

ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്കൊരു വികാരമാണ്. ട്വന്റി-20യുടെ കാലത്ത് അതൊരു ബിസിനസ് അവസരം കൂടിയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) വിജയത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന രീതിയില്‍ ലീഗുകള്‍ ആരംഭിച്ചു. ഒട്ടുമിക്ക ലീഗുകളും സാമ്പത്തികമായി നല്ലനിലയിലല്ല. എന്നിരുന്നാലും ക്രിക്കറ്റിലേക്ക് വലിയതോതില്‍ നിക്ഷേപമെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആരംഭിച്ച യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗും (ETPL) ഇത്തരമൊരു സംരംഭമാണ്.
അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുമായി സഹകരിച്ചാണ് പുതിയ ലീഗ്. പ്രമുഖ ബോളിവുഡ് നടനും സ്‌പോര്‍ട്‌സ് സംരംഭകനുമായ അഭിഷേക് ബച്ചന്‍ ഈ ലീഗിന്റെ സഹസ്ഥാപകനും ഉടമയുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡും ആര്‍. അശ്വിനും ഫ്രാഞ്ചൈസി ഉടമകളായി ഒപ്പത്തിനൊപ്പമുണ്ട്. യൂറോപ്യന്‍ മണ്ണില്‍ ഇന്ത്യക്കാര്‍ എന്തിന് ക്രിക്കറ്റ് ബിസിനസ് നടത്തുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പുതിയ ലീഗ്.
യൂറോപ്യന്‍ ലീഗിലെ 'ഡബ്ലിന്‍ ഗാര്‍ഡിയന്‍സ്' (Dublin Guardians) എന്ന ഫ്രാഞ്ചൈസിയുടെ മുഖ്യ ഉടമ ഇന്ത്യന്‍ ടീമിന്റെ മുന്‍ മുഖ്യ പരിശീലകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡാണ്. മറ്റൊരു ഇന്ത്യന്‍ സ്പിന്‍ ഇതിഹാസമായ ആര്‍. അശ്വിനാണ് ഈ ടീമിന്റെ മെന്ററും നായകനും.
ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തരായ പേരുകള്‍ യൂറോപ്യന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭാഗമാകുന്നത് ടൂര്‍ണമെന്റിന്റെ ആഗോള സ്വീകാര്യതയും വിശ്വാസ്യതയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. സ്റ്റീവ് വോ, ഫാഫ് ഡുപ്ലെസി, ജോണ്ടി റോഡ്‌സ് തുടങ്ങി ലോകക്രിക്കറ്റിലെ വമ്പന്‍മാരും വിവിധ ടീമുകളുടെ ഉടമകളായും പരിശീലകരായും ഒപ്പമുണ്ട്.
ഇന്ത്യയില്‍ ക്രിക്കറ്റിന്റെ വിപണി വളരെ വലുതാണെങ്കിലും, ബിസിസിഐയുടെ നിയന്ത്രണത്തില്‍ ഉള്ള സംവിധാനത്തില്‍ നിന്ന് വിപണി കീഴടക്കാന്‍ പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് യൂറോപ്പ് പോലെയുള്ള വിപണി കണ്ടെത്താത്ത ക്രിക്കറ്റ് മേഖലകളില്‍ ആഴത്തിലുള്ള സാമ്പത്തിക അടിത്തറയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ ഇന്ത്യന്‍ നിക്ഷേപകര്‍ മുന്നോട്ട് വരുന്നത്.
ഫുട്‌ബോളിന് വലിയ സ്വീകാര്യതയുള്ള യൂറോപ്പില്‍ ക്രിക്കറ്റിന് വലിയതോതില്‍ വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അവിടത്തെ പ്രവാസികളായ ഏഷ്യക്കാരിലൂടെയും പുതിയ തലമുറയിലൂടെയും ക്രിക്കറ്റിനെ ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ആക്കി മാറ്റാന്‍ സാധിച്ചാല്‍ അത് കോടികളുടെ ബിസിനസിന് വഴിയൊരുക്കും.
ഇതൊരു ചെറിയ കാലയളവിലുള്ള പരീക്ഷണമായിട്ടല്ല ഇന്ത്യന്‍ നിക്ഷേപകര്‍ കാണുന്നത്. അടിസ്ഥാന സൗകര്യ വികസനം, ഗ്രാസ്റൂട്ട് ലെവല്‍ ക്രിക്കറ്റ് അക്കാദമികള്‍, യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള പാത എന്നിവയിലൂടെ യൂറോപ്യന്‍ ക്രിക്കറ്റിന്റെ ഇക്കോസിസ്റ്റം മാറ്റിമറിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പുറമെ ആഗോളതലത്തില്‍ സ്വന്തം ഫ്രാഞ്ചൈസി ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാനും, കായിക രംഗത്തെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാനുമുള്ള സുവര്‍ണാവസരമായാണ്‌നിക്ഷേപകര്‍ ഇതിനെ കാണുന്നത്. എന്നാല്‍ ഇതെന്ത്രമാത്രം വിജയിക്കുമെന്നത് കണ്ടറിയണം. ആദ്യ സീസണില്‍ ടീമുകള്‍ക്ക് കാര്യമായ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിച്ചിട്ടില്ല. കാര്യമായ വരുമാനവും കിട്ടില്ലെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ഭാവിയിലേക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine