പരസ്യങ്ങളുടെ പ്ലാറ്റ്‌ഫോമായും ടിക് ടോക്

കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ പ്രിയങ്കരമായ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമായി മാറുകയാണ് ടിക് ടോക്. രണ്ടാഴ്ച ത്തെ നിരോധനത്തിനു ശേഷം ഓണ്‍ലൈന്‍ പ്ലേ സ്റ്റോറിലേക്ക് ടിക് ടോക് തിരിച്ചുവന്നപ്പോള്‍ അതിന്റെ ജനപ്രീതിയും കൂടിയിരിക്കുകയാണ്.

ചെറിയ സമയ ദൈര്‍ഘ്യത്തിലുള്ള വീഡിയോകള്‍ തയ്യാറാക്കാവുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്പാണ് അടിസ്ഥാനപരമായി ടിക് ടോക്. ഒരേസമയം പല സ്ഥലത്തു നിന്നുള്ളവര്‍ക്ക് ഇതില്‍ പങ്കുചേരാനാകും. ഗ്രാമപ്രദേശങ്ങളില്‍ നിന്നു പോലും കണ്ടന്റ് ക്രീയേറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ ടിക് ടോക്കിനുണ്ടെന്നതാണ് പരസ്യ ദാതാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

120 മില്യണ്‍ ഉപഭോക്താക്കള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ടിക് ടോക് കഴിഞ്ഞ നവംബര്‍ മുതലാണ് ഇന്ത്യയില്‍ തങ്ങളുടെ പരസ്യ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ബ്രാന്‍ഡായ വൂനിക് ആയിരുന്നു ആദ്യ പരസ്യദാതാവ്. കഴിഞ്ഞ മാര്‍ച്ചിലാണ് വൂനികിന്റെ പരസ്യം ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടത്.

പെപ്‌സി, ഇ കൊമേഴ്‌സ് കമ്പനികളായ മിന്ത്ര, ഷോപ്ക്ലൂസ്, സ്‌നാപ്ഡീല്‍, എഡ്യുടെക് സ്റ്റാര്‍ട്ടപ്പുകളായ ക്യൂമാത്, മാസ്റ്റര്‍ ക്ലാസ്, വീഡിയോ ഓണ്‍ ഡിമാന്‍ഡ് കമ്പനികളായ വൂട്ട്, വിയു, ഡെലിവറി ആപ്പായ ഡന്‍സോ, ഡേറ്റിംഗ് ആപ്പായ ടോന്‍ടാന്‍, സോഷ്യല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ, ഷോര്‍ട്ട് വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആപ് വിഗോ എന്നിവരാണ് ടിക് ടോക് വഴി പരസ്യം നല്‍കി വരുന്നത്. സംസ്‌കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ടിക് ടോക് ആപ്പിന് പൂട്ടിടാനൊരുങ്ങിയത്.

ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റേതാണ് യുവാക്കളുടെ ഇടയില്‍ പടര്‍ന്നു കയറിയ ടിക് ടോക് ആപ്പ്. 75 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടിക് ടോക് ചൈനയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്. 2016 സെപ്റ്റംബറില്‍ ഡൗയിന്‍ എന്ന പേരിലാണ് ടിക് ടോക്കിന്റെ ജനനം. ചൈനക്ക് പുറത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി പേര് മാറി ടിക് ടോക്കായി. ഷാങ്ങ് ഹായ് അധിഷ്ഠിതമായ മ്യൂസിക്കലിയെ ഏറ്റെടുത്ത് കൊണ്ടാണ് ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക് ചുവടുറപ്പിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it