₹15,650 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സിനെ വിറ്റു, ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് വില്‍പനകളിലൊന്ന്‌; ലക്ഷ്മി മിത്തലും അദാര്‍ പൂനവാലയും പുതിയ ഉടമകള്‍

ടീമിന്റെ 75 ശതമാനം ഓഹരികള്‍ മിത്തല്‍ കുടുംബം കൈവശം വെക്കും
₹15,650 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സിനെ വിറ്റു, ഐപിഎല്‍ ചരിത്രത്തിലെ 
റെക്കോര്‍ഡ് വില്‍പനകളിലൊന്ന്‌;  ലക്ഷ്മി മിത്തലും അദാര്‍ പൂനവാലയും പുതിയ ഉടമകള്‍
BCCI
Published on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസികളിലൊന്നായ രാജസ്ഥാന്‍ റോയല്‍സിന് (RR) ഇനി പുതിയ ഉടമകള്‍. പ്രമുഖ വ്യവസായി ലക്ഷ്മി മിത്തലും അദ്ദേഹത്തിന്റെ മകന്‍ ആദിത്യ മിത്തലും ചേര്‍ന്ന് അദാര്‍ പൂനവാലയുമായി കൈകോര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുക്കാന്‍ അന്തിമ കരാറിലെത്തി. 1.65 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 15,650 കോടി രൂപ) മനോജ് ബദാലെയും കൂട്ടാളികളും ടീമിനെ കൈമാറുന്നത്. ഇന്നലെണ് ഈ പ്രഖ്യാപനം ഉണ്ടായത്.

ഓഹരി പങ്കാളിത്തം ഇങ്ങനെ

ടീമിന്റെ 75 ശതമാനം ഓഹരികള്‍ മിത്തല്‍ കുടുംബം കൈവശം വെക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആയ അദാര്‍ പൂനവാല 18 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്. ബാക്കി വരുന്ന 7 ശതമാനം ഓഹരികള്‍ മനോജ് ബദാലെ ഉള്‍പ്പെടെയുള്ള നിലവിലെ നിക്ഷേപകര്‍ക്ക് ലഭിക്കും.

ലക്ഷ്മി മിത്തല്‍, ആദിത്യ മിത്തല്‍, വാനിഷ മിത്തല്‍ ഭാട്ടിയ, അദാര്‍ പൂനവാല, മനോജ് ബദാലെ എന്നിവരടങ്ങുന്നതായിരിക്കും ടീമിന്റെ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ ടെക് സംരംഭകന്‍ കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മിത്തല്‍ കുടുംബത്തിലേക്കും പൂനവാലയിലേക്കും ടീം ഉടമസ്ഥാവകാശം എത്തിയത്.

രണ്ടാമത്തെ ഏറ്റെടുക്കല്‍

ഐപിഎല്ലില്‍ ഈ സീസണിലെ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന് കീഴിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (RCB) ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം അടുത്തിടെ ഏറ്റെടുത്തിരുന്നു.

ആര്‍സിബിയെ വാങ്ങാന്‍ അദാര്‍ പുനാവാലയും രംഗത്തുണ്ടായിരുന്നെങ്കിലും കരാറിലെത്താന്‍ കഴിഞ്ഞിരുന്നില്ല. 1.77 ബില്യണ്‍ ഡോളറിനായിരുന്നു ഏറ്റെടുക്കല്‍.

Rajasthan Royals set an IPL record sale as Lakshmi Mittal and Adar Poonawalla acquire the franchise for $1.65 billion.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com