ഫുട്‌ബോള്‍ ക്ലബ് വരുമാനം: തലയെടുപ്പോടെ റയല്‍ മാഡ്രിഡ്

2022-23 സീസണില്‍ ബ്രോഡ്കാസ്റ്റ് വരുമാനത്തെ കവച്ച് വച്ച് പരസ്യ വരുമാനം
:Real Madrid C.F.
Image Courtesy: Real Madrid C.F.
Published on

2022-23 സീസണില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ ഫുട്‌ബോള്‍ ക്ലബായി റയല്‍ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ഡിലോയിറ്റ് സ്‌പോര്‍ട്‌സ് ബിസിനസ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഫുട്‌ബോള്‍ ക്ലബുകളുടെ മൊത്തം വരുമാനം ഇക്കാലയളവില്‍ 1,050 കോടി യൂറോയാണ് (ഏകദേശം 94,000 കോടി രൂപ). മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ധനയുണ്ട്.

കഴിഞ്ഞ സീസണില്‍ 83.1 കോടി യൂറോയാണ് (ഏകദേശം 7,495 കോടി രൂപ) മാഡ്രിഡിന്റെ വരുമാനം. തൊട്ട് മുന്‍വര്‍ഷത്തേക്കാള്‍ 11.8 കോടി യൂറോയുടെ വര്‍ധനയുണ്ട്. അഞ്ച് വര്‍ഷം മുന്‍പും മാഡ്രിഡ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

മാഡ്രിഡിനേക്കാള്‍ 5 മില്യണ്‍ യൂറോയുടെ കുറവ് നേടിയ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. പാരീസ് സെയിന്റ് ജെര്‍മെന്‍ (820 മില്യണ്‍ യൂറോ), ബാഴ്‌സലോണ (800 മില്യണ്‍ യൂറോ), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (746 മില്യണ്‍ യൂറോ) എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍.

പുതിയ പട്ടിക അനുസരിച്ച് യൂറോപ്യന്‍ ക്ലബുകളാണ് വരുമാനത്തില്‍ മികച്ച് നില്‍ക്കുന്നത്. ലിവര്‍പൂള്‍, ആര്‍സണല്‍, ചെല്‍സ, ടോട്ടെന്‍ഹാം എന്നിവയും ആദ്യ പത്തിലുണ്ട്. ലിവര്‍പൂളാണ് ലിസ്റ്റില്‍ ഏറ്റവും തളര്‍ച്ച നേരിട്ട ക്ലബ്. ആഭ്യന്തര, യൂറോപ്യന്‍ മത്സരങ്ങളിലെ തോല്‍വി മൂലം പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തേക്ക് പോയി. ന്യൂകാസില്‍, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവ 17, 18 സ്ഥാനങ്ങളിലാണ്.

ബ്രോഡ്കാസ്റ്റ് വരുമാനത്തേക്കാള്‍ കൂടുതല്‍ പരസ്യ വരുമാനം നേടാന്‍ ഇക്കാലയളവില്‍ ക്ലബുകള്‍ക്ക് സാധിച്ചുവെതെന്നതും ശ്രദ്ധേയമാണ്. 2019-20ലെ കൊവിഡ് സമയം മാറ്റിനിറുത്തിയാല്‍ 2015-16ന് ശേഷം ആദ്യമായാണ് പരസ്യ വരുമാനം ബ്രോഡ്കാസ്റ്റ് വരുമാനത്തെ മറികടക്കുന്നത്.

വനിതാ ക്ലബില്‍ ബാഴ്‌സ മുന്നില്‍

വനിതകളുടെ ഫുട്‌ബോള്‍ ക്ലബുകളില്‍ വരുമാനത്തില്‍ മുന്നിലെത്തിയത് ബാഴ്‌സയാണ്. 13.4 മില്യണ്‍ യൂറോയാണ് വരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 74 ശതമാനം വര്‍ധന. രണ്ടാം സ്ഥാനത്ത് 8 മില്യണ്‍ യൂറോ വരുമാനവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡാണ്. റയല്‍ മാഡ്രിഡ് (7.4 മില്യണ്‍ യൂറോ), മാഞ്ചസ്റ്റര്‍ സിറ്റി (5.3 മില്യണ്‍ യൂറോ), ആര്‍സണല്‍ (5.3 മില്യണ്‍ യൂറോ) എന്നിവയാണ് തൊട്ടു പിന്നില്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com