1700 കടന്ന് ടിക്കറ്റ് വില; 3 ബില്യണ്‍ ഡോളറെന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ അവതാര്‍ 2

മുടക്ക് മുതല്‍ തിരിച്ചു പിടിക്കണമെങ്കില്‍ കുറഞ്ഞത് 2 ബില്യണ്‍ ഡോളറിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടണമെന്നാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍ അടുത്തിടെ പറഞ്ഞത്. റീ-റിലീസോടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 2.92 ബില്യണായി ഉയര്‍ത്തിയ അവതാര്‍ ആദ്യഭാഗത്തിനാണ് നിലവിലെ റെക്കോര്‍ഡ്
image: avatar/FB
image: avatar/FB
Published on

ഒരു സിനിമ ടിക്കറ്റിന് 1700 രൂപയോ എന്ന് ചോദിക്കരുത്. മുംബൈയിലെ ഹൈസ്ട്രീറ്റ് ഫീനിക്സ് മാളിലുള്ള ഐമാക്സ് സ്‌ക്രീനില്‍ അവതാര്‍ 2 (Avatar: The Way of Water) കാണാന്‍ നിങ്ങള്‍ 850-1700 രൂപ വരെ ചെലവാക്കേണ്ടി വരും. ബംഗളൂരു ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിലൊക്കെ ഐമാക്സ് സ്‌ക്രീനില്‍ ടിക്കറ്റ് നിരക്ക് 1000 കടക്കും. ലോകം ആകാംഷയോടെ കാത്തിരിക്കുന്ന അവതാര്‍ ഡിസംബര്‍ 16ന് ആണ് തീയേറ്ററുകളില്‍ എത്തുന്നത്.

തിരുവനന്തപുരം ലുലു മാളില്‍ തുറക്കാനിരിക്കുന്ന കേരളത്തിലെ ആദ്യ ഐമാക്സ് സ്‌ക്രീനിലെ ടിക്കറ്റ് നിരക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മാളുകളിലെല്ലാം ഡിമാന്‍ഡ് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരാറുണ്ട്. അവതാര്‍ ഉദ്ഘാടന ചിത്രം ആകുമോ എന്ന് വ്യക്തമല്ലെങ്കിലും ലുലുവിലെ ഐമാക്സ് തീയേറ്ററിലും ടിക്കറ്റ് നിരക്ക് 1000 കടക്കും. കഴിഞ്ഞ ആഴ്ച തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ച സിനിമയുടെ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ ഭൂരിഭാഗവും ഇതിനോടകം തന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്.

കേരളത്തിലേക്ക് വന്നാല്‍, അത്യാവശം സൗകര്യങ്ങളുള്ള ഒരു തീയേറ്ററില്‍ 3ഡി കണ്ണടയുള്‍പ്പടെ 150 രൂപ മുതല്‍ സിനിമ കാണാം. തിരുവനന്തപുരം ലുലുമാളിലെ പിവിആര്‍ ലക്സില്‍ ടിക്കറ്റ് വില 830-930 നിരക്കിലാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 4ഡിഎക്സ് സ്‌ക്രീനുകളിലും മറ്റ് പ്രീമിയം സ്‌ക്രീനുകളിലും 500 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് വില. ബുക്ക്മൈ ഷോ ഉള്‍പ്പടെയുള്ള ടിക്കറ്റ് ബുക്കിംഗ് ആപ്പുകളുടെ ഫീ ഉള്‍പ്പെടുത്താതെയാണ് ഈ നിരക്കുകള്‍.

നഷ്ടം സംഭവിക്കാതിരിക്കാന്‍ 2 ബില്യണ്‍ ഡോളര്‍

അവതാര്‍ 2വിന്റെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കണമെങ്കില്‍ കുറഞ്ഞത് 2 ബില്യണ്‍ ഡോളറിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടണമെന്നാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍ അടുത്തിടെ പറഞ്ഞത്. ഏകദേശം 250 മില്യണ്‍ ഡോളറോളമാണ് (ഏകദേശം 2000 കോടി രൂപ) സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍, അന്ന് 2.78 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു.

10 വര്‍ഷത്തിന് ഇപ്പുറം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഈ റെക്കോര്‍ഡ് മറികടന്നിരുന്നു. എന്നാല്‍ 2021ല്‍ ചൈനീസ് റീ-റിലീസോടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 2.92 ബില്യണായി ഉയര്‍ത്തിയ അവതാര്‍ ആ റെക്കോര്‍ഡ് തിരിച്ചു പിടിച്ചു. അവതാര്‍ ആദ്യ ഭാഗം നേടിയ കളക്ഷനും ഇന്നത്തെ ടിക്കറ്റ് നിരക്കും പരിഗണിക്കുമ്പോള്‍ 3 ബില്യണ്‍ ഡോളറെന്ന മാന്ത്രിക സംഖ്യ അവാകാര്‍ 2 മറികടക്കും എന്ന് തന്നെയാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ് ടോം ക്രൂസിന്റെ ടോപ് ഗണ്‍: മാവെറിക് ആണ്. 1.49 ബില്യണ്‍ ഡോളറോളം ആണ് സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്ന അവതാര്‍ 2 കൂടാതെ Avatar: The Seed Bearer (അവതാര്‍-3) , Avatar: The Tulkun Rider (അവതാര്‍-4), Avatar: The Quest for Eywa (അവതാര്‍ 5) എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍ കൂടി അവതാര്‍ സീരിസില്‍ ഉണ്ടാവും. അവതാര്‍ 2ന് ഒപ്പം തന്നെ ഷൂട്ടിംഗ് നടന്ന അവതാര്‍ 3 2024 ഡിസംബറില്‍ റിലീസ് ചെയ്യും. ബാക്കി രണ്ട് ഭാഗങ്ങള്‍ ചീത്രീകരിക്കുന്ന കാര്യത്തില്‍ അവതാര്‍ 2ന്റെ വിജയം പരിഗണിച്ചാവും തീരുമാനം എടുക്കുക. അവസാന ഭാഗം സംവിധാനം ചെയ്‌തേക്കില്ലെന്ന സൂചന ജെയിംസ് കാമറൂണ്‍ നല്‍കിയിരുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നിങ്ങനെ 5 ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ജെയിംസ് കാമറൂണും ലൈറ്റ്‌സ്റ്റോം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജോണ്‍ ലാന്‍ഡോയും ചേര്‍ന്നാണ് അവതാര്‍ നിര്‍മിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com