122ല്‍ വിജയിച്ചത് 10-ല്‍ താഴെ മാത്രം! ഒ.ടി.ടിയും ചാനലുകളും കൈവിട്ടു; 2026ല്‍ മലയാള സിനിമ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയോ?

ഒടിടി, സാറ്റലൈറ്റ് വരുമാനം ചുരുങ്ങുമ്പോള്‍ നിര്‍മാതാവിന് മുന്നില്‍ തിയേറ്റര്‍ കളക്ഷന്‍ മാത്രം
122ല്‍ വിജയിച്ചത് 10-ല്‍ താഴെ മാത്രം! ഒ.ടി.ടിയും ചാനലുകളും കൈവിട്ടു; 2026ല്‍ മലയാള സിനിമ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയോ?
Published on

റിലീസുകളുടെ എണ്ണം കൂടുന്നു, സിനിമകളുടെ ബജറ്റും ഉയരുന്നു, താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലവും കുതിക്കുന്നു. എന്നാല്‍ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറയുകയും മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന സിനിമകളുടെ എണ്ണം ചുരുങ്ങുകയും ചെയ്യുന്നു. 2026ന്റെ പകുതി പിന്നിടുമ്പോള്‍ മലയാള സിനിമാ വ്യവസായത്തിന് കാര്യങ്ങളത്ര സുഖകരമല്ല. 122ലേറെ മലയാള ചിത്രങ്ങളാണ് ഇതുവരെ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പത്തില്‍ താഴെ ചിത്രങ്ങള്‍ക്കു മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായത്.

സൂപ്പര്‍താരങ്ങളുടെ വലിയ പ്രചാരണത്തോടെ എത്തിയ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയപ്പോള്‍, പുതുമുഖങ്ങളുമായെത്തിയ ബജറ്റ് കുറഞ്ഞ ചില സിനിമകള്‍ വലിയ കളക്ഷന്‍ നേടിയത് ഇന്‍ഡസ്ട്രിക്ക് ആശ്വാസമായി.

റിലീസ് കൂടുമ്പോഴും വരുമാനം കുറയുന്നു

മലയാള സിനിമയില്‍ വര്‍ഷംതോറും റിലീസുകളുടെ എണ്ണം കൂടുകയാണ്. എന്നാല്‍ റിലീസ് ചെയ്യുന്നതെല്ലാം പ്രേക്ഷകനിലേക്ക് എത്തുന്നില്ല. നിരവധി സിനിമകള്‍ക്ക് വേണ്ടത്ര സ്‌ക്രീനുകളോ ഷോകളോ ലഭിക്കുന്നില്ല. തീയറ്റര്‍ ലഭിച്ചാല്‍പ്പോലും ആദ്യ ദിവസങ്ങളില്‍ കാര്യമായ ടിക്കറ്റ് വില്‍പനയുണ്ടാകാത്ത സ്ഥിതിയാണെന്ന് നിര്‍മാതാവും സംവിധായകനുമായ പോളി വടക്കന്‍ പറഞ്ഞു.

ചില ചിത്രങ്ങള്‍ക്ക് റിലീസ് ദിവസങ്ങളില്‍ സംസ്ഥാനത്താകെ ലഭിക്കുന്ന നിര്‍മാതാവിന്റെ വിഹിതം വളരെ കുറവാണ്. ആദ്യ ദിനംതന്നെ പ്രതികരണം മോശമായാല്‍ രണ്ടാം ദിവസം മുതല്‍ ഷോകള്‍ കുറയും. പുതിയ സിനിമകള്‍ എത്തുന്നതോടെ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ചിത്രം തിയേറ്ററുകളില്‍നിന്ന് പുറത്താകുകയും ചെയ്യും.

ഉള്ളടക്കത്തിലാണ് കാര്യം

2026ലെ മലയാള സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത താരമൂല്യവും ബോക്സ് ഓഫീസ് വിജയവും തമ്മിലുള്ള പഴയ ബന്ധം കൂടുതല്‍ ദുര്‍ബലമായതാണ്. ഈ വര്‍ഷത്തെ പണംവാരി ചിത്രങ്ങളിലൊന്നാണ് വാഴ-2. ഈ ചിത്രം ആഗോളതലത്തില്‍ ഏകദേശം 235 കോടി ഗ്രോസ് കളക്ഷന്‍ നേടി. വലിയ താരനിരയില്ലാതെയും മികച്ച ഉള്ളടക്കം കൊണ്ട് തീയറ്ററില്‍ വിജയിക്കാമെന്ന് ഈ ചിത്രം കാണിച്ചുകൊടുത്തു.

ഗ്രോസ് കളക്ഷന്‍ എന്നാല്‍ നിര്‍മാതാവിന്റെ വരുമാനമല്ല

സിനിമ 50 കോടി ഗ്രോസ് നേടി എന്നതിന് നിര്‍മാതാവിന് 50 കോടി രൂപ ലഭിച്ചു എന്നര്‍ത്ഥമില്ല. ടിക്കറ്റ് വില്‍പനയില്‍നിന്ന് ആദ്യം നികുതിയും മറ്റു ചാര്‍ജുകളും കുറയും. ശേഷിക്കുന്ന തുകയില്‍ തിയേറ്റര്‍ ഉടമയുടെയും വിതരണക്കാരന്റെയും വിഹിതം പോകും. റിലീസിന്റെ ആദ്യ ആഴ്ച, തുടര്‍ന്നുള്ള ആഴ്ചകള്‍, വിതരണ കരാര്‍ എന്നിവ അനുസരിച്ച് നിര്‍മാതാവിന്റെ വിഹിതം മാറും. അതുകൊണ്ടുതന്നെ 50 കോടി ഗ്രോസ് നേടിയ സിനിമയും ഉയര്‍ന്ന ബജറ്റാണെങ്കില്‍ നഷ്ടത്തിലാകാം.

മലയാള സിനിമയുടെ ഇപ്പോഴത്തെ പ്രതിസന്ധി ഗ്രോസ് കളക്ഷന്റെ കുറവ് മാത്രമല്ല. ചെലവും തിരിച്ചുകിട്ടുന്ന തുകയും തമ്മിലുള്ള വലിയ അന്തരമാണ്. മുമ്പ് 12 കോടി ചെലവില്‍ പൂര്‍ത്തിയാക്കിയിരുന്ന സിനിമകള്‍ക്ക് ഇപ്പോള്‍ കുറഞ്ഞത് 34 കോടി വരെ ചെലവ് വരുന്നതായി നിര്‍മാതാക്കള്‍ പറയുന്നു. അഭിനേതാക്കളുടെ ഉയര്‍ന്ന പ്രതിഫലം മുതല്‍ പി.ആര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പ്രമോഷന്‍ ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും.

ഒടിടി വരുമാനത്തില്‍ ഇടിവ്

കോവിഡ് കാലത്തിനു ശേഷമുള്ള വര്‍ഷങ്ങളില്‍ മലയാള സിനിമയ്ക്ക് വലിയ സാമ്പത്തിക പിന്തുണ നല്‍കിയിരുന്നത് ഒടിടി അവകാശ വില്‍പനയായിരുന്നു. റിലീസിന് മുന്‍പുതന്നെ ഡിജിറ്റല്‍ അവകാശം വിറ്റ് നിര്‍മാണച്ചെലവിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാന്‍ പല സിനിമകള്‍ക്കും കഴിഞ്ഞിരുന്നു. ഇപ്പോള്‍ ആ സാഹചര്യം മാറിയിരിക്കുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ പ്രേക്ഷക ഡാറ്റ, താരമൂല്യം, തിയേറ്റര്‍ പ്രകടനം, റിവ്യൂ, വാച്ച് ടൈം സാധ്യത എന്നിവ പരിശോധിച്ചാണ് വാങ്ങല്‍ തീരുമാനിക്കുന്നത്. എല്ലാ സിനിമകള്‍ക്കും വലിയ തുക നല്‍കുന്ന കാലം അവസാനിച്ചു.

തിയേറ്ററില്‍ വിജയിച്ച സിനിമകള്‍ക്കും പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ക്കും മാത്രമാണ് മികച്ച ഒടിടി വരുമാനം ലഭിക്കുന്നത്. തീയറ്ററില്‍ ശ്രദ്ധിക്കപ്പെടാത്ത ചിത്രങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോം കണ്ടെത്താന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എടുക്കാത്ത ചിത്രങ്ങള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന നിര്‍മാതാക്കള്‍ ഏറെയാണ്.

ചാനലുകാരും കൈയൊഴിയുന്നു

ഒരുകാലത്ത് സിനിമയുടെ സാറ്റലൈറ്റ് അവകാശ വില്‍പന നിര്‍മാതാവിന് ഉറപ്പുള്ള വരുമാനമായിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ കുറവ്, പരസ്യവരുമാനത്തിലെ ഇടിവ്, ഒടിടിയുടെ സ്വാധീനം എന്നിവ ചാനലുകളുടെ സിനിമാ വാങ്ങലിനെ പിന്നോട്ടടിച്ചു. ഇപ്പോള്‍ എല്ലാ സിനിമകളും ടെലിവിഷന്‍ ചാനലുകള്‍ വാങ്ങുന്നില്ല. വാങ്ങിയാലും മുന്‍കാലത്തേതിനേക്കാള്‍ കുറഞ്ഞ തുകയായിരിക്കാം ലഭിക്കുക. തിയേറ്ററിലും ഒടിടിയിലും മികച്ച പ്രകടനം നടത്തുന്ന സിനിമകള്‍ക്കാണ് സാറ്റലൈറ്റ് വിപണിയിലും മുന്‍ഗണന.

മലയാള സിനിമയില്‍ പ്രതിസന്ധി ഇന്നോ ഇന്നലെയോ പെട്ടെന്ന് രൂപപ്പെട്ടതല്ല. വര്‍ഷങ്ങളായി പതിയെ പതിയെ ഉരുണ്ടുകൂടിയ പ്രതിസന്ധിയാണത്. 2025ല്‍ പുറത്തിറങ്ങിയ 184 മലയാള സിനിമകളില്‍ 15 എണ്ണം മാത്രമാണ് ലാഭത്തിലായതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഓണം രക്ഷകനാകുമോ?

മലയാള സിനിമയുടെ ഏറ്റവും വലിയ കളക്ഷന്‍ സീസണുകളിലൊന്നാണ് ഓണം. കുടുംബപ്രേക്ഷകര്‍ കൂടുതലായി തിയേറ്ററുകളിലെത്തുന്ന സമയമായതിനാല്‍ ഓണച്ചിത്രങ്ങളില്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ ഒരേ സമയത്ത് നിരവധി സൂപ്പര്‍താര ചിത്രങ്ങള്‍ എത്തുന്നത് ഷോകളും കളക്ഷനും വിഭജിക്കാന്‍ ഇടയാക്കും. ഉള്ളടക്കത്തിലും തിയേറ്റര്‍ അനുഭവത്തിലും മികവ് പുലര്‍ത്തുന്ന സിനിമകള്‍ക്കാകും ഓണ വിപണിയില്‍ കൂടുതല്‍ നേട്ടം.

Malayalam cinema is facing a severe financial crisis in 2026 as rising production costs, weak box-office returns and shrinking OTT and satellite revenues squeeze producers

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com