തമിഴിനു പിന്നാലെ ഓണ്‍ലൈന്‍ റിലീസ് മലയാളത്തിലും? പ്രതിസന്ധി രൂക്ഷമാകുന്നു, ബദല്‍ മാര്‍ഗങ്ങള്‍ തേടി നിര്‍മാതാക്കള്‍
കോവിഡ് വിവിധ മേഖലകളെ തളര്‍ത്തിയത് പോലെ സിനിമാ മേഖലയ്ക്കും ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. റിലീസുകളെല്ലാം മാറ്റിവെച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മാത്രം 2000 കോടി രൂപയ്ക്കു മേല്‍ നഷ്ടം വന്നിരിക്കുകയാണ്. ഇത്തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസരത്തിലാണ് നിലനില്‍പ്പിനായി വിവിധ നിര്‍മാതാക്കള്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തുന്നതും. 'പൊന്മകള്‍ വന്താല്‍ 'എന്ന ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടതായ വാര്‍ത്ത തമിഴ് സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ 2ഡി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ജ്യോതിക ചിത്രം 'പൊന്‍മകള്‍ വന്താല്‍' ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതിനാല്‍ നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ ഇനി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രം സൂരറൈ പൊട്രുവിന്റെ റിലീസിന് ഭീഷണിയായിരിക്കുകയാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്' ഉള്‍പ്പെടെ ചില ഹിന്ദി സിനിമകളും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുന്നതായും വാര്‍ത്തകളും വന്നിരുന്നു. മലയാളത്തിലും ഇത് ആയിക്കൂടെ എന്ന നിലപാടിലാണ് പല നിര്‍മ്മാതാക്കളും ഇപ്പോള്‍. മലയാളത്തില്‍ പല ചിത്രങ്ങളും റിലീസിനോട് അടുക്കവെയാണ് തിയേറ്ററുകള്‍ അടച്ചുപൂട്ടിയത്. ഇനി തീയേറ്ററുകള്‍ എന്നു തുറക്കുമെന്ന് അറിയില്ലാത്തതിനാല്‍ മുടക്കു മുതല്‍ ലഭിച്ചാല്‍ ഓണ്‍ലൈന്‍ റിലീസിന് തങ്ങള്‍ക്ക് തടസമില്ലെന്നാണ് പല നിര്‍മ്മാതാക്കളുടെയും നിലപാട്. എന്നാല്‍ തിയേറ്ററുകളുടെ വന്‍ നഷ്ടമാണ് ഭീഷണിയായി മുന്നിലുള്ളത്.
ബിഗ് ബജറ്റ് സിനിമകളായ കുഞ്ഞാലിമരയ്ക്കാര്‍, വണ്‍, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, കുഞ്ഞെല്‍ദോ, മാലിക്, വാംഗ്, ഹലാല്‍ ലൗ സ്റ്റോറി, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയവ റിലീസിങ്ങിനൊരുങ്ങുമ്പോഴാണ് കോവിഡ് പടര്‍ന്നു പിടിച്ചത്. തമിഴ് സിനിമയില്‍ ഓണ്‍ലൈന്‍ റിലീസ് നീക്കം വിവാദമായെങ്കിലും മലയാള സിനിമയില്‍ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.
ഓണ്‍ലൈന്‍ റിലീസ്
ചെറിയ മുതല്‍ മുതല്‍ മുടക്കില്‍ എടുത്ത സിനിമകള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പ്രൈം തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ വിറ്റുപോയാല്‍ മുതല്‍ മുടക്കെങ്കിലും കിട്ടുമെന്നാണ് ഇടത്തരം നിര്‍മാതാക്കളുടെ പക്ഷം. ബിഗ് ബജറ്റ് മൂവികള്‍ പലതും മുമ്പ് തിയേറ്റര്‍ റിലീസിനു പുറമെ ഓടിടി റിലീസിലൂടെ നേട്ടമുണ്ടാക്കിയത് ഇക്കാര്യത്തില്‍ മലയാളത്തിന് പ്രചോദനമാണ്. നിലവില്‍ ലൂസിഫറാണ് ഓടിടി പ്ലാറ്റ്‌ഫോമില്‍ ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ മലയാളം ചലച്ചിത്രം. തിയേറ്റര്‍ റിലീസ് കൂടാതെ അഞ്ച് കോടി രൂപയ്ക്കാണ് ആമസോണ്‍ ലൂസിഫറിനെ സ്വന്തമാക്കിയത്. മലയാളിയുടെ മാറിയ ആസ്വാദന തലത്തെയും പരിഗണിക്കേണ്ടിയിരിക്കുന്നു. അന്യഭാഷാ ചിത്രങ്ങളും സിരീസുകളും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, എംഎക്‌സ് പ്ലേയര്‍, വൂട്ട് തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകളെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു. മാത്രമല്ല മലയാളികള്‍ അന്യഭാഷാ ചിത്രങ്ങള്‍ ഓടിടി യിലൂടെ കാണുന്നത് പോലെ 'ഉയരെ'യും 'ഉണ്ട'യും 'ജെല്ലിക്കെട്ടു'മൊക്കെ അന്യഭാഷാ കാഴ്ചക്കാരും കാണുകയും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു. ബോളിവുഡിലെയും ടോളിവുഡിലെയും പോലെ മലയാള സിനിമാ താരങ്ങള്‍ക്കും ഓടിടി സിരീസുകളിലേക്ക് അവസരങ്ങളും വന്നെത്തുന്നു.
ഇന്ദ്രജിത് സുകുമാരന്‍ ക്വീന്‍ എന്ന സിരീസില്‍ വേഷമിട്ടതും നീരജ് മാധവ് ദി ഫാമിലി മാന്‍ എന്ന ആമസോണ്‍ പ്രൈം ഒറിജിനല്‍ സിരീസില്‍ പ്രധാന വില്ലനായതും അവസരങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടുമുള്ള വിവിധ മേഖലകള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ സിനിമാ മേഖലയിലെ ഈ മാറ്റവും സിനിമാ ചരിത്രത്തില്‍ ഇടം നേടുകയാണ്. ഇത്തവണ പ്രത്യേക സാഹചര്യം പരിഗണിച്ച്‌കൊണ്ട് ഓസ്‌കാറിലും ഓടിടി റിലീസ് ചിത്രങ്ങള്‍ പരിഗണിക്കാന്‍ തീരുമാനമായിട്ടുണ്ട്.
ഓസ്‌കാറിലും മാറ്റം
തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ മാത്രമേ ഇതുവരെ പുരസ്‌കാര നിര്‍ണയത്തിനായ് പരിഗണിച്ചിരുന്നുള്ളു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെതുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം പരിഗണിച്ച് നിബന്ധനയില്‍ അക്കാദമി ഇളവ് വരുത്തുകയായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത സിനിമകളും ഇത്തവണ അവാര്‍ഡിനായ് പരിഗണിക്കുമെന്നതാണ് ഇളവ്. സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രം റിലീസ് ചെയ്ത സിനിമകളെ ഇതിന് മുമ്പ് ഓസ്‌കറിന് പരിഗണിച്ചിരുന്നില്ല.
ലോസ് എയ്ഞ്ചലസ് കൗണ്ടിയില്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ മാത്രമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇതുവരെ പരിഗണിച്ചിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് നിബന്ധനയില്‍ ഇളവു വരുത്താന്‍ അക്കാദമി തയ്യാറാവുന്നത്. എന്നാല്‍ ഈ ഇളവ് താല്‍ക്കാലിക തീരുമാനം മാത്രമാണെന്നും ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകള്‍ക്കു മാത്രമായിരിക്കും ഈ മാനദണ്ഡം ബാധകമാകുകയെന്നും അക്കാദമി അറിയിച്ചു.
ഡിജിറ്റല്‍ റിലീസ് ഉള്ള എല്ലാത്തരം സ്ട്രീമിംഗ്് ചിത്രങ്ങളെയും ഓസ്‌കറിലേയ്ക്ക് പരിഗണിക്കില്ല. മറിച്ച് തിയറ്ററില്‍ റിലീസ് നിശ്ചയിച്ചിരുന്നതും കോവിഡ് മൂലം തിയറ്ററുകള്‍ അടച്ചു പൂട്ടിയതിനാല്‍ റിലീസിങ്ങ് സാധിക്കാതെ പോയതുമായ ചിത്രങ്ങളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഏതായാലും എല്ലാ ബിസിനസിലും മാറ്റത്തിന്റെ പുതിയ ശൈലികള്‍ വരുമ്പോള്‍ സിനിമാ മേഖലയ്ക്കും മാറ്റത്തിന്റെ കൂട്ടുപിടിച്ചേ മതിയാകൂ എന്നതാണ് വാസ്തവം.
ഒടിടി
ഓവര്‍-ദ-ടോപ്പ് (ഒടിടി) വ്യൂവര്‍ഷിപ്പില്‍ അഥവാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ കാഴ്ച്ചക്കാരുടെയും കേള്‍വിക്കാരുടെയും എണ്ണത്തില്‍ വലിയ വര്‍ധനയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായത്. സ്‌കൂളുകളും, കോളേജുകളും അടച്ചതും പ്രഫഷണല്‍സിനും തൊഴിലാളികള്‍ക്കും വീടിനുള്ളില്‍ കഴിയേണ്ടി വന്നതും കാരണം കൂടുതല്‍ പേര്‍ സ്ട്രീമിംഗ് സേവനം ഉപയോഗിക്കുന്ന പ്രവണതയുണ്ടായി. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ഇന്ത്യയില്‍ 30-ഓളം ഒടിടി സേവനം നല്‍കുന്ന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ സ്‌പോട്ടിഫൈ ഉള്‍പ്പെടെ 10-ഓളം മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളുമുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline