

ഇന്ത്യന്‍ സംഗീത വിനോദ വ്യവസായത്തില്‍ ഇപ്പോള്‍ ട്രെന്റ് മാറ്റത്തിന്റെ കാലമാണ്. പഴയകാല സിനിമഗാനങ്ങള്‍ വീണ്ടും ഹിറ്റായി മാറുമ്പോള്‍ അത് സംഗീത കമ്പനികള്‍ക്കും ഈ ഗാനങ്ങളുടെ അവകാശം കൈവശമുള്ള കമ്പനികള്‍ക്കും വരുമാനമായി മാറുന്നു. അടുത്തിടെ മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ബെത്ലഹേം കുടുംബ യൂണിറ്റിയിലെ 'യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ' എന്ന ഗാനം ഇതിനു ഉദാഹരണമാണ്.
1980, 1990, 2000 കാലഘട്ടങ്ങളിലെ ജനപ്രിയ ഗാനങ്ങളുടെ അവകാശം കൈവശമുള്ള ചില സംഗീത കമ്പനികള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ 90 ശതമാനം വരെ പഴയ ഗാനങ്ങളില്‍നിന്ന് ലഭിക്കുന്നുണ്ടെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പാട്ടുകള്‍ക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാത്ത സാഹചര്യങ്ങളില്‍ പഴയ ഗാനങ്ങളുടെ അവകാശം സംഗീത കമ്പനികള്‍ക്ക് വലിയ ആസ്തിയായി മാറുകയാണ്. ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെയും സോഷ്യല്‍ മീഡിയയുടെയും വളര്‍ച്ചയാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെയും സോഷ്യല്‍ മീഡിയയുടെയും വളര്‍ച്ചയാണ് പഴയ ഗാനങ്ങളെ വീണ്ടും ലാഭകരമായ ബിസിനസാക്കി മാറ്റുന്നത്. ഒരിക്കല്‍ ഹിറ്റായ പാട്ടുകള്‍ വര്‍ഷങ്ങള്‍ക്കുശേഷവും കമ്പനികള്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന ആസ്തിയായി മാറുകയാണ്.
പഴയ മലയാള സിനിമാഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ വീണ്ടും ഉപയോഗിക്കുന്നത് സംഗീത കമ്പനികള്‍ക്കും അവകാശം കൈവശമുള്ളവര്‍ക്കും വരുമാനം ഉറപ്പുവരുത്തുന്നു. സിനിമകള്‍ക്കുപുറമേ പരസ്യങ്ങള്‍, വെബ് സീരീസുകള്‍, ടെലിവിഷന്‍ പരിപാടികള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെയും ഗാനങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനാകും.
ഒരുകാലത്ത് കാസറ്റുകളുടെയും സിഡികളുടെയും വില്പനയില്നിന്നായിരുന്നു സിനിമാഗാനങ്ങളുടെ പ്രധാന വരുമാനം. പിന്നീട് ടെലിവിഷനും റേഡിയോയും പ്രധാന മാധ്യമങ്ങളായി. എന്നാല്‍ ഇന്ന് യൂട്യൂബ്, സ്പോട്ടിഫൈ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വര്‍ഷങ്ങള്‍ പഴക്കമുള്ള പാട്ടുകള്‍ക്കും പുതിയ ഗാനങ്ങള്‍ക്കൊപ്പം ശ്രോതാക്കളെ നേടാനാകുന്നു.
പാട്ടുകളുടെ സ്ട്രീമിംഗിന് പുറമേ സിനിമകളിലും പരസ്യങ്ങളിലും അവ ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കുന്നതിലൂടെയും വരുമാനം ലഭിക്കുന്നു. സിങ്ക് ലൈസന്‍സിംഗ് (Sync Licensing) എന്നാണ് ഇത്തരം ഉപയോഗത്തിനുള്ള അനുമതിയെ വിളിക്കുന്നത്.
പഴയ ഗാനങ്ങളുടെ തിരിച്ചുവരവില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ക്കും ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കും നിര്‍ണായക പങ്കുണ്ട്. ഒരു സിനിമയിലെ രംഗമോ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡോ പഴയൊരു പാട്ടിനെ വീണ്ടും ജനപ്രിയമാക്കാം. തുടര്‍ന്ന് യൂട്യൂബിലും ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ആ പാട്ടിനായുള്ള തിരച്ചിലും ശ്രോതാക്കളുടെ എണ്ണവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ ഗാനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ഇതിന് ഉദാഹരണമാണ്. 'യവനകഥയില്‍' എന്ന ഗാനം വീണ്ടും ശ്രദ്ധനേടിയതില്‍ സന്തോഷമുണ്ടെന്ന് സംഗീതസംവിധായകന് ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയും വ്യക്തമാക്കിയിരുന്നു. 1995ല്‍ യേശുദാസും കെ.എസ്. ചിത്രയും ആലപിച്ച ഗാനം അക്കാലത്ത് കാസറ്റായും പുറത്തിറങ്ങിയിരുന്നു. അഞ്ച് ലക്ഷത്തിലധികം കാസറ്റുകള്‍ വിറ്റഴിച്ചിരുന്നുവെന്ന് ഷിബു ചക്രവര്‍ത്തി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പുതിയ ഗാനങ്ങള്‍ നിര്‍മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കമ്പനികള്‍ക്ക് വലിയ തുക ചെലവഴിക്കേണ്ടിവരും. എന്നാല്‍ ജനപ്രിയമായ പഴയ പാട്ടുകള്‍ക്ക് നേരത്തേതന്നെ ശ്രോതാക്കളുടെ മനസില്‍ പതിഞ്ഞവയാണ്. ഇക്കാരണം കൊണ്ടു തന്നെ പരസ്യങ്ങളിലും സിനിമകളിലും മറ്റ് ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലും പഴയ പാട്ടുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നു. പഴയ പാട്ടുകളുടെ ലൈസന്‍സുള്ള കമ്പനികള്‍ക്ക് പുതിയ വരുമാന സാധ്യതയാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
ഒരു പഴയ ഗാനം വീണ്ടും ഹിറ്റായാല്‍ അതിന്റെ സാമ്പത്തിക നേട്ടം ആര്‍ക്കാണ് ലഭിക്കുക എന്നതും പ്രധാനമാണ്. സിനിമയുടെ നിര്‍മാതാവിന് തന്നെ ഗാനത്തിന്റെ ഓഡിയോ അവകാശം ഉണ്ടായിരിക്കണമെന്നില്ല. മുന്‍കാലങ്ങളില്‍ നിരവധി നിര്‍മാതാക്കള്‍ ഗാനങ്ങളുടെ അവകാശം സംഗീത കമ്പനികള്‍ക്ക് കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ പഴയ ഗാനങ്ങള്‍ പുതിയ സിനിമകളിലോ പരസ്യങ്ങളിലോ ഉപയോഗിക്കുമ്പോള്‍ അവയുടെ പകര്‍പ്പവകാശം കൈവശമുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിംഗ് വരുമാനം ലഭിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine