ന് 5.30 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ പ്രേക്ഷകര്‍ കുറയുകയാണുണ്ടായത്. മത്സരിക്കാന്‍ നിവിന്‍ പോളി ചിത്രം മാത്രമായിട്ടും ആദ്യ ശനിയാഴ്ച 2.05 കോടി, ഞായറാഴ്ച 2.15 കോടി എന്നിങ്ങനെ കളക്ഷന്‍ കുറഞ്ഞു. ലോംഗ് റണ്ണില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ചിത്രത്തിന് സാധിച്ചേക്കില്ല. തീയറ്റര്‍ ഒക്യുപെന്‍സി നിരക്കും കുറവാണ്.
അടുത്ത കാലത്ത് കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത താരമായിരുന്നു രവി തേജ. തെലുങ്കില്‍ വന്‍ ഫാന്‍ബേസ് ഉണ്ടെങ്കിലും സമീപകാല ചിത്രങ്ങളൊന്നും പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നില്ല. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ കഴിഞ്ഞദിവസം റിലീസ് ചെയ്ത ഇരുമുടി എന്ന ചിത്രമാണ് ഇപ്പോള്‍ കളക്ഷനില്‍ റെക്കോഡിട്ട് മുന്നേറുന്നത്. മൂന്നു ദിവസം കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ 80 കോടി രൂപ പിന്നിട്ടു.
റിലീസിംഗ് ദിനത്തില്‍ 17.75 കോടി രൂപയായിരുന്നു ആകെ കളക്ഷന്‍. മൂന്നാംദിനം ഇത് 22.08 കോടി രൂപയായി ഉയര്‍ന്നു. ഏറെ ഷോകളില്ലാത്ത കേരളത്തില്‍ നിന്നുപോലും ചിത്രം ഒരു കോടിക്ക് അടുത്ത് കളക്ഷന്‍ നേടി. മറ്റ് ഓണചിത്രങ്ങളുടെ അതിപ്രസരമില്ലാത്തതിനാല്‍ വരുംദിവസങ്ങളില്‍ കേരളത്തിലെ തീയറ്ററുകളില്‍ ഇരുമുടിക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine