ഇന്ത്യയ്ക്ക് മാത്രമായി നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ-ഒൺലി പ്ലാൻ

ഇന്ത്യയിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ തയ്യാറെടുക്കുകയാണ് ലോകത്തെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് സർവീസായ നെറ്റ്ഫ്ലിക്സ്. പണം കൊടുത്ത് സബ്‌സ്‌ക്രിപ്ഷൻ വാങ്ങുന്ന രീതി ഇന്ത്യയിൽ അത്ര പോപ്പുലറല്ലാത്തതുകൊണ്ടുതന്നെ, ഇന്ത്യയ്ക്കുമാത്രമായി ചെലവുകുറഞ്ഞ പ്ലാനുമായാണ് നെറ്റ്ഫ്ലിക്സിന്റെ വരവ്.

മൊബൈലിൽ മാത്രം ലഭ്യമാകുന്ന പുതിയ മൊബൈൽ-ഒൺലി പ്ലാനിന് മാസം 199 രൂപയാണ്. എല്ലാത്തരം മൊബൈൽ ഡിവൈസുകളും ഇതിലുൾപ്പെടും. ആൻഡ്രോയിഡ്, ആൻഡ്രോയിഡ് ഗോ പതിപ്പുകൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾ, ഐഫോണുകൾ, ആൻഡ്രോയിഡ് ടാബ്ലറ്റുകൾ, ഐപാഡുകൾ എന്നിവയിൽ മൊബൈൽ-ഒൺലി പ്ലാൻ ലഭിക്കും.

കൂടുതലാളുകളിലേക്കെത്താൻ 65 രൂപയുടെ വീക്ക്ലി സബ്സ്ക്രിപ്ഷൻ പ്ലാനും ഇന്ത്യയിൽ നെറ്റ്ഫ്ലിക്സ് ടെസ്റ്റ് ചെയ്യുന്നുണ്ട്. 199 രൂപയുടെ പ്ലാൻ സ്റ്റാൻഡേർഡ് ഡെഫിനിഷൻ ക്വാളിറ്റിയിലുള്ളതായിരിക്കും.

നിലവിൽ സാധാരണ പ്രതിമാസ സബ്സ്ക്രിപ്ഷൻ തുക 499 രൂപ (ബേസിക്), 649 രൂപ (സ്റ്റാൻഡേർഡ്) എന്നിങ്ങനെയാണ്. പുതിയ '199' പ്ലാൻ മൊബൈൽ ഒൺലി പ്ലാൻ ആയതുകൊണ്ടുതന്നെ മറ്റ് ഡിവൈസുകളിലേക്ക് 'മിറർ' ചെയ്യാനുള്ള ഓപ്ഷൻ കമ്പനിനൽകുന്നില്ല.

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും അടുത്ത എതിരാളിയായ ആമസോൺ 999 രൂപയ്ക്കാണ് വാർഷിക പ്രൈം മെമ്പർഷിപ് നൽകുന്നത്. 129 രൂപയുടെ മന്ത്‌ലി പ്ലാനും ആമസോണിനുണ്ട്. ഹോട്ട്സ്റ്റാറിന്റെ പ്രതിമാസ പ്ലാനും 199 രൂപയുടേതാണ്.

Related Articles
Next Story
Videos
Share it