

മലയാള സിനിമ തീയറ്ററിലും പുറത്തും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഓണം സിനിമകള്‍ മികച്ച കളക്ഷനാണ് നേടിയത്. 250 കോടി രൂപയും കടന്നുള്ള കുതിപ്പിലാണ് ലോക: ചാപ്റ്റര്‍ 1-ചന്ദ്ര. സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഹൃദയപൂര്‍വം' മോശമല്ലാത്ത കളക്ഷന്‍ നേടി.
തീയറ്ററുകള്‍ക്ക് ഓണക്കാലത്ത് സാമ്പത്തികമായി നേട്ടം നല്കാനും ഈ ചിത്രങ്ങള്‍ക്ക് സാധിച്ചു. ഇപ്പോഴിതാ ഓണത്തിന് മലയാളികളെ രസിപ്പിച്ച ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
സെപ്റ്റംബറില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടിക നോക്കാം.
ആസിഫ് അലി പ്രധാന റോളിലെത്തുന്ന സര്‍ക്കീട്ട് ആണ് റിലീസിംഗ് പ്രളയത്തിന് തുടക്കമിടുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. തീയറ്ററില്‍ ഭേദപ്പെട്ട അഭിപ്രായം നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമര്‍ ആണ്. മനോരമ മാക്‌സിലൂടെ സെപ്റ്റംബര്‍ 26നാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്.
ഓണത്തിന് റിലീസായതില്‍ നിരാശപ്പെടുത്തിയ ചിത്രമാണ് അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദര്‍ശന്‍, വിനയ് ഫോര്‍ട്ട് അടക്കം ഒരുപിടി താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തീയറ്ററില്‍ സാമ്പത്തിക വിജയം നേടാന്‍ ചിത്രത്തിനായില്ല. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ റിലീസിംഗ് ഉണ്ടാകുമെന്നാണ് വിവരം.
ഈ വര്‍ഷം തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന മോഹന്‍ലാലിന്റെ ഓണചിത്രമായിരുന്നു ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മനോഹരമായ കുടുംബകഥ പറയാന്‍ ഹൃദയപൂര്‍വത്തിന് സാധിച്ചു. തീയറ്ററില്‍ വിജയമായി മാറിയ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് ജിയോഹോട്ട്‌സ്റ്റാര്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനം റിലീസിംഗ് ഉണ്ടാകുമെന്നാണ് വിവരം.
ഈ വര്‍ഷത്തെ അപ്രതീക്ഷിത ഹിറ്റാണ് ലോക: ചാപ്റ്റര്‍ 1-ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 250 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ട ലോകയുടെ ഒടിടി റിലീസിംഗ് സെപ്റ്റംബര്‍ അവസാനത്തേക്കായിരുന്നു നിശ്ചയിച്ചിരുന്നത്. തീയറ്ററില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ഒക്ടോബറിലേക്ക് ഒ.ടി.ടി റിലീസിംഗ് മാറാന്‍ സാധ്യതയുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ അവകാശം നേടിയിരിക്കുന്നത്.
മീശ, രവീന്ദ്ര നീ എവിടെ?, ഫ്‌ളാസ്‌ക് തുടങ്ങിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒ.ടി.ടി റിലീസ് ചെയ്തിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine