

കേരളത്തിലെ സ്‌പോര്‍ട്‌സ് ബിസിനസില്‍ വലിയ മാറ്റം കൊണ്ടുവന്ന സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്‌ബോളില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ ആറ് ടീമുകളാണ് ലീഗില്‍ കളിക്കുന്നത്. ഇത് എട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യം. പുതിയ ഫ്രാഞ്ചൈസികളെ സ്വന്തമാക്കുന്നതിനായി എസ്എല്‍കെ താല്പര്യപത്രം ക്ഷണിച്ചു.
കാസര്‍ഗോഡ്, പാലക്കാട്, കോട്ടയം, കൊല്ലം എന്നീ ജില്ലകളെയാണ് പുതിയ ടീമുകള്‍ക്കായി പരിഗണിക്കുന്നത്. വിപണി സാധ്യതകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രാദേശിക പ്രാതിനിധ്യം എന്നിവ പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് സൂപ്പര്‍ ലീഗ് അധികൃതര്‍ പറഞ്ഞു. കേരളത്തിനകത്തും ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ ടീമുകളെ സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ടീമിനെ സ്വന്തമാക്കാന്‍ മലബാര്‍ മേഖലയിലും ഗള്‍ഫ് രാജ്യങ്ങളിലും സാന്നിധ്യമുള്ള കമ്പനി രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ ടീമുകള്‍ക്കായി രംഗത്തു വരുമെന്നാണ് എസ്എല്‍കെ അധികൃതരുടെ പ്രതീക്ഷ. പ്രമുഖ വ്യവസായി നവാസ് മീരാന്റെ നേതൃത്വത്തിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളില്‍ സൂപ്പര്‍ ലീഗ് കേരള കൈവരിച്ച വളര്‍ച്ച ശ്രദ്ധേയമാണ്. ആകെ കാണികളുടെ എണ്ണം 12.76 ദശലക്ഷത്തില്‍ നിന്ന് 25.32 ദശലക്ഷമായി വര്‍ധിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിലെ കാഴ്ചക്കാരുടെ എണ്ണം 2.76 ദശലക്ഷത്തില്‍ നിന്ന് 10.2 ദശലക്ഷത്തിലധികമായി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ 66 ദശലക്ഷത്തില്‍ നിന്ന് 169 ദശലക്ഷമായി ഉയര്‍ന്നത് ഡിജിറ്റല്‍ രംഗത്തെ ലീഗിന്റെ സ്വാധീനം വെളിപ്പെടുത്തുന്നു. സ്റ്റേഡിയത്തിലെത്തി കളി കാണുന്നവരുടെ എണ്ണം 4,51,000ല്‍ നിന്ന് 5,47,000ലേക്ക് ഉയര്‍ന്നത് കേരള ഫുട്‌ബോളിന്റെ സാമ്പത്തികവളര്‍ച്ചയെ സൂചിപ്പിക്കുന്നു.
'ആരാധകരുടൌ പങ്കാളിത്തത്തിലും വാണിജ്യപരമായ താല്‍പ്പര്യത്തിലും ലീഗ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. കേരളം എന്നും ഫുട്‌ബോളിന് മുന്‍ഗണന നല്‍കുന്ന വിപണിയാണ്. ആ ആവേശം ഘടനാപരമായതും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ളതുമായ ഒരു സ്‌പോര്‍ട്‌സ് പ്രോപ്പര്‍ട്ടിയായി മാറ്റാന്‍ സൂപ്പര്‍ ലീഗ് കേരളയ്ക്ക് സാധിച്ചുവെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine