10 സെക്കന്‍ഡ് പരസ്യത്തിന് ₹40 ലക്ഷം വരെ, കൊളംബോയ്ക്ക് വിമാനചാര്‍ജ് വര്‍ധിച്ചത് 300%; ഇന്ത്യ-പാക് പോരാട്ടം പോക്കറ്റ് നിറച്ചത് ആരുടെയൊക്കെ?

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാരണം 600 കോടി രൂപയ്ക്ക് മുകളില്‍ വിപണിയില്‍ ചെലവഴിക്കപ്പെട്ടെന്നാണ് കണക്ക്.
10 സെക്കന്‍ഡ് പരസ്യത്തിന് ₹40 ലക്ഷം വരെ, കൊളംബോയ്ക്ക് വിമാനചാര്‍ജ് വര്‍ധിച്ചത് 300%; ഇന്ത്യ-പാക് പോരാട്ടം പോക്കറ്റ് നിറച്ചത് ആരുടെയൊക്കെ?
Published on

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ബ്ലോക്ക്ബ്ലസ്റ്റര്‍ മത്സരം വാരിക്കൂട്ടിയത് കോടികള്‍. ദുര്‍ബലമായ പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യയ്ക്ക് മുന്നില്‍ വലിയ പോരാട്ടവീര്യം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും കൊളംബോയിലെ മത്സരം ഐസിസിക്കും ശ്രീലങ്കയ്ക്കും ചാകരയായി. ഇന്ത്യയുമായി കളിക്കില്ലെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിവാശി ഐസിസിയുടെ കാര്‍ക്കശ്യത്തിന് മുന്നില്‍ അവസാന നിമിഷം മാറ്റിയതോടെ രക്ഷപ്പെട്ടത് സ്റ്റാര്‍ സ്‌പോര്‍ട്‌സും ശ്രീലങ്കയുമാണ്.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാരണം 600 കോടി രൂപയ്ക്ക് മുകളില്‍ വിപണിയില്‍ ചെലവഴിക്കപ്പെട്ടെന്നാണ് കണക്ക്. ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേക്ഷണ കരാര്‍ സ്വന്തമാക്കിയ സ്റ്റാര്‍സ്‌പോര്‍ട്‌സ് മുതല്‍ ഇന്ത്യ, പാക്കിസ്ഥാന്‍ നഗരങ്ങളില്‍ നിന്ന് കൊളംബോയിലേക്ക് സര്‍വീസ് നടത്തിയ വിമാന കമ്പനികള്‍ക്ക് വരെ ലോട്ടറിയായി മത്സരം മാറി.

ഇന്ത്യ-പാക് മത്സരത്തിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് 10 സെക്കന്‍ഡിന് ഈടാക്കിയത് 40 ലക്ഷം രൂപ വരെയാണ്. സാധാരണ ഗതിയില്‍ 20-25 ലക്ഷം രൂപ വരെയായിരുന്നു വലിയ ടീമുകളുടെ പോരാട്ടത്തിനായി ഈടാക്കിയിരുന്നത്. മത്സരത്തിനു മുമ്പുള്ള വിവാദങ്ങളും രാഷ്ട്രീയ കാരണങ്ങളും മത്സരത്തിന്റെ തീവ്രത ഉയര്‍ത്തി. ഇതോടെ നിരക്ക് കുത്തനെ കൂട്ടാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സും തീരുമാനിച്ചു.

ലോകകപ്പില്‍ നിന്നുള്ള ആകെ പരസ്യ വരുമാനം 2,000 കോടി രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ നല്ലൊരു പങ്ക് ഇന്ത്യ-പാക് മത്സരത്തില്‍ നിന്ന് മാത്രം ലഭിച്ചു. ഇരു ടീമുകളും ഇനി ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രണ്ടുടീമും ഫൈനലില്‍ വന്നാല്‍ വീണ്ടുമൊരു നേര്‍ക്കുനേര്‍ പോരാട്ടം കാണാനാകും.

ലോട്ടറി ശ്രീലങ്കയ്ക്ക്

ഇന്ത്യ-പാക്കിസ്ഥാന്‍ ഹൈവോള്‍ട്ടേജ് പോരാട്ടം ടിവി ചാനലുകള്‍ക്ക് മാത്രമല്ല ചാകരയായത്. ഇരുരാജ്യങ്ങളില്‍ നിന്നും കൊളംബോയിലേക്കുള്ള വിമാന ടിക്കറ്റും കുത്തനെ ഉയര്‍ന്നു. സാധാരണ നിരക്കില്‍ നിന്ന് 300 ശതമാനത്തോളം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. അവസാന നിമിഷം ടിക്കറ്റ് നിരക്ക് 1.18 ലക്ഷം രൂപ വരെയായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണഗതിയില്‍ 10,000 രൂപയില്‍ താഴെ വരുന്ന ടിക്കറ്റ് നിരക്കാണ് മത്സരം കാരണം കുത്തനെ ഉയര്‍ന്നത്.

വിമാന നിരക്ക് മാത്രമല്ല ഹോട്ടല്‍ മുറി വാടകയും മത്സരം മൂലം വര്‍ധിച്ചിരുന്നു. പ്രീമിയം ഹോട്ടല്‍ മുറികളുടെ വാടക 25 ശതമാനത്തോളമാണ് ഉയര്‍ന്നത്. ആരാധകരുടെ ഒഴുക്ക് ശ്രീലങ്കയിലെ ടൂറിസത്തിനും വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. ലോകകപ്പ് കാണാനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് ലങ്കയിലേക്ക് എത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com