പീറ്റർ ഡിങ്ക്ളിജ്: ജിഒടിയിലെ അമ്പരിപ്പിപ്പിക്കുന്ന കൊച്ചുമനുഷ്യൻ
ഗെയിം ഓഫ് ത്രോൺസിന്റെ ആരാധകർക്കിടയിൽ ‘ടൈറോൺ ലനിസ്റ്റർ’ എന്ന കഥാപാത്രത്തെ അറിയാത്തവർ ഉണ്ടാകാനിടയില്ല. വാക്ചാതുര്യവും കൂർമ്മ ബുദ്ധിയും കൊണ്ട് എതിരാളികളെ നിഷ്പ്രഭമാക്കുന്ന വ്യക്തിത്വം.
ആ കഥാപാത്രത്തിന് ജീവൻ നൽകിയ പീറ്റർ ഡിങ്ക്ളിജ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിലെ താരം. മൂന്ന് എമ്മി, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള, 4 അടി 5 ഇഞ്ചുമാത്രം ഉയരമുള്ള ഈ അഭിനേതാവ്, ഗെയിം ഓഫ് ത്രോൺസിന്റെ ഒരു എപ്പിസോഡിന് വാങ്ങുന്ന പ്രതിഫലം 500,000 ഡോളറാണ്. ഏകദേശം 3.5 കോടി രൂപ.
പീറ്റർ ഡിങ്ക്ളിജിന്റെ കരിയറും ജീവിതവും എല്ലാവർക്കും പ്രചോദനമാണ്. പ്രത്യേകിച്ചും തന്റെ കുറവുകളെ മാത്രം കണ്ട് ഉയരങ്ങളിലേക്ക് പറക്കാൻ മടിക്കുന്നവർക്ക്.
പൊക്കമില്ലാത്തതാണെന്റെ പൊക്കം
ഉയരക്കുറവിനെ ഒരിക്കലും തന്റെ കുറവായി കണ്ടിട്ടില്ലെന്നതാണ് ഡിങ്ക്ളിജിന്റെ ഏറ്റവും വലിയ വിജയം. നടൻ എന്ന നിലയിൽ കരിയറിന്റെ തുടക്കകാലങ്ങളിൽ അദ്ദേഹത്തിന്റെ വളരെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. എങ്കിലും തന്റെ പോലുള്ള നടന്മാർക്ക് സാധാരണയായി ലഭിക്കാറുള്ള റോളുകൾക്ക് അദ്ദേഹം ധൈര്യമായി ‘നോ’ പറഞ്ഞു.
നാടകങ്ങളോട് പ്രിയം അഞ്ചാം ക്ലാസിൽ
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയത്തോടുള്ള താല്പര്യം തോന്നിത്തുടങ്ങിയത്. സ്കൂളിൽ നടത്തിയ നാടകത്തിൽ പ്രധാന വേഷം ചെയ്ത ഡിങ്ക്ളിജ് സദസിലുള്ളവരുടെ കൈയ്യടി കണ്ട് ആവേശഭരിതനായി.
കട്ട വെജിറ്റേറിയൻ
കുട്ടിക്കാലം മുതലേ വെജിറ്റേറിയനാണ് അദ്ദേഹം. എവിടെ സംസാരിക്കാൻ അവസരം കിട്ടിയാലും അനിമൽ റൈറ്റ്സിനെക്കുറിച്ച് സംസാരിക്കാതെ വേദി വിടില്ല. ഗെയിം ഓഫ് ത്രോൺസിൽ അവതരിപ്പിക്കുന്ന ‘ഹസ്കി’ എന്ന ബ്രീഡിന്റെ വില്പന കൂടുന്നതുകണ്ട് ഫാൻസിനിടയിൽ ആ പ്രവണത തടയാൻ അദ്ദേഹം മുൻകൈയ്യെടുത്തിരുന്നു.
സ്ക്രിപ്റ്റ് വായിക്കുന്നത് സ്വന്തം രീതിയിൽ
ഗെയിം ഓഫ് ത്രോൺസിന്റെ സ്ക്രിപ്റ്റ് കൈയ്യിൽ കിട്ടിയാൽ പുറകിൽ നിന്നാണ് അദ്ദേഹം വായിച്ചു തുടങ്ങുക. ഡിങ്ക്ളിജിന്റെ വാക്കുകളിൽ പറഞ്ഞാൽ: “ഞാൻ സ്ക്രിപ്റ്റ് കിട്ടിയാൽ ഏറ്റവും അവസാനത്തെ പേജിലേക്ക് പോകും. എന്നിട്ട് പുറകോട്ട് മറിച്ച് മറിച്ച് നോക്കും. ഞാൻ ജീവനോടെത്തന്നെ ഉണ്ടോയെന്നറിയാൻ!”
എട്ടു വർഷമായി എച്ച്ബിഒയിൽ അവതരിപ്പിക്കുന്ന സീരീസ് ആണ് ഗെയിം ഓഫ് ത്രോൺസ്. ഇതിന്റെ അവസാന സീസൺ ഏപ്രിൽ 14 ന് ആരംഭിച്ചു. ജോർജ് ആർ.ആർ മാർട്ടിന്റെ നോവലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.