

ക്രിക്കറ്റിന് വലിയ വേരോട്ടമില്ലാത്ത യൂറോപ്പില്‍ പുതുതായി ആരംഭിക്കുന്ന ലീഗില്‍ ടീമിനെ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ താരങ്ങള്‍. അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലാണ് (ETPL) രാഹുല്‍ ദ്രാവിഡും രവിചന്ദ്ര അശ്വിനും അടക്കമുള്ളവര്‍ ടീമിനെ സ്വന്തമാക്കുന്നത്.
സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌കോ ആസ്ഥാനമായുള്ള ടീമിനെ സ്വന്തമാക്കാനാണ് രാഹുലും അശ്വിനും അടങ്ങുന്ന കണ്‍സോഷ്യം രംഗത്തുള്ളത്. പ്രഥമ ഇടിപിഎല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് രാജ്യങ്ങളിലെ പ്രധാന സിറ്റികളിലായി ആറ് ടീമുകളാകും ലീഗില്‍ പങ്കെടുക്കുക.
നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം ആസ്ഥാനമായ ടീമിനെ സ്വന്തമാക്കാന്‍ രംഗത്തുള്ളതും മുന്‍കാല ക്രിക്കറ്റര്‍മാരാണ്. ഫഫ് ഡുപ്ലിസി, ഹെന്റിച്ച് ക്ലാസന്‍, ജോണ്ടി റോഡ്‌സ് തുടങ്ങിയവരാണ് ഈ ടീമിനായി പണംമുടക്കുന്നത്.
ബോളിവുഡ് താരം അഭിഷേക് ബച്ചന് പങ്കാളിത്തമുള്ള റൂള്‍സ് സ്‌പോര്‍ട് ടെക് എന്ന കമ്പനിയാണ് ലീഗിന്റെ നടത്തിപ്പുകാര്‍. ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡറും ബച്ചനാണ്. മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ അടക്കമുള്ള ഏഷ്യന്‍ വംശജരുടെ വലിയ സാന്നിധ്യമുണ്ട്. ലീഗിന്റെ വാണിജ്യ വിജയത്തിന് ഇവരുടെ സാന്നിധ്യം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine