

റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി. ഇതു തന്നെയാണ് കോലി എന്ന സൂപ്പർ ബ്രാൻഡിനെ വളർത്തി വലുതാക്കുന്ന പ്രധാന ഘടകവും.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യമുള്ള വ്യക്തിയാണ് കോലി ഇപ്പോൾ. 1,055 കോടി രൂപ (14.4 കോടി ഡോളർ) ആണ് കോലിയുടെ ബ്രാൻഡ് മൂല്യം.
സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ, ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് നേടുന്ന താരമായിരിക്കുകയാണ് കോലി. 10,000 റൺസ് നേടാൻ സച്ചിൻ 259 ഇന്നിങ്സ് കളിച്ചപ്പോൾ കോലി കേവലം 205 ഇന്നിങ്സിൽ ഈ നാഴികക്കല്ല് പിന്നിട്ടു.
ഇതോടെ 'ബ്രാൻഡ്' വിരാട് കോലിയുടെ മൂല്യം ഇനിയും ഉയരും. ഇപ്പോൾത്തന്നെ, പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് ഒരു ദിവസം കോലിയുടെ പ്രതിഫലം അഞ്ച് കോടി രൂപയാണ്.
ക്രിക്കറ്റിൽ നിന്നുള്ള പ്രതിഫലത്തിനേക്കാൾ അഞ്ചിരട്ടിയാണ് അദ്ദേഹത്തിന് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിൽ നിന്നുള്ള വരുമാനം. ക്രിക്കറ്റിൽ നിന്ന് നാല് മില്യൺ ഡോളർ പ്രതിഫലം പറ്റുമ്പോൾ പരസ്യത്തിൽ നിന്ന് ഏകദേശം 20 മില്യൺ ഡോളർ ആണ് കോലി നേടുന്നത്.
അദ്ദേഹം കരാറിലേർപ്പെട്ടിരിക്കുന്ന ബ്രാൻഡുകളിൽ ഏറ്റവും ഒടുവിലത്തേത് ഹീറോ മോട്ടോകോർപ് ആണ്. സെപ്റ്റംബർ 11 നാണ് കമ്പനി ഈ വിവരം പ്രഖ്യാപിച്ചത്. അതിനുശേഷം ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിൽസിന്റെ പ്രൊമോഷനും മറ്റ് താരങ്ങളോടൊപ്പം കോലിയും ഉണ്ടായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine