ഇത് ചരിത്രം: ഒടിയൻ റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ!
ലോകമൊട്ടാകെ മലയാളികൾ അക്ഷമയോടെ കാത്തിരിക്കുന്ന മോഹൻലാലിൻറെ ഒടിയൻ റിലീസിന് മൂന്ന് ദിവസം മുൻപേ 100 കോടി ക്ലബ്ബിൽ.
ചിത്രത്തിന്റെ പ്രി–റിലീസ് ബിസിനസ് 100 കോടി രൂപ കവിഞ്ഞെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടം കൈവരിക്കുന്നത്.
എന്തിരൻ 2 , ബാഹുബലി സീരിസ് എന്നിവയാണ് റിലീസിന് മുന്‍പേ നൂറ് കോടി നേടിയിട്ടുള്ള ചിത്രങ്ങള്‍.
സിനിമയുടെ റൈറ്സ്, പ്രീ-ബുക്കിംഗ് എന്നിവയിൽ നിന്നുള്ള വരുമാനമുൾപ്പെടെയാണ് ഈ കണക്ക്. ഈ റെക്കോർഡ് നേടുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യൻ സിനിമയും പതിനൊന്നാമത്തെ ഇന്ത്യൻ സിനിമയുമാണ് ഒടിയനെന്നാണ് ശ്രീകുമാർ കുറിച്ചത്.
ഏകദേശം 21 കോടി രൂപയ്ക്കാണ് സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയത്. ഹിന്ദി, തമിഴ്, തെലുങ്ക് ഡബ്ബിങ് റൈറ്റുകൾ വിറ്റത് 10 കോടി രൂപയ്ക്കാണ്.
റീമേയ്ക്ക് റൈറ്റ്സ്, തീയേറ്റർ റൈറ്റ്സ്, ഓഡിയോ, വീഡിയോ, ബ്രാൻഡിംഗ് എന്നിവയാണ് മറ്റ് പ്രീ-റിലീസ് വരുമാന സ്രോതസ്സുകൾ.
ലോകത്തൊട്ടാകെ 2,000 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രം 300 കോടിക്കടുത്ത് കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അങ്ങിനെയെങ്കിൽ മലയാളത്തിലെ എല്ലാ കളക്ഷൻ റെക്കോർഡും ഒടിയൻ തകർക്കും.
ചിത്രത്തിന്റെ വിഎഫ്എക്സ് ചെയ്തിരിക്കുന്നത് അജയ് ദേവ്ഗണിന്റെ കമ്പനിയാണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവർ പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നു.