പാകിസ്ഥാനിൽ നിന്നുള്ള കളക്ഷൻ ഇനി വേണ്ടെന്ന് ബോളിവുഡ്

പാകിസ്ഥാനിൽ നിന്നുള്ള കളക്ഷൻ ഇനി വേണ്ടെന്ന് ബോളിവുഡ്
Published on

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെ 'കൈയ്യൊഴിഞ്ഞ്‌' ബോളിവുഡും. റിലീസാകാനിരിക്കുന്ന നാല് ബോളിവുഡ് ചിത്രങ്ങളാണ് പാക്കിസ്ഥാൻ ഡിസ്ട്രിബ്യുട്ടർമാരുമായുള്ള കരാർ റദ്ദാക്കിയത്‌.

പ്രൊഡ്യൂസർ ദിനേശ് വിജൻ അദ്ദേഹം നിർമിക്കുന്ന മൂന്ന് ചിത്രങ്ങളുടെ കരാറാണ് റദ്ദാക്കിയത്. കാർത്തിക് ആര്യൻ, കൃതി സനൻ എന്നിവർ അഭിനയിക്കുന്ന 'ലുക്കാച്ചുപ്പി', രാജ്‌കുമാർ റാവു കേന്ദ്ര കഥാപാത്രമാവുന്ന മെയ്ഡ് ഇൻ ചൈന', ദില്‍ജിത് ദോസന്‍ഝിന്‍ നായകനാവുന്ന 'അർജുൻ പട്യാല' എന്നിവ ഇനി പാകിസ്താനിലേക്കില്ല.

അജയ് ദേവ്ഗൺ, റിതേഷ് ദേശ്‌മുഖ് എന്നിവർ അഭിനയിക്കുന്ന 'ടോട്ടൽ ധമാൽ' എന്ന ചിത്രവും പാകിസ്ഥാനിൽ റിലീസ് ചെയ്യില്ല.

പാക്കിസ്ഥാൻ ഒഴിവാക്കാനുള്ള ബോളിവുഡ് നിർമാതാക്കളുടെ നീക്കത്തെ വളരെ ബോൾഡ് ആയ തീരുമാനമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിശേഷിപ്പിക്കുന്നത്. കാരണം വിദേശ രാജ്യങ്ങളിൽ വെച്ച് ഏറെ ലാഭകരമായ ഒരു സിനിമാ വിപണിയാണ് ബോളിവുഡിന് പാകിസ്ഥാൻ. വലിയ ബോളിവുഡ് സിനിമകൾക്ക് ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ അനുസരിച്ച് നോക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും വരുമാനം പാകിസ്ഥാൻ വിപണി ഗ്യാരന്റീ ചെയ്യുമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം, രൺബീർ കപൂറിന്റെ 'സഞ്ജു', രജനികാന്തിന്റെ '2.0' എന്നിവ പാകിസ്ഥാനിൽ വൻ വിജയം നേടിയിരുന്നു. സൽമാൻ ഖാന്റെ 'ബജ്രംഗി ഭായിജാൻ' നേടിയ കളക്ഷൻ റെക്കോർഡ് ഇതുവരെ ആരും പാകിസ്ഥാനിൽ തകർത്തിട്ടില്ല.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ പാകിസ്ഥാനിൽ റിലീസ് ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെ എണ്ണം 95 നിൽ നിന്ന് 110 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ പാകിസ്ഥാൻ ആക്ടർമാർക്കും ആർട്ടിസ്റ്റുകൾക്കും ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതിന് പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ക്രിക്കറ്റിലും അമർഷം

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനുമായുള്ള ലോകകപ്പ് മാച്ച് റദ്ദാക്കണമെന്ന ആവശ്യമാണ് രാജ്യത്തെ ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ മുഴങ്ങിക്കേൾക്കുന്നത്. എന്നാൽ കളിക്കണോ വേണ്ടയോ എന്നതിന് അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐ ആണ്.

എന്നാൽ, ഒരു സർക്കാർ ഏജൻസിക്കും വേൾഡ് കപ്പ് ഷെഡ്യൂളിൽ മാറ്റം വരുത്താനാവില്ലെന്നും കളി പ്ലാൻ അനുസരിച്ച് നടക്കുമെന്നുമാണ് ഐസിസി സിഇഒ ഡേവ് റിച്ചാർഡ്സൺ പറഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com