

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലന്‍ ആരാണ്? അത് വിജയ് സേതുപതിയോ ഫഹദ് ഫാസിലോ അല്ല. ബോളിവുഡിലെ തലയെടുപ്പുള്ള താരങ്ങള്‍ക്കുമല്ല ആ ഭാഗ്യം കിട്ടിയിരിക്കുന്നത്. കന്നഡ സൂപ്പര്‍താരം യാഷ് ആകും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലന്‍.
നിതീഷ് തിവാരിയുടെ സ്വപ്‌ന പ്രോജക്ടായ 'രാമായണ' എന്ന ചിത്രത്തില്‍ രാവണന്റെ റോള്‍ ചെയ്യുന്നതിന് 100 കോടി രൂപയാണ് താരം പ്രതിഫലമായി കൈപ്പറ്റുക. രണ്‍ബീര്‍ കപൂര്‍ രാമനായി എത്തുന്ന ചിത്രത്തില്‍ സീതയായി വരുന്നത് മലയാളി താരം സായ്പല്ലവിയാണ്. രണ്ട് ഭാഗങ്ങളായി വരുന്ന രാമായണയുടെ ആദ്യ ഭാഗത്തിന്റെ റിലീസ് അടുത്ത വര്‍ഷമാണ്.
ചിത്രത്തിന്റെ സഹനിര്‍മാതാവും യാഷ് ആണ്. ഓരോ ഭാഗത്തിനും 50 കോടി രൂപ വീതമാകും താരം പ്രതിഫലമായി കൈപ്പറ്റുക. സിനിമയുടെ ലാഭവിഹിതം കൂടാതെയുള്ള കണക്കാണിത്. സിനിമയില്‍ നിന്ന് 200 കോടി രൂപ യാഷിന് ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ നായകനായ രണ്‍ബീര്‍ കപൂറിനേക്കാള്‍ പ്രതിഫലം യാഷിനായിരിക്കും ലഭിക്കുക.
നെഗറ്റീവ് റോളിനായി കൂടുതല്‍ പ്രതിഫലം വാങ്ങിച്ചവരുടെ പട്ടികയില്‍ കമല്‍ഹാസനായിരുന്നു ഇതുവരെ ഒന്നാമത്. കല്‍ക്കി 2898എഡി എന്ന ചിത്രത്തിനായി 25-40 കോടി രൂപയ്ക്കിടയിലാണ് താരം വാങ്ങിയത്. ഷാരുഖ് ഖാന്‍ ചിത്രം ജവാനില്‍ വിജയ് സേതുപതി വാങ്ങിയിരുന്നത് 21 കോടി രൂപയായിരുന്നു. തെലുഗു സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പ 2ല്‍ മലയാളിതാരം ഫഹദ് ഫാസിലിന് എട്ടു കോടി രൂപ ലഭിച്ചിരുന്നു.
രണ്ട് ഭാഗങ്ങളായി വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന രാമായണയ്ക്കായി 4,000 കോടി രൂപയാണ് മുടക്കുന്നതെന്ന് നിര്‍മാതാവ് നമിത് മല്‍ഹോത്ര അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചിത്രം പൂര്‍ത്തിയായാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ചിത്രമെന്ന റെക്കോഡ് രാമായണ സ്വന്തമാക്കും. ഏതു ഭാഷയില്‍ കണ്ടാലും മനസിലാകുന്ന രീതിയില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ഡബ്ബിംഗ് സാങ്കേതികവിദ്യ ചിത്രത്തില്‍ പരീക്ഷിക്കുമെന്നും അണിയറക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സണ്ണി ഡിയോള്‍, വിക്രാന്ത് മാസി, രവി ദുബെ, വിവേക് ഒബ്റോയ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തും. 2027ല്‍ രണ്ടാം ഭാഗവും പുറത്തിറക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine