റിലീസുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ ഇടിവുണ്ടാകും, തീയറ്ററുകളില്‍ വീണ്ടും ആളനക്കം നിലച്ചു; സിനിമ മേഖലയില്‍ തൊഴില്‍ പ്രതിസന്ധി

കഴിഞ്ഞ വര്‍ഷം മാത്രം പൂജ ഉള്‍പ്പെടെ നടത്തി ഷൂട്ടിംഗിന് മുമ്പ് നിലച്ചുപോയ പ്രോജക്ടുകള്‍ ഇരുപതിന് മുകളിലാണ്.
malayalam film shooting
Image: Canvacanva
Published on

മലയാള വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. റീലിസ് ചെയ്ത ചിത്രങ്ങള്‍ മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നതോടെ പുതിയ പ്രോജക്ടുകളുടെ എണ്ണം കുത്തനെ കുറയുകയാണ്. ഈ വര്‍ഷം റിലീസ് ചെയ്തതില്‍ ഒരു ചിത്രം മാത്രമാണ് നിര്‍മാതാവിന്റെ കൈപൊള്ളിക്കാതെ ഇരുന്നത്. 2026ല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

പുതിയ നിര്‍മാതാക്കളുടെ വരവില്‍ പ്രതിസന്ധി

മലയാള സിനിമയില്‍ ഒരുകാലത്ത് പുതുമുഖ നിര്‍മാതാക്കളുടെ കുത്തൊഴുക്കായിരുന്നു. കൂടുതലും പ്രവാസി മലയാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി കഥമാറിയിരിക്കുകയാണ്. വിദേശ മലയാളികളുടെ സിനിമ ഭ്രമത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അടുത്ത കാലത്ത് സിനിമയില്‍ പണംമുടക്കിയ പലര്‍ക്കും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുടക്കുമുതല്‍ അടക്കം നഷ്ടപ്പെട്ടവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു.

പ്രവാസി മലയാളി സംഘടനകള്‍ തമ്മിലുള്ള ബന്ധം വര്‍ധിച്ചതോടെ സിനിമ മേഖലയില്‍ നിക്ഷേപിച്ചവരുടെ നഷ്ടക്കഥ മറ്റുള്ളവരെ സിനിമയില്‍ നിന്ന് അകറ്റുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം പൂജ ഉള്‍പ്പെടെ നടത്തി ഷൂട്ടിംഗിന് മുമ്പ് നിലച്ചുപോയ പ്രോജക്ടുകള്‍ ഇരുപതിന് മുകളിലാണ്. ഇതില്‍ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും പണംമുടക്കാന്‍ മുന്നോട്ടുവന്നിരുന്നത് പ്രവാസികളായിരുന്നു. ഇതില്‍ പല പ്രോജക്ടുകളും എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു.

വരുമാനം നിലയ്ക്കുന്നു

തീയറ്ററില്‍ നിന്ന് മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിത്രം ഫ്‌ളോപ്പാകുന്നതാണ് നിലവിലെ സാഹചര്യം. മുമ്പ് സാറ്റലൈറ്റ് റൈറ്റ്‌സ് എങ്കിലും വലിയ തുകയ്ക്ക് വിറ്റഴിക്കാന്‍ സാഹചര്യമുണ്ടായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ സിനിമ വാങ്ങല്‍ ചാനലുകള്‍ക്ക് നഷ്ടക്കച്ചവടമായി മാറി. ഒടിടി വില്പനയാകട്ടെ തീയറ്റര്‍ വിജയത്തെ ആശ്രയിച്ചായി മാറുകയും ചെയ്തു.

മുമ്പ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മികച്ച ഒടിടി വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി. തീയറ്ററില്‍ ഹിറ്റായാല്‍പ്പോലും മുമ്പ് ലഭിച്ചിരുന്നതിന്റെ മൂന്നിലൊന്ന് തുക പോലും ലഭിക്കാത്ത അവസ്ഥയിലായി കാര്യങ്ങള്‍. വിദേശത്തു നിന്നുള്ള തീയറ്റര്‍ കളക്ഷന്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും പലപ്പോഴും പെരുപ്പിച്ചു കാട്ടിയ കണക്കുകളാണ് പുറത്തുവിടുന്നതെന്ന് സിനിമരംഗത്തുള്ളവര്‍ പറയുന്നു.

സൂപ്പര്‍ഹിറ്റില്ലാതെ 2026

2026ല്‍ ഇതുവരെ റിലീസ് ചെയ്തത് 22 ചിത്രങ്ങളാണ്. ഇതില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ഏകചിത്രം ചാത്ത പച്ചയാണ്. ലോ ബജറ്റില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം തീയറ്ററില്‍ നിന്ന് ഇതുവരെ 32 കോടി രൂപയ്ക്കടുത്ത് കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു ലക്ഷം തികച്ചു കളക്ഷന്‍ ലഭിക്കാത്ത ചിത്രങ്ങളും ഈ വര്‍ഷം തീയറ്ററില്‍ വന്നുപോയി. കുടുംബവുമൊത്ത് തീയറ്ററില്‍ പോയി സിനിമ കാണുകയെന്നത് കൂടുതല്‍ ചെലവേറിയ കാര്യമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണുന്നതിലേക്ക് പലരും മാറി. ഇപ്പോഴത്തെ അവസ്ഥയില്‍ മലയാള സിനിമയ്ക്ക് ഏറെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

പ്രൊജക്ടുകളുടെ എണ്ണം കുറഞ്ഞതോടെ സിനിമമേഖലയില്‍ തൊഴില്‍ക്ഷാമം വര്‍ധിച്ചിട്ടുണ്ട്. സിനിമരംഗത്ത് ജോലി ചെയ്തിരുന്ന പലരും മറ്റ് മേഖലകളിലേക്ക് താല്ക്കാലികമായെങ്കിലും വഴിമാറിയിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com