ലയണല്‍ മെസിയും ശതകോടീശ്വരന്‍മാരുടെ ക്ലബ്ബിലേക്ക്; 100 കോടി ഡോളര്‍ ആസ്തി കൈവരിക്കുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ താരം

പുതിയ ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയിലാണ് ഏകദേശം 8,300 കോടിയിലധികം രൂപ പിന്നിട്ടതായി വ്യക്തമാക്കുന്നത്
Lionel Messi
Insta leomessi
Published on

ഫുട്‌ബോള്‍ മൈതാനത്തെ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ സാമ്പത്തിക സിംഹാസനത്തിലും ചരിത്രം കുറിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം 'ബില്യണയര്‍' (ശതകോടീശ്വരന്‍) പദവി കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ഫുട്‌ബോള്‍ താരമെന്ന നേട്ടമാണ് ഇന്റര്‍ മയാമി ക്യാപ്റ്റന്‍ കൂടിയായ മെസി സ്വന്തമാക്കിയത്. പുതിയ ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയിലാണ് (Bloomberg Billionaires Index) മെസിയുടെ ആകെ ആസ്തി 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടിയിലധികം രൂപ) പിന്നിട്ടതായി വ്യക്തമാക്കുന്നത്.

വരുമാനം 2007 മുതല്‍ കുതിച്ചുയര്‍ന്നു

ബ്ലൂംബെര്‍ഗിന്റെ വിശകലനമനുസരിച്ച്, 2007 മുതല്‍ മാത്രം ശമ്പള ഇനത്തിലും ബോണസായും 700 മില്യണ്‍ ഡോളറിലധികം (ഏകദേശം 5,800 കോടി രൂപ) മെസി സമ്പാദിച്ചിട്ടുണ്ട്. നികുതി കിഴിവുകള്‍ക്ക് ശേഷമുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം, ആഗോള ബ്രാന്‍ഡുകളുടെ പരസ്യ കരാറുകള്‍ (Endorsements), വിപണിയിലെ മികച്ച പ്രകടനം എന്നിവയാണ് മെസിയുടെ ആസ്തി 100 കോടി ഡോളര്‍ എന്ന മാന്ത്രികസംഖ്യ കടക്കാന്‍ സഹായിച്ചത്.

2023-ല്‍ സൗദി ക്ലബ്ബായ അല്‍-നാസറിലേക്ക് ചേക്കേറിയതോടെയാണ് റൊണാള്‍ഡോ ഈ നേട്ടത്തില്‍ ആദ്യമെത്തിയത്. റൊണാള്‍ഡോ തന്റെ ആഗോള ബ്രാന്‍ഡിംഗിലൂടെയും കടുത്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും അതിവേഗം പണം വാരിയപ്പോള്‍, മെസിയുടേത് കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ യൂറോപ്പിലും അമേരിക്കയിലുമായി നടത്തിയ സുരക്ഷിതവും ചിട്ടയായതുമായ നിക്ഷേപങ്ങളിലൂടെയുള്ള വളര്‍ച്ചയായിരുന്നു.

തുണയായത് ഇന്റര്‍ മയാമി കരാര്‍

2022 ലോകകപ്പ് വിജയത്തിന് ശേഷം സൗദി ക്ലബ്ബില്‍ നിന്ന് പ്രതിവര്‍ഷം 400 മില്യണ്‍ ഡോളറിന്റെ വമ്പന്‍ ഓഫര്‍ വന്നിട്ടും മെസി അത് നിരസിച്ച് അമേരിക്കന്‍ ലീഗിലെ (MLS) ഇന്റര്‍ മയാമിയിലേക്ക് മാറുകയായിരുന്നു. പണത്തിന് വേണ്ടിയല്ല താന്‍ ഈ തീരുമാനമെടുത്തതെന്ന് അന്ന് മെസി വ്യക്തമാക്കിയിരുന്നെങ്കിലും, ബിസിനസ് പരമായി ഈ നീക്കം മെസ്സിക്ക് വന്‍ നേട്ടമായി മാറി. ആപ്പിള്‍ ടിവിയുടെ (Apple TV) എംഎല്‍എസ് സ്ട്രീമിംഗ് വരുമാനത്തിന്റെ പങ്കും ക്ലബ്ബില്‍ ഭാവിയില്‍ ഓഹരി പങ്കാളിത്തം നേടാനുള്ള വ്യവസ്ഥകളും ഈ കരാറിന്റെ ഭാഗമായിരുന്നു. പരസ്യവരുമാനവും ബോണസും ഉള്‍പ്പെടെ പ്രതിവര്‍ഷം 70 മുതല്‍ 80 മില്യണ്‍ ഡോളര്‍ വരെയാണ് ഇന്റര്‍ മയാമിയില്‍ നിന്ന് മാത്രം മെസ്സിക്ക് ലഭിക്കുന്നത്.

കൂടാതെ സ്‌പെയിനിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്, സ്വന്തം സ്‌പോര്‍ട്‌സ് ഡ്രിങ്ക് ബ്രാന്‍ഡായ 'Más+', അര്‍ജന്റീനയിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ 'എല്‍ ക്ലബ്ബ് ഡി ലാ മിലാനേസ'യിലെ നിക്ഷേപങ്ങള്‍ എന്നിവയും മെസിയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കി.

അമേരിക്കയില്‍ 'ലിയോ മെസ്സി വേ'

2026 ഫിഫ ലോകകപ്പിന് മുന്നോടിയായി അമേരിക്കയില്‍ മെസി തരംഗം പുതിയ ഉയരങ്ങളിലെത്തി നില്‍ക്കുകയാണ്. മെസ്സിയുടെ ജനപ്രീതി കണക്കിലെടുത്ത് ന്യൂജേഴ്സിയിലെ ബെര്‍ക്ക്ലി ഹൈറ്റ്സ് (Berkeley Heights) എന്ന ടൗണ്‍ഷിപ്പിലെ ഒരു പ്രധാന റോഡിന് 'ലിയോ മെസ്സി വേ' (Leo Messi Way) എന്ന് ഔദ്യോഗികമായി പേരിട്ടു. ലോകകപ്പിന് മുന്നോടിയായി ജനങ്ങളില്‍ ആവേശം വളര്‍ത്താന്‍ രൂപീകരിച്ച പ്രാദേശിക ടാസ്‌ക് ഫോഴ്സിന്റെ ശുപാര്‍ശപ്രകാരമാണ് ഈ ആദരം. വരാനിരിക്കുന്ന ലോകകപ്പില്‍ അര്‍ജന്റീനയെ വീണ്ടും നയിക്കാനൊരുങ്ങുന്ന മെസിക്ക് കരിയറിലെ മറ്റൊരു വലിയ സുവര്‍ണ നേട്ടമായി മാറുകയാണ് ഈ ശതകോടീശ്വര പദവി.

Lionel Messi has joined the billionaire club as the second footballer after Cristiano Ronaldo to surpass a net worth of $1 billion, driven by salaries, endorsements, and strategic investments.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com