ഫുട്‌ബോളില്‍ ശക്തികേന്ദ്രമാകാന്‍ സൗദി, നാല് പ്രധാന ക്ലബുകളെ ഏറ്റെടുത്തു

അല്‍ ഇത്തിഹാദ്, അല്‍ ഹിലാല്‍, അല്‍ അഹ്ലി, അല്‍ നസര്‍ എന്നീ ക്ലബുകളുടെ 75 ശതമാനം ഓഹരികള്‍ രാജ്യത്തെ സോവറിന്‍ ഫണ്ടായ പി.ഐ.എഫ് ഏറ്റെടുക്കും
AlNassar Saudi Club FB
Image : AlNassar Saudi Club FB
Published on

ഫുട്‌ബോള്‍ ലോകം സാവധാനം അടക്കി വാഴാന്‍ തയാറെടുക്കുകയാണ് സൗദി അറേബ്യ. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയെന്നോണം രാജ്യത്തെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ് ) നാല് ലോക്കല്‍ ഫുട്‌ബോള്‍ ടീമുകളെ ഏറ്റെടുക്കുന്നു.

അല്‍ ഇത്തിഹാദ്, അല്‍ ഹിലാല്‍, അല്‍ അഹ്ലി, അല്‍ നസര്‍ എന്നീ ക്ലബുകളുടെ 75 ശതമാനം ഓഹരികളാണ് പി.ഐ.എഫ് ഏറ്റെടുക്കുക. ബാക്കിയുള്ള 25 ശതമാനം ഓഹരി ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൈവശമായിരിക്കും.

കൂടാതെ രാജ്യത്തിന്റെ എണ്ണ കമ്പനിയായ അരാംകോ മറ്റൊരു ക്ലബ് ആയ അല്‍ ക്വാദിസിയയെ ഏറ്റെടുക്കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കായിക വിനോദങ്ങളില്‍ നിക്ഷേപം, പങ്കാളിത്തം, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വാണിജ്യ അവസരങ്ങളാണ് ക്ലബുകളുടെ ഏറ്റെടുക്കല്‍ വഴി സാധ്യമാകുന്നത്.

വമ്പന്‍മാരെ ഒപ്പം കൂട്ടി

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ഭുപടത്തില്‍ സാന്നിധ്യം വിപുലപ്പെടുത്താണ് സൗദിയുടെ ശ്രമം. പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ പണം വാഗ്ദാനം ചെയ്താണ് വമ്പന്മാരെ സ്വന്തമാക്കുന്നത്.

പ്രതിവര്‍ഷം 13.6 കോടി  ഡോളര്‍(1,122 കോടി രൂപ)  വരുമാന വാഗ്ദാനം നല്‍കിയാണ് സൗദി അറേബ്യന്‍ ലീഗിലെ സുപ്രധാന ക്ലബ്ബുകളിലൊന്നായ അല്‍ നസര്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ കളത്തിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി മാറി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.

റയല്‍ മാഡ്രിഡ് ഇതിഹാസം കരിം ബെന്‍സെമ അല്‍ ഇത്തിഹാദില്‍ ചേരാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്, മൂന്ന് വര്‍ഷത്തെ കരാറിന് 643 മില്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും സൗദിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മെസിക്ക് ഇഷ്ടം ബാഴ്‌സയാണ് കേള്‍ക്കുന്നു. അല്‍ നസറിന്റെ വൈരികളായ അല്‍ ഹിലാലും അല്‍ ഇത്തിഹാദുമാണ് മെസിക്കായി പണം വാരി എറിയാന്‍ തയാറെടുക്കുന്നത്. ഒരു സീസണിന് 350 മില്യണ്‍ യൂറോയാണ് വാഗ്ദാനം. സൗദി ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ലോകകപ്പ് ജേതാവ് കൂടിയായ മെസി.

എണ്ണയില്‍ നിന്ന് ടൂറിസത്തിലേക്ക്

ഖത്തര്‍ ലോകകപ്പിലൂടെ സംഘാടന മികവിന് ലോകരാഷ്ട്രങ്ങളുടെ കയ്യടി വാങ്ങിയ അറേബ്യ ലക്ഷ്യം വയ്ക്കുന്നത് കായിക ലോകത്തെ പവര്‍ ഹൗസ് എന്ന സ്ഥാനമാണ്. അത് വഴി വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സൗദി പ്രോ ലീഗിനെ ഫുട്‌ബോള്‍ ലീഗിലെ അതികായരാക്കാനും കൂടിയാണ്. 2030 ഓടെ ലീഗിന്റെ വാര്‍ഷിക വരുമാനം 48 കോടി ഡോളര്‍ ആക്കാനാണ് സൗദി ലക്ഷ്യം വയ്ക്കുന്നത്.

എണ്ണയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നയം മാറ്റി കായികരംഗത്തും അതുവഴി ടൂറിസത്തിലും സൗദിയെ ഒന്നാമതെത്തിക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശ്രമിക്കുന്നത്. 2030 ല്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കാനും സൗദി ചരടുവലികള്‍ നടത്തുന്നുണ്ട്. 2021ല്‍ പി. ഐ. എഫ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂ കാസ്റ്റില്‍ യുണൈറ്റഡിനെ 3,081 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com