ടീം ഇന്ത്യ സെലക്ഷനിൽ നിർണായകമായത് ഡേറ്റ അനലിറ്റിക്‌സ്
ചരിത്രത്തിലാദ്യമായി ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാൻ ഡേറ്റ അനലിറ്റിക്സിന് കൈകൊടുത്ത് ബിസിസിഐ.
2017 ചാമ്പ്യൻസ് ട്രോഫി മുതലുള്ള ഇന്ത്യൻ ടീമംഗങ്ങളുടെ പ്രകടനം മൂന്നര മണിക്കൂർ നീണ്ട പ്രെസന്റേഷനിലൂടെ തിങ്കളാഴ്ച്ച നടന്ന സെലക്ടർമാരുടെ യോഗത്തിൽ അവതരിപ്പിച്ചിരുന്നു.
ടീമിന്റെ ഡേറ്റ അനലിസ്റ്റായ സികെഎം ധനജ്ഞയ് ആണ് SWOT അനാലിസിസ് ഉൾപ്പെടുന്ന പ്രെസന്റേഷൻ അവതരിപ്പിച്ചത്.
സാധാരണ ഗതിയിൽ മാച്ചുകൾ, റൺസ്, സ്ട്രൈക്ക് റേറ്റുകൾ, വിക്കറ്റുകൾ തുടങ്ങിയ കുറച്ചു സംഖ്യകൾ മാത്രമാണ് സെലക്ടർമാരുടെ കയ്യിൽ കിട്ടിയിരുന്നത്.
എന്നാൽ ഡേറ്റ അനലിറ്റിക്സ് ഉപയോഗിച്ച്, ഓരോ കളിക്കാരനും പ്രകടനത്തിന്റ കാര്യത്തിൽ എവിടെയാണ് നിൽക്കുന്നതെന്നും അവരിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നുമുള്ള ഒരു സമ്പൂർണ വിശകലനമാണ് സെലക്ടർമാർക്ക് മുന്നിൽ എത്തിയത്.
- ഇന്ത്യന്‍ റിസ്റ്റ് സിപിന്നര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകൾ എങ്ങനെ കളിച്ചു?
- ഇന്ത്യയുടെ ഓര്‍ത്തഡോക്‌സ് ലെഫ്റ്റ്-ആം സ്പിന്നര്‍മാരെ ഓസ്‌ട്രേലിയ മത്സരത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ എങ്ങനെയാണ് നേരിട്ടത്?
- ഹോം ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിന്റെ ടീമിന്റെ പ്രകടനം എങ്ങിനെയാണ്?
- ഇന്ത്യക്കെതിരെ ഏതൊക്കെ തരം ബൗളിങ് ആക്രമണങ്ങളാണ് വിവിധ ടീമുകളില്‍ നിന്നു പ്രതീക്ഷിക്കാവുന്നത്?
ഇത്തരത്തിലുള്ള വളരെ സ്പെസിഫിക്ക് ആയ വിശദാംശങ്ങളാണ് ഡേറ്റ അനലിറ്റിക്സ് ഉപയോഗിച്ച് സെലക്ടർമാരുടെ മുന്നിലെത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് ടീമില്‍ നിന്ന് ഋഷഭ് പന്തും അമ്പാട്ടി റായിഡുവും പുറത്തായത് വിവാദമായിരുന്നു. ഇതിന് പിന്നിൽ ഡേറ്റ അനലിറ്റിക്‌സ് ആണോ എന്നുവരെ ചിലർ സംശയമുന്നയിച്ചിരുന്നു.
എന്നാൽ ഡേറ്റ അനലിറ്റിക്‌സ് കളിക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള വസ്തുതാപരമായ വിശകലനം മാത്രമാണെന്നും ആരെ തെരഞ്ഞെടുക്കണമെന്നത് പൂർണമായും സെലക്ടർമാരുടെ തീരുമാനമാണെന്നുമാണ് ബിസിസിഐയുടെ വാദം.