ബോളിവുഡിൽ ദക്ഷിണേന്ത്യൻ 'സ്റ്റൈലി'ന് ആരാധകരേറെ, റീമേക്കുകൾ തേടി നിർമാതാക്കൾ

ഹിന്ദിയിൽ ഇത് റീമേക്കുകളുടെ കാലമാണ്. ഇന്ന് പുറത്തിറങ്ങിയ 'കബീർ സിംഗ്' ആണ് ഈ നിരയിൽ ഏറ്റവും ഒടുവിലത്തേത്. ബോളിവുഡിൽ ഒരു വശത്ത് ദക്ഷിണേന്ത്യൻ സിനിമ റീമേക്കുകൾ പണം വാരുമ്പോൾ മറുവശത്ത് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും കലാങ്കും പോലുള്ള ഹിന്ദി ബിഗ്-ബജറ്റ് ചിത്രങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണിന്ന് കാണാൻ സാധിക്കുന്നത്.

ഈ മാറ്റത്തിന് പിന്നിൽ എന്താണ്? പ്രേക്ഷകരുടെ താല്പര്യങ്ങളും കാഴ്ചപ്പാടുകളും മാറിയത് ബോളിവുഡ് മനസിലാക്കാതെപോയി എന്നാണ് പല നിർമാതാക്കളും ചൂണ്ടിക്കാട്ടുന്നത്. പുതുമയുള്ള സ്ക്രിപ്റ്റ് ഇല്ല എന്നതാണ് ഏറ്റവും പ്രതിസന്ധി. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ വരെ സ്പർശിക്കുന്ന തരത്തിലാണ് ദക്ഷിണേന്ത്യൻ സിനിമകളുടെ മേക്കിങ്; പ്രത്യേകിച്ചും തമിഴ്, തെലുങ്ക് ചിത്രങ്ങൾ.

എന്റർടൈൻമെന്റും ഇമോഷണൽ കഥാസന്ദർഭങ്ങളും നിറഞ്ഞതാണ് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകൾ. കഴിഞ്ഞ 10 വർഷത്തിൽ റീമേക്കുകൾ ബോളിവുഡിന് സമ്മാനിച്ചത് 18 ഹിറ്റുകളാണെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു സൗത്ത് ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ റൈറ്റ്സ് വാങ്ങണമെങ്കിൽ 1.5-3 ലക്ഷം രൂപ ചെലവാക്കിയാൽ മതി. ഒറിജിനൽ സ്ക്രീൻപ്ലേ വെച്ച് സിനിമ പിടിക്കുന്നതിനേക്കാൾ റിസ്കും കുറവാണെന്ന് നിർമാതാക്കൾ അഭിപ്രായപ്പെടുന്നു.

ടൈഗർ ഷ്രോഫിന്റെ ബാഗി-2 (തെലുങ്ക് ചിത്രം ക്ഷണം), രൺവീർ സിംഗിന്റെ സിംബാ (തെലുങ്ക് ചിത്രം ടെംപർ) സൽമാൻ ഖാന്റെ ബോഡിഗാഡ് (മലയാളം ചിത്രം ബോഡിഗാഡ്) എന്നിവയാണ് എന്നിവയാണ് ഹിന്ദിയിൽ ഏറ്റവും കൂടുതൽ പണം വാരിയിരിക്കുന്ന റീമേക്കുകൾ. 101 കോടി, 100 കോടി, 74 കോടി എന്നിങ്ങനെയാണ് ഇവ നേടിയത്.

ഷാഹിദ് കപൂറിന്റെ ഇന്നിറങ്ങിയ കബീർ സിംഗ് തെലുങ്ക് ചിത്രം 'അർജുൻ റെഡ്‌ഡി'യുടെ റീമേക്കാണ്. അർജുൻ റെഡ്‌ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്‌ഡി വങ്ക തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.

ഡ്രാമയും ഇമോഷനും ഒന്നിച്ചിണക്കി ഒരു കൊമേർഷ്യൽ ചിത്രം എങ്ങനെ വിജയിപ്പിക്കാമെന്ന് കൃത്യമായി അറിയുന്നവരാണ് ദക്ഷിണേന്ത്യൻ സിനിമാ നിർമാതാക്കളെന്നാണ് നിരീക്ഷകരുടെ പക്ഷം.

Related Articles
Next Story
Videos
Share it