

2026ലെ ആദ്യ രണ്ടു മാസങ്ങളിലെ തിരിച്ചടിക്കു ശേഷം മലയാള സിനിമയ്ക്ക് ആവേശം സമ്മാനിക്കുന്ന വേനല്‍ക്കാലം. പരീക്ഷയും നിയമസഭ തിരഞ്ഞെടുപ്പും കടുത്ത വേനലും തീയേറ്ററുകളിലേക്കുള്ള ആളൊഴുക്കിനെ ബാധിച്ചിട്ടില്ലെന്ന് ബോക്‌സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളുടെ റിലീസിംഗാണ് തീയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത ആട് 3യും ദുരന്ധര്‍ 2വും വലിയ തോതില്‍ കളക്ഷന്‍ സ്വന്തമാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ദൃശ്യം 3, പാട്രിയോറ്റ്, പ്രതിച്ഛായ തുടങ്ങിയ ചിത്രങ്ങള്‍ റിലീസാകുന്നുണ്ട്. ഈ ചിത്രങ്ങള്‍ കൂടിയെത്തുന്നതോടെ തീയറ്ററുകളിലേക്ക് കൂടുതല്‍ ആളുകളെത്തുമെന്നാണ് കണക്കുകൂട്ടല്‍. നിയമസഭ തിരഞ്ഞെടുപ്പും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റും വരുന്നത് ചിത്രങ്ങളെ ബാധിക്കുമോയെന്ന ആശങ്ക സിനിമ മേഖലയിലുണ്ട്.
ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി വകവയ്ക്കാതെ റിലീസ് ചെയ്ത ആട് 3 പ്രതീക്ഷിച്ച പോലെ മികച്ച ഇനീഷ്യല്‍ കളക്ഷനുമായി മുന്നോട്ടാണ്. സ്‌കൂള്‍ കുട്ടികളുടെ പരീക്ഷ കഴിയുന്നതോടെ തീയറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് 19 വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത് 5.95 കോടി രൂപയാണ്. ഒക്യുപെന്‍സി റേറ്റ് 67 ശതമാനമായിരുന്നു. പ്രവൃത്തി ദിനമായതും പരീക്ഷക്കാലമായതും ആദ്യ ദിനത്തിലെ കളക്ഷനെ ബാധിച്ചു. എന്നാല്‍ പിന്നീടുള്ള ദിനങ്ങളില്‍ കളക്ഷന്‍ ഉയരുന്നതിനാണ് ബോക്‌സോഫീസ് സാക്ഷ്യംവഹിച്ചത്. ശനിയാഴ്ച 7.15 കോടി രൂപയും ഞായറാഴ്ച 7.10 കോടി രൂപയും കേരളത്തില്‍ നിന്ന് കളക്ട് ചെയ്തു.
ആദ്യ നാല് ദിനങ്ങളിലെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 26.50 കോടി രൂപയാണ്. വിദേശത്തു നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. 60-65 കോടി രൂപ ബജറ്റിലാണ് ആട്-3 അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോംഗ് റണ്ണില്‍ ചിത്രം തീയറ്ററില്‍ നിന്ന് ലാഭം നേടുമെന്നാണ് വിലയിരുത്തല്‍. ദുരന്ധര്‍ 2ന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കുള്ളത് ആട് 3യ്ക്ക് ഗുണം ചെയ്യും.
തീയറ്ററുകളില്‍ വിസ്മയം തീര്‍ത്ത് മുന്നേറുകയാണ് ദുരന്ധര്‍ 2. ആദ്യ നാല് ദിവസം കൊണ്ട് 750 കോടി നാഴികക്കല്ല് ചിത്രം പിന്നിട്ടു. കേരളത്തില്‍ നിന്ന് മാത്രം 10 കോടിക്ക് മുകളിലായി കളക്ഷന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കുള്ളതിനാല്‍ വലിയൊരു മാര്‍ക്കറ്റ് നഷ്ടമായിട്ടു പോലും റെക്കോഡ് കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ആദ്യത്തെ നാലുദിവസത്തെ കളക്ഷന്‍ 550 കോടി രൂപയാണ്. വിദേശ കളക്ഷന്‍ 211 കോടി രൂപയും. വരുംദിവസങ്ങളില്‍ ഈ മുന്നേറ്റം നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ചിത്രങ്ങള്‍ സാധാരണയായി റിലീസിംഗ് ഇല്ലാത്ത ഉറുഗ്വേ, യുക്രെയ്ന്‍, ബള്‍ഗേറിയ, റൊമേനിയ, ചിലി, മെക്‌സിക്കോ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലും ദുരന്ധര്‍ 2 റിലീസായിട്ടുണ്ട്.
ദുരന്ധര്‍ ആദ്യ ഭാഗത്തെ അപേക്ഷിച്ച് മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും ചിത്രം ലഭ്യമാണ്. കേരളത്തില്‍ ഹിന്ദി വേര്‍ഷന് തന്നെയാണ് ഡിമാന്‍ഡ് കൂടുതല്‍. ഹിന്ദിയെ അപേക്ഷിച്ച് കുറഞ്ഞ സ്‌ക്രീനുകളിലാണ് മലയാളം വേര്‍ഷന്‍ റിലീസ് ചെയ്തിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine