ടീം എസ് ക്യൂബ്: 'ഉയരെ'യുടെ പിന്നിലെ സ്ത്രീശക്തി

അതിജീവനത്തിന്റെ കഥയാണ് ഉയരെ. ഒപ്പം മലയാള സിനിമാ നിര്‍മാണ മേഖലയില്‍ പുതിയൊരു അധ്യായം കൂടിയും. മൂന്ന് വനിതകള്‍, അതും സഹോദരിമാര്‍ ചേര്‍ന്ന് നിര്‍മിച്ച മലയാള സിനിമ വ്യവസായ രംഗത്ത് മറ്റൊരു കൂട്ടായ്മ ഇവര്‍ സൃഷ്ടിച്ചിരിക്കുന്നു.

മലയാളത്തില്‍ ഒരു പിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ കുടുംബത്തില്‍ നിന്നാണ് സിനിമാ വ്യവസായത്തിലെ ഈ സംരംഭകരുടെ വരവ്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി പി വി ഗംഗാധരന്റെ പെണ്‍മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഉയരെ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ഈ മേഖലയില്‍ തന്നെ തുടരാന്‍ തന്നെയാണ് ഈ സഹോദരിമാരുടെ തീരുമാനം.

''സിനിമ നിര്‍മാതാക്കള്‍ക്ക് പണം നേടാനുള്ള വഴിയായി മാത്രമല്ല ഞങ്ങള്‍ കാണുന്നത്. ഒരുപാട് പേര്‍ക്ക് വരുമാനം നല്‍കുന്ന, ജീവിത ഉപാധിയാകുന്ന രംഗം കൂടിയാണ്. ആ നിലയ്ക്കാണ് ഞങ്ങള്‍ ഈ മേഖലയെ കാണുന്നത്. ലോകത്തെ ഏത് ജനതയ്ക്കും ആസ്വദിക്കാന്‍ പറ്റുന്ന കലാമൂല്യമുള്ള, മികച്ച നിലവാരമുള്ള സിനിമ നിര്‍മിക്കുന്നതിനൊപ്പം ലക്ഷക്കണക്കിനാളുകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍ഡസ്ട്രിയുടെ ഭാഗമായി നില്‍ക്കുക എന്നതാണ് ഞങ്ങളുടെ ചിന്ത,'' സഹോദരിമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

പ്രചോദനവും പിന്തുണയുമായി മാതാപിതാക്കള്‍

പൊതുവേ അധികം വനിതകള്‍ കടന്നു ചെല്ലാത്ത സിനിമാ നിര്‍മാണ മേഖലയിലേക്ക് കടന്നുവരാന്‍ തങ്ങള്‍ക്ക് പ്രചോദനമായത് അച്ഛന്‍ പി വി ഗംഗാധരന്‍ തന്നെയാണെന്ന് ഇവര്‍ പറയുന്നു.

''അച്ഛന്‍ തന്നെയാണ് ഞങ്ങളുടെ പ്രചോദനം. കുട്ടിക്കാലം മുതല്‍ സിനിമാ നിര്‍മാണവും സെറ്റുകളും ഞങ്ങള്‍ക്ക് പരിചിതമാണ്. അച്ഛന്‍ സിനിമയ്ക്കായി കഥ തെരഞ്ഞെടുക്കുമ്പോഴും അന്തിമ തീരുമാനമെടുക്കുന്നത് അമ്മയുടെ അഭിപ്രായം പരിഗണിച്ചശേഷമാണ്. ഒരു കഥ കേട്ടാല്‍ അതിന്റെ വിജയ സാധ്യതകളും കലാമൂല്യവും മികവും വിലയിരുത്താന്‍ അമ്മയ്ക്ക് പ്രത്യേക കഴിവുണ്ട്. ഉയരെയുടെ കഥയും അമ്മ തെരഞ്ഞെടുത്തത് തന്നെയാണ്. മാതാപിതാക്കള്‍ തന്നെയാണ് സിനിമാ നിര്‍മാണ രംഗത്ത് ഞങ്ങളുടെ ഗുരുക്കന്മാരും വഴികാട്ടികളും,'' ടീം എസ് ക്യൂബ് വ്യക്തമാക്കുന്നു.

ലിംഗഭേദമില്ല, മികവ് മാത്രം

ഉയരെയുടെ സെറ്റിലെത്തിയ ചലചിത്ര സംവിധായകയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിധു വിന്‍സെന്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ആ സിനിമയുടെ പിന്നണിയിലുള്ള വനിതാ ടെക്‌നീഷ്യന്മാരെ കുറിച്ചാണ്. ഓരോ മേഖലയിലെയും മികച്ചവരെ അണിനിരത്തിയ ടീം എസ് ക്യൂബ്, ഒട്ടനവധി വനിതാ ടെക്‌നീഷ്യന്മാര്‍ക്ക് കൂടിയാണ് പ്ലാറ്റ്‌ഫോം ഒരുക്കിയത്.

''ഞങ്ങള്‍ കഴിവ് മാത്രമാണ് പരിഗണിച്ചത്. സിനിമാ മേഖലയില്‍ ഓരോ രംഗത്തും കൃത്യമായ മുദ്ര ചാര്‍ത്തിയ വനിതാ പ്രൊഫഷണലുകളുണ്ട്. ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും അവസരം ലഭിക്കണം. ഉയര്‍ന്നുവരണം. ഉയരെയുടെ തീം തന്നെ അതാണ്. സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്,'' സഹോദരിമാര്‍ പറയുന്നു.

സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന കാലോചിത വിഷയങ്ങളിലൂന്നിയുള്ള കലാമൂല്യമുള്ള സിനിമകള്‍ നിര്‍മിക്കുക എന്നത് തന്നെയാണ് തങ്ങളുടെ ഭാവി പദ്ധതിയെന്നും ഇവര്‍ പറയുന്നു.

മൂന്ന് മേഖലകളില്‍ മുന്‍ പരിചയമുള്ളവരാണ് ഈ മൂവരും. സഹോദരിമാരില്‍ മൂത്തയാള്‍ ഷെനുഗ, ഫിനാന്‍സ് മേഖലയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പത്രപ്രവര്‍ത്തന രംഗത്തെ പരിചയമാണ് ഷെഗ്നയ്ക്കുള്ളത്. ഷെര്‍ഗ കെടിസി ഗ്രൂപ്പിന്റെ ഓട്ടോമൊബീല്‍ ഡീലര്‍ഷിപ്പ് നടത്തിപ്പില്‍ സജീവമായിരുന്നു. ബിസിനസ് നടത്തിപ്പിന്റെയും സിനിമാ വ്യവസായത്തിന്റെ ഉള്ളുകള്ളികള്‍ അറിഞ്ഞു കൊണ്ടുതന്നെയാണ് ഇവര്‍ ഈ രംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുന്നതും.

കാലങ്ങളായി സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്ന നവാഗത സംവിധായകനായ മനു അശോകനാണ് ഉയരെയുടെ സംവിധാനം നിര്‍വഹിച്ചത്. ബോബി - സഞ്ജയ് ടീമിന്റേതാണ് കഥ. അഭിനയശേഷി കൊണ്ടും നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയായ പാര്‍വതിയാണ് ലീഡ് റോള്‍ ചെയ്തത്. മികച്ച കൂട്ടുകെട്ടിലാണ് ഉയരെ ടീം എസ് ക്യൂബ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

''സമകാലിക സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. അതിജീവനത്തിന്റെ കഥ. അതര്‍ഹിക്കുന്ന ഗൗരവത്തില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാണ് ഞങ്ങള്‍ ശ്രമിച്ചത്,'' ടീം എസ് ക്യൂബ് വ്യക്തമാക്കുന്നു.

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it