

ബോളിവുഡിലെ ഏറ്റവും ഹോട്ട്, എക്‌സപെന്‍സീവ് താരമാരാണ് ദീപിക. ദേശീയ ബ്രാന്‍ഡുകളിലെ പലതിന്റെയും മുഖം ദീപികയുടേതാണ്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ നിറഞ്ഞുനില്‍ക്കുന്ന താരം റണ്‍വീര്‍ സിംഗുമായുള്ള വിവാഹത്തിനുശേഷവും നിരവധി ചിത്രങ്ങളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും മേഖലയില്‍ സജീവമാണ്. പദ്മാവത് എന്ന എക്കാലത്തെയും ബിഗ്ബജറ്റ് ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നില്‍ നായികയായതും അതിനു ശേഷമാണ്.
ദീപികയ്ക്ക് 2022 ഡിസംബര്‍ മാസം ജീവിതത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിയ മാസമാണ്. ദീപികയുടെ സ്വന്തം ബ്യൂട്ടീ ബ്രാന്‍ഡ് 82 E (82 East) ഇക്കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. ഫിഫ വേള്‍ഡ് കപ്പ് ഫൈനലിന്റെ തൊട്ടുമുമ്പുള്ള ചൊവ്വാഴ്ച. ഏറെക്കാലത്തെ ദീപികയുടെ സ്വപ്‌നമായിരുന്ന ബ്രാന്‍ഡിന് കീഴില്‍ പ്രീമിയം പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.
പിന്നീട് ഞായറാഴ്ച്ച നടന്ന ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ അതാ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ദീപിക പദുക്കോണ്‍ വേദിയില്‍. ദീപിക പദുക്കോണും സ്പാനിഷ് ഫുട്ബോള്‍ മുന്‍ ഗോള്‍ കീപ്പര്‍ കാസില്ലസും ചേര്‍ന്ന് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നു. ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം പഠാനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദീപികയുടെ ഒരു ആഗോള വേദിയിലെ സാന്നിധ്യം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. താരത്തിനെതിരെ സൈബര്‍ ആക്രമണം മുറുകി.
എന്നാല്‍ ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും ലഭിക്കാത്ത മഹാഭാഗ്യമാണ് ദീപികയ്ക്ക് ലഭച്ചത്. ഖത്തര്‍ വിളിച്ചിട്ടില്ല, പ്രത്യേക ക്ഷണമില്ലാതെ എങ്ങനെ ദീപിക അവിടെ? എല്ലാവരും തിരഞ്ഞു. അവിടെയാണ് ദീപികയുടെ ബിസിനസ് കണക്ഷന്‍ താരത്തിന് നേടിക്കൊടുത്ത മഹാഭാഗ്യം വെളിപ്പെടുന്നത്.
ഫൈനലിന് തൊട്ട് മുമ്പാണ് ലോകകപ്പ് അനാവരണ ചടങ്ങ് നടക്കുന്നത്. സൂറിച്ചില്‍ സൂക്ഷിച്ച ഫിഫയുടെ സ്വര്‍ണ ട്രോഫി വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഫൈനല്‍ വേദിയില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മുന്‍പ് ലോകകപ്പ് നേടിയ ക്യാപ്റ്റന്‍, ഒപ്പം ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ അംബാസഡര്‍ എന്നിവര്‍ക്കാണ് അനാവരണത്തിനുള്ള അവകാശം. അങ്ങനെ ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത ലൂയി വട്ടോണ്‍ ബ്രാന്‍ഡിന്റെ അംബാസഡറായി ദീപികയും.
2018ല്‍ ഇത് നിര്‍വഹിച്ചത് 2014ല്‍ ജര്‍മ്മനി ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ഫിലിപ്പ് ലാമ്പും മോഡല്‍ നതാലിയ വോഡിയാനോവയും ചേര്‍ന്നായിരുന്നു. അന്ന് ലൂയി വട്ടോണ്‍ അംബാസഡറയിരുന്നു നതാലിയ. ഇത്തവണ ആ സ്ഥാനത്ത് ദീപികയായി. ലൂയി വട്ടോണ്‍ ഡിസൈന്‍ വേഷത്തിലാണ് ചടങ്ങില്‍ ദീപിക എത്തിയത്. ഇന്ന് ഫോബ്സ് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ അര്‍ണോള്‍ഡ് ബെര്‍നോള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ലൂയി വട്ടോന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബ്രാന്‍ഡ് അംബാസഡറാണ് ദീപിക.
ദീപിക ഫിഫ വേള്‍ഡ് കപ്പ് വേദിയിലേക്ക് എത്തിയ മേക്ക് ഓവര്‍ വീഡിയോയും അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതില്‍ ദീപിക തന്റെ ബ്രാന്‍ഡ് ആണ് പ്രൊമോട്ട് ചെയ്തിട്ടുള്ളത്. മെയ്ക്ക് ഓവർ ചെയ്യുന്ന ഓരോ ഉല്‍പ്പന്നങ്ങളും തന്റെ സ്വന്തം ബ്രാന്‍ഡ് ആയ 82 E യുടെ തന്നെ. അതാണ് ദീപിക. ഫോബ്‌സ് സെലിബ്രിറ്റി ലിസ്റ്റിൽ തിളങ്ങിയ, ഏറ്റവും ഉയർന്ന ബ്രാൻഡുകൾക്കൊപ്പം സഞ്ചരിച്ച, വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ബ്രാന്‍ഡ് ഇമേജിലൂടെ കോടികള്‍ സമ്പാദിക്കുന്ന സെലിബ്രിറ്റി സംരംഭക.
Read DhanamOnline in English
Subscribe to Dhanam Magazine