ഇക്കാര്യത്തിൽ മധുര രാജ ലൂസിഫറെ കടത്തിവെട്ടി!
മുൻപ് സിനിമകൾ തമ്മിലുള്ള മത്സരം അവ തീയറ്ററുകളിൽ എത്തിക്കഴിഞ്ഞിട്ടായിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ മത്സരം തുടങ്ങുകയായി. സോഷ്യൽ മീഡിയകളാണ് അങ്കത്തട്ട്.
വെറും രണ്ടാഴ്ചയുടെ വ്യത്യാസത്തിലാണ് മമ്മൂട്ടിയുടെ മധുര രാജയും മോഹൻലാലിന്റെ ലൂസിഫറും തീയേറ്ററുകളിൽ എത്തുന്നത്.
ചിത്രങ്ങളെ വരവേൽക്കാൻ സോഷ്യൽ മീഡിയയിൽ ആരാധകർ ഇപ്പോഴേ വിജയാഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഈ രണ്ടു സിനിമകളുടെ ഓരോ പോസ്റ്റർ റിലീസും അപ്‌ഡേറ്റുകളും അവയെത്ര ഷെയർ ചെയ്യപ്പെടുന്നുണ്ട് എന്ന കാര്യത്തിലും കടുത്ത മത്സരമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഇതിൽ ഏറ്റവും ഒടുവിലത്തേത് രണ്ടു ചിത്രങ്ങളുടെയും ട്വിറ്റർ ഹാഷ്ടാഗുകൾ തമ്മിലുള്ള മത്സരമായിരുന്നു. പരസ്പരം റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുകയാണ് ലൂസിഫറും മധുരരാജയും.
2019 മാർച്ച് 1 ന് #MonthOfLuciferMarching എന്ന ഹാഷ്ടാഗായിരുന്നു ട്വിറ്ററിൽ ട്രെൻഡിങ്. 24 മണിക്കൂറിൽ 89,000 ട്വീറ്റ് എന്ന മലയാള സിനിമയിലെ റെക്കോർഡ് അന്ന് ലൂസിഫർ സ്വന്തമാക്കി. എന്നാൽ മാർച്ച് 9ന്, #1monthForMaduraRaja എന്ന ഹാഷ്ടാഗ് 24 മണിക്കൂറിൽ ഒരു ലക്ഷം ട്വീറ്റ് നേടി ലൂസിഫറിന്റെ റെക്കോർഡ് തിരുത്തി.
ഇനി വരാനുള്ളത് ടീസറും ട്രെയ്‌ലറുമാണ്. ഇക്കാര്യത്തിൽ ആരാണ് സോഷ്യൽ മീഡിയയിൽ റെക്കോർഡ് നേടുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു. നെൽസൺ ഐപാണ് നിർമ്മാണം.
പൃഥ്വിരാജ് ആദ്യമായി സ്വതന്ത്ര സംവിധായകൻ കൂടിയാകുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് നായിക. ടൊവിനോ തോമസും ബോളിവുഡ് താരം വിവേക് ഒബ്റോയിയും പ്രധാന വേഷത്തിലെത്തുന്നു.