

മലബാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലയാസ എന്റര്‍ടെയ്ന്‍മെന്റ്‌സ് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കൂടുതല്‍ വിപണികളിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അടുത്ത 18 മാസത്തിനുള്ളില്‍ രാജ്യത്തെ ആറ് നഗരങ്ങളിലായി പുതിയ പ്ലയാസ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ പ്ലയാസയ്ക്ക് സാന്നിധ്യമുണ്ട്.
കേരളത്തിന് പുറത്തുള്ള ആദ്യ കേന്ദ്രം കര്‍ണാടകയിലെ മംഗളൂരുവില്‍ ആരംഭിക്കും. മംഗളൂരുവിലെ നെക്‌സസ് ഫിസ മാളിലാണ് പുതിയ കേന്ദ്രം ഒരുങ്ങുന്നത്. തുടര്‍ന്ന് ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലും പ്ലയാസ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി.
ആറ് പുതിയ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്ലയാസയുടെ ആകെ പ്രവര്‍ത്തന വിസ്തീര്‍ണം ഏകദേശം 1.5 ലക്ഷം ചതുരശ്ര അടിയായി ഉയരും.
ഇന്‍ഡോര്‍ ഇന്റര്‍ടൈയ്ന്‍മെന്റ്‌സ് വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിസിനസ് വിപുലീകരണത്തിനായി മലബാര്‍ ഗ്രൂപ്പ് 70 കോടി രൂപ നിക്ഷേപിക്കും. അമ്യൂസ്‌മെന്റ് റൈഡുകള്‍, വിവിധ ഗെയിമുകള്‍, പ്രീമിയം വിനോദ ആകര്‍ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ കേന്ദ്രങ്ങളായിരിക്കും പുതിയ നഗരങ്ങളില്‍ ഒരുക്കുക.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്ററുകള്‍ എന്ന രീതിയിലാണ് പ്ലയാസയുടെ പ്രവര്‍ത്തനം. വ്യത്യസ്ത വിനോദ സംവിധാനങ്ങള്‍ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ വിപുലീകരണത്തോടെ കേരളത്തിന് പുറത്തും പ്ലയാസയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine