രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മിന്നിത്തിളങ്ങി ആദ്യ സിനിമ; തുടക്കം കസറി കേശവ്

ആദ്യമായി അഭിനയിച്ച സിനിമ യു.എസിലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഡ്രാമ വിഭാഗത്തില്‍ മികച്ച സിനിമയായി തിരഞ്ഞെടുത്ത ത്രില്ലില്‍ മുംബൈ മലയാളിയായ കേശവ് ബിനോയ് കിരണ്‍
Kesav Binoy Kiran
കേശവ് ബിനോയ് കിരണ്‍
Published on

''കുട്ടിക്കാലം മുതല്‍ ഒരു നടനാകണമെന്നതായിരുന്നു ആഗ്രഹം. വീട്ടിലെ ടെലിവിഷനില്‍ സിനിമ കാണാന്‍ കൂട്ടാക്കാതെ തിയേറ്ററില്‍ കൊണ്ടുപോയി എല്ലാ സിനിമയും കാണിച്ചുതന്ന അച്ഛനാണെന്റെ മോഹത്തെ ഊതിക്കാച്ചിയതെന്നും പറയാം. ജീവിതത്തില്‍ ഒറ്റ ലക്ഷ്യമേയുള്ളൂ, നടനാകണം,'' ആദ്യമായി അഭിനയിച്ച ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ ഫിലിം ഫെസ്റ്റിവലുകളുടെ പട്ടികയില്‍ പെടുന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കുകയും ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രമായി മാറുകയും ചെയ്ത ത്രില്ലില്‍ പറയുന്നു കേശവ് ബിനോയ് കിരണ്‍.

ആദ്യ ഓഡിഷനില്‍ തന്നെ അഭിനയിക്കാന്‍ അവസരം ലഭിക്കുക, അഭിനയിച്ച ആദ്യ സിനിമ തന്നെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക, അതിന് അംഗീകാരം കിട്ടുക... ഏതൊരു യുവ അഭിനേതാവും കൊതിക്കുന്ന നേട്ടങ്ങളാണ് കേശവിനെ തേടിയെത്തിയിരിക്കുന്നത്.

അമ്മയും കൗമാരപ്രായക്കാരിയായ മകളും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം വിവരിക്കുന്ന, പെണ്‍കുട്ടികളുടെ മാനസിക വിചാരങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗേള്‍സ് വില്‍ ബി ഗേള്‍സ് (Girls Will Be Girls) എന്ന സിനിമയിലാണ് നായക കഥാപാത്രമായി കേശവ് അഭിനയിച്ചത്. സംവിധായകയായ സുചി തലാത്തിയുടെ ഈ സിനിമയിലേക്ക് കേശവ് എത്തിപ്പെട്ടതിലും അഭിനയിച്ചതിലുമെല്ലാം ഒരു 'സിനിമാ ടച്ചു'ണ്ട്.

വെള്ളിത്തിരയിലേക്ക്

ജനിച്ചത് കേരളത്തിലാണെങ്കിലും കേശവ് വളര്‍ന്നതും പഠിച്ചതുമെല്ലാം മലേഷ്യയിലും മുംബൈയിലുമായിട്ടായിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ന്യൂ ബിസിനസ് വെഞ്ച്വേഴ്‌സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായി ഇപ്പോള്‍ പദവി വഹിക്കുന്ന അച്ഛന്‍ ബിനോയ് ബിയാണ് കേശവിന്റെ അച്ഛന്‍. അമ്മ കവിത ബിനോയ് ഇന്റീരിയര്‍ ഡിസൈനറാണ്. ''അച്ഛനാണ് സിനിമകള്‍ കാണിച്ച് നടനാകണമെന്ന മോഹം ഉള്ളിലുറപ്പിച്ചതെങ്കിലും പഠനകാലത്ത് എന്റെ തിയേറ്റര്‍ സ്വപ്‌നങ്ങള്‍ക്ക് കൂട്ടു നിന്നത് അമ്മയാണ്,'' കേശവ് പറയുന്നു.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ലഭിക്കുന്ന വേദികളിലെല്ലാം നൃത്തം ചെയ്യുമായിരുന്നു. സദസ്സിനെ ഇളക്കി മറിക്കുന്നതും കൈയടി വാങ്ങുന്നതും നടന്മാരാണെന്ന തിരിച്ചറിയല്‍ വന്നതോടെ നൃത്തം വിട്ട് തിയേറ്ററിലേക്കായി ശ്രദ്ധ. ''ജയ്പൂരില്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ പോയത് തന്നെ തിയേറ്റര്‍ സൗകര്യങ്ങള്‍ നോക്കിയാണ്. ഞാന്‍ പഠിച്ച കോളെജില്‍ നാടക ക്ലബ് സജീവമായിരുന്നു. മൂന്നാംവര്‍ഷമായപ്പോള്‍ നാടക ക്ലബിന്റെ വൈസ് പ്രസിഡന്റായി. ഒരുപാട് വര്‍ക്ക് ഷോപ്പുകളും അഭിനയകളരികളും നാടകങ്ങളുമെല്ലാം സംഘടിപ്പിക്കാന്‍ സാധിച്ചു,'' കേശവ് പറയുന്നു.

മൂന്നാംവര്‍ഷ എന്‍ജിനീയറിംഗ് പഠനകാലത്താണ് ലൈഫ് ഓഫ് പൈ അടക്കമുള്ള സിനിമകളുടെ കാസ്റ്റിംഗ് ഡയറക്റ്ററായ ദിലീപ് ശങ്കറിന്റെ കാസ്റ്റിംഗ് കോള്‍ കാണുന്നത്. ''സുഹൃത്തുക്കളെല്ലാം അത് തട്ടിപ്പാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഓഡിഷന് പണം നല്‍കേണ്ടി വരുമെന്നൊക്കെ പറഞ്ഞു. പക്ഷേ രണ്ടും കല്‍പ്പിച്ച് ഞാന്‍ അപേക്ഷിച്ചു. എന്നെ അവര്‍ വിളിച്ചു. അധികമാരോടും പറയാതെയാണ് ഞാന്‍ ഓഡിഷന് വരെ പോയത്,'' അതിന് മുമ്പ് ചില പരസ്യചിത്രങ്ങളുടെ ഓഡിഷന് മാത്രമേ കേശവ് പോയിരുന്നുള്ളൂ. ഡല്‍ഹിയിലായിരുന്നു ആദ്യ ഓഡിഷന്‍. സംവിധായകയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കേശവിനെ നന്നായി ബോധിച്ചു. അങ്ങനെ ആദ്യ സിനിമയിലേക്ക് വഴി തെളിഞ്ഞു.

എന്‍ജിനീയറിംഗ് അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ പുരോഗമിക്കുമ്പോഴായിരുന്നു സിനിമ ചിത്രീകരണ ഷെഡ്യൂളും. രാത്രി വൈകി ഹോസ്റ്റലില്‍ എത്തി രാവിലെ പരീക്ഷ എഴുതി തിരിച്ചുപോയി അഭിനയിച്ചിട്ടുണ്ട് കേശവ്. ഡെറാഡൂണിലും മസൂറിയിലുമായിരുന്നു സിനിമാ ചിത്രീകരണം.

കനി കുസൃതി എന്ന അഭിനയ പ്രതിഭ

ചിത്രത്തില്‍ കൗമാരപ്രായക്കാരിയുടെ അമ്മ വേഷം ചെയ്തത് പ്രശസ്ത മലയാളി താരമായ കനി കുസൃതിയാണ്. ''കനി ചേച്ചിയുടെ കൂടെയുള്ള അഭിനയം വലിയ അനുഭവം തന്നെയായിരുന്നു,'' കേശവ് പറയുന്നു.

മലയാള സിനിമകളെ എല്ലാ കൂട്ടായ്മകളിലും പരിചയപ്പെടുത്തുന്ന കേശവ് ജയ്പൂരിലെ പഠന കാലത്ത് കോളെജിലെ വേദികളില്‍ പ്രമുഖ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ''ബാംഗ്ലൂര്‍ ഡെയ്‌സ്, കുമ്പളങ്ങി നൈറ്റ്‌സ്, ദേവാസുരം, ബിഗ് ബി... എന്നുവേണ്ട വൈവിധ്യമുള്ള സിനിമകള്‍ ക്ലബുകളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇന്ന് അവരെല്ലാം തന്നെ മലയാളം സിനിമകളുടെ ഫാനാണ്,'' നിറഞ്ഞ ചിരിയോടെ കേശവ്.

കേരളത്തിലെ പഠന കളരി

വേണുജിയുടെ നടനകൈരളിയിലെ ശില്‍പ്പശാലയില്‍ പങ്കെടുത്ത് തന്നിലെ നടനെ കൂടുതല്‍ തെളിമയുള്ളതാക്കാന്‍ പരിശ്രമിക്കുന്ന ഈ യുവപ്രതിഭ മികച്ച അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ''കോഫി വിത്ത് കരണ്‍ കണ്ടുതുടങ്ങിയ കുട്ടിക്കാലത്ത് ആ വേദിയില്‍ ചെന്നിരിക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ ആഗ്രഹം ഷാരൂഖ് ഖാനൊപ്പം ആക്ടേഴ്‌സ് റൗണ്ട് ടേബിളിലിരിക്കണമെന്നാണ്,'' നടന്‍ എന്ന മോഹത്തില്‍ മാത്രം കഴിയുന്ന കേശവ് പഠിച്ച കമ്പ്യൂട്ടര്‍ സയന്‍സിന്റെ മേഖലയില്‍ ജോലി തേടാന്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. നടനാകണം. ഏക ആഗ്രഹം അതുമാത്രം. സ്വപ്‌നത്തിന് കൂട്ടായി മാതാപിതാക്കള്‍ക്കൊപ്പം ഏകസഹോദരി രചന ബിനോയും കേശവിനൊപ്പമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com