

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. ടീമുകളും ആരാധകരും ലോകകപ്പ് ആവേശത്തിലേക്ക് ഇഴുകി ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ഇന്ത്യയില്‍ ടിവി സംപ്രേക്ഷണം ഇത്തവണ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
ലോകകപ്പിന്റെ ടിവി റൈറ്റ്‌സ് ഇത്തവണ ആരും സ്വന്തമാക്കിയിട്ടില്ല. ഖത്തറില്‍ നടന്ന 2022ലെ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം നേടിയത് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിയാകോം18 ആയിരുന്നു. 60 മില്യണ്‍ ഡോളറിന് (450 കോടി രൂപ) ആയിരുന്നു കരാര്‍ നേടിയത്. റിലയന്‍സ് ജിയോയും സ്റ്റാര്‍ സ്‌പോര്‍ട്‌സും തമ്മില്‍ ലയിച്ച് ഒറ്റ കമ്പനിയായെങ്കിലും അവര്‍ ലോകകപ്പിനോട് ഇത്തവണ വലിയ താല്പര്യം കാണിച്ചില്ല.
ഇന്ത്യയില്‍ മാത്രമല്ല ഏറ്റവും ജനസംഖ്യയുള്ള ചൈനയിലും ലോകകപ്പ് സംപ്രേക്ഷണം സ്വന്തമാക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. കഴിഞ്ഞ തവണത്തെ ലോകകപ്പ് 150 മില്യണ്‍ ഡോളര്‍ മുടക്കിയാണ് ചൈനയിലെ സിസിടിവി കരാര്‍ നേടിയത്. വ്യൂവര്‍ഷിപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും കാര്യമായ ലാഭം നേടാന്‍ സിസിടിവിക്ക് സാധിച്ചിരുന്നില്ല. ഇതാണ് ഇത്തവണ അവര്‍ വലിയ താല്പര്യം കാണിക്കാത്തതിന് കാരണം.
ചൈനയിലും ഇന്ത്യയിലും ചാനലുകള്‍ ലോകകപ്പ് സംപ്രേഷണ അവകാശം നേടാത്തതിന് കാരണങ്ങള്‍ പ്രധാനമായും മൂന്നാണ്. ആദ്യത്തേത് ലോകകപ്പിന്റെ സംപ്രേക്ഷണ സമയാണ്. ഇന്ത്യയും ചൈനയുമായും വലിയ സമയവ്യത്യാസമുള്ള രാജ്യങ്ങളിലാണ് ഇത്തവണ ലോകകപ്പ്. അതുകൊണ്ട് തന്നെ 70 ശതമാനം മത്സരങ്ങളും അര്‍ധരാത്രി 2 മുതല്‍ പുലര്‍ച്ചെ ആറുമണി വരെയുള്ള സമയത്താകും നടക്കുക.
ഈ സമയത്ത് നടക്കുന്നതിനാല്‍ ടിവി റേറ്റിംഗ് തീര്‍ത്തും കുറവായിരിക്കും. ഫുട്‌ബോളിനോട് അത്ര താല്പര്യമുള്ള ചെറിയ വിഭാഗം മാത്രമേ ഈ സമയങ്ങളില്‍ കളി കാണുകയുള്ളൂ. പരസ്യ വരുമാനത്തില്‍ വലിയ കുറവുണ്ടാകാന്‍ ഇത് കാരണമാകും. മുന്‍നിര ചാനലുകള്‍ പിന്‍വാങ്ങുന്നതിന് കാരണവും ഇതുതന്നെ.
ഇത്തവണ ലോകകപ്പില്‍ കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഫിഫ ടിവി റൈറ്റ്‌സ് തുകയും വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ 2026-2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിനായി ഫിഫ മുന്നോട്ടുവച്ചിരിക്കുന്നത് 100 ബില്യണ്‍ ഡോളറാണ്.
ജിയോസ്റ്റാര്‍ ആദ്യ ഘട്ടത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് കേവലം 20 ബില്യണ്‍ ഡോളര്‍ മാത്രമാണ്. സ്‌പോര്‍ട്‌സ് ചാനലുകള്‍ തമ്മിലുള്ള മത്സരം കുറഞ്ഞതിനാല്‍ മറ്റാരും ഇത്ര വലിയ തുകയ്ക്ക് ബിഡ് ചെയ്യാനും സാധ്യതയില്ല. ചൈനയില്‍ നിന്ന് 150 മില്യണ്‍ ഡോളറാണ് ഫിഫ ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine