ലോകകപ്പില്‍ നിന്ന് ഫിഫ കൊയ്തത് ₹1.44 ലക്ഷം കോടി; പക്ഷേ ആതിഥേയ നഗരങ്ങള്‍ക്ക് 'കൈപൊള്ളി'; ലോകകപ്പ് ബിസിനസിന് പിന്നിലെ സാമ്പത്തികശാസ്ത്രം

ഫിഫയുടെ വരുമാനം ഇത്രയധികം കുതിച്ചുയരാന്‍ കാരണം വിപണിയിലെ ഹോസ്പിറ്റാലിറ്റി പാക്കേജുകളും സെക്കന്‍ഡറി ടിക്കറ്റ് വില്പനയുമാണ്.
ലോകകപ്പില്‍ നിന്ന് ഫിഫ കൊയ്തത് ₹1.44 ലക്ഷം കോടി; പക്ഷേ ആതിഥേയ നഗരങ്ങള്‍ക്ക് 'കൈപൊള്ളി'; ലോകകപ്പ് ബിസിനസിന് പിന്നിലെ സാമ്പത്തികശാസ്ത്രം
Published on

യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന് (FIFA) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനം. ടൂര്‍ണമെന്റില്‍ നിന്ന് ആകെ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.44 ലക്ഷം കോടി ഇന്ത്യന്‍ രൂപ) വരുമാനമായി ലഭിക്കുമെന്നാണ് ഫിഫ വെളിപ്പെടുത്തിയത്.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് ഫിഫ ലക്ഷ്യമിട്ടിരുന്ന 11 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.05 ലക്ഷം കോടി രൂപ) എന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണിത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഫിഫ അംഗ രാജ്യങ്ങള്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനം ലഭിക്കും.

ടിക്കറ്റ് വില്പനയില്‍ 'കടുംവെട്ട്'

ഫിഫയുടെ വരുമാനം ഇത്രയധികം കുതിച്ചുയരാന്‍ കാരണം വിപണിയിലെ ഹോസ്പിറ്റാലിറ്റി പാക്കേജുകളും സെക്കന്‍ഡറി ടിക്കറ്റ് വില്പനയുമാണ്. ഉയര്‍ന്ന വിലയുള്ള വിഐപി ടിക്കറ്റുകളുടെ റീസെയില്‍ വഴിയാണ് ഫിഫ വലിയ രീതിയില്‍ പണം കൊയ്തത്. സെക്കന്‍ഡറി മാര്‍ക്കറ്റിലൂടെ ടിക്കറ്റ് വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളില്‍ നിന്ന് 15 ശതമാനവും വില്‍ക്കുന്നയാളില്‍ നിന്ന് 15 ശതമാനവും ഉള്‍പ്പെടെ ആകെ 30 ശതമാനം കമ്മീഷനാണ് ഫിഫ ഈടാക്കിയത്.

സ്‌പെയിന്‍-അര്‍ജന്റീന ഫൈനല്‍ മത്സരത്തിന്റെ 'ട്രോഫി ലോഞ്ച്' ടിക്കറ്റുകള്‍ ഒരാള്‍ക്ക് 34,500 ഡോളര്‍ (ഏകദേശം 33.2 ലക്ഷം രൂപ) എന്ന നിരക്കിലാണ് ഫിഫയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ വിറ്റഴിക്കപ്പെട്ടത്. ഈയൊരു ചടങ്ങ് വഴി മാത്രം ഫിഫയുടെ അക്കൗണ്ടിലെത്തിയത് കോടികളാണ്.

ആതിഥേയ നഗരങ്ങള്‍ക്ക് കൈപൊള്ളിയോ?

ലോകകപ്പ് വഴി ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് 41 ബില്യണ്‍ ഡോളറും, യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് മാത്രം 17 ബില്യണ്‍ ഡോളറും (ഏകദേശം 1.63 ലക്ഷം കോടി രൂപ) അധികമായി എത്തുമെന്നായിരുന്നു ഫിഫയുടെ വാദം. ഹോസ്പിറ്റാലിറ്റി മേഖലയില്‍ മാത്രം 1,85,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഫിഫ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗ്ലോബല്‍ പ്രൊജക്ട്‌സ് സിഇഒയുമായ അലക്‌സാണ്ടര്‍ ബുഡ്‌സിയറുടെ വിലയിരുത്തല്‍ അനുസരിച്ച്, ഇത്തരം വലിയ കായിക മാമാങ്കങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന നഗരങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കാറില്ല.

സാധാരണയായി ഈ നഗരങ്ങളിലേക്ക് എത്തിയിരുന്ന സഞ്ചാരികള്‍ ലോകകപ്പിലെ തിരക്ക് പേടിച്ച് യാത്ര ഒഴിവാക്കി. ലോകകപ്പ് കാണാന്‍ വന്നവര്‍ പ്രാദേശികമായുള്ള ചെലവഴിക്കല്‍ കുറച്ചു. ടിക്കറ്റിനും യാത്രയ്ക്കുമായി കൂടുതല്‍ പണച്ചെലവ് വന്നതിനാല്‍ പ്രാദേശിക വിപണിയിലേക്ക് ഇവര്‍ പണം ചെലവഴിക്കുന്നത് കുറയ്ക്കുന്നതിന് കാരണമായി.

മെയ് മാസത്തില്‍ യുഎസിലെ പബ്ബുകളിലും റെസ്റ്റോറന്റുകളിലും താല്‍ക്കാലികമായി നിയമനങ്ങള്‍ വര്‍ധിച്ചെങ്കിലും ടൂര്‍ണമെന്റ് കഴിഞ്ഞതോടെ ഈ ബൂം അവസാനിച്ചു. കുറഞ്ഞ ശമ്പളമുള്ള ഇത്തരം ജോലികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഇത് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അംഗരാജ്യങ്ങള്‍ക്ക് നേട്ടം

വന്‍ തുക വരുമാനമായി ലഭിച്ചതോടെ ഈ ഫണ്ടുകള്‍ വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ഫിഫ വീതിച്ചു നല്‍കും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്ക് ഇതിനകം തന്നെ 200-ലധികം അസോസിയേഷനുകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

അതേസമയം, വീണ്ടുമൊരു ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ യുഎസ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനായി കുറഞ്ഞത് 2038 വരെ കാത്തിരിക്കേണ്ടി വരും. 2029-ലെ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായി യുഎസ് ഫിഫയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com