ടീമുകളുടെ പോക്കറ്റ് നിറയും, ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് കോടികള്‍; ഫിഫ ലോകകപ്പിലെ പ്രൈസ്മണി വിശദാംശങ്ങള്‍ ഇങ്ങനെ

ഇത്തവണ ടെലിവിഷന്‍ റൈറ്റ്‌സ്, പരസ്യ വരുമാനം, ടിക്കറ്റ് വില്പന എന്നിവയിലൂടെ വലിയ വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്
ടീമുകളുടെ പോക്കറ്റ് നിറയും, ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് കോടികള്‍; ഫിഫ ലോകകപ്പിലെ പ്രൈസ്മണി വിശദാംശങ്ങള്‍ ഇങ്ങനെ
Published on

ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പ് ജൂലൈ 19 വരെ നീണ്ടുനില്‍ക്കും. ഇത്തവണ യുഎസിനൊപ്പം കാനഡ, മെക്‌സിക്കോ രാജ്യങ്ങളും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. 32ല്‍ നിന്ന് ടീമുകളുടെ എണ്ണം 48ലേക്ക് ഉയര്‍ത്തിയ ശേഷമുള്ള ആദ്യത്തെ ലോകകപ്പ് കൂടിയാണിത്.

ഇത്തവണ പ്രൈസ് മണിയില്‍ ഉള്‍പ്പെടെ വലിയ വര്‍ധനയാണ് ഫുട്‌ബോളിന്റെ ആഗോള സംഘടനയായ ഫിഫ വരുത്തിയിരിക്കുന്നത്. ലോകകപ്പില്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് ഏകദേശം 430 കോടി രൂപയാണ്. റണ്ണേഴ്‌സപ്പ് ആയാല്‍ 284 കോടി രൂപ ലഭിക്കും. മൂന്നാംസ്ഥാനത്തിന് 249 കോടി രൂപയും നാലാംസ്ഥാനക്കാര്‍ക്ക് 232 കോടി രൂപയുമാണ് സമ്മാനത്തുക.

അഞ്ചു മുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 163 കോടി രൂപ വീതം ലഭിക്കും. ഒന്‍പത് മുതല്‍ 16 വരെയുള്ളവര്‍ക്ക് 129 കോടി രൂപ വീതവും ഫിഫ നല്കും. രണ്ടാംറൗണ്ടില്‍ പുറത്താകുന്ന ടീമുകളെ കാത്തിരിക്കുന്നത് 95 കോടി രൂപയാണ്. ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായാലും നിരാശപ്പെടേണ്ടതില്ല. 77 കോടി രൂപ വീതം ലഭിക്കും.

പണംവാരിയെറിയുന്നു

എല്ലാ ടീമുകള്‍ക്കും കൂടി സമ്മാനത്തുക നല്കാന്‍ മാത്രം ഫിഫ 6,000 കോടി രൂപയ്ക്കടുത്താണ് ചെലവഴിക്കുന്നത്. ആകെ സമ്മാനത്തുകയില്‍ ഖത്തറില്‍ നടന്ന 2022 ലോകകപ്പിനേക്കാള്‍ 48.9 ശതമാനം വര്‍ധന.

ലോകകപ്പിന് യോഗ്യത ടീമുകള്‍ക്ക് പ്രത്യേക പേയ്‌മെന്റും ഫിഫ നല്കുന്നു. ലോകകപ്പ് കളിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി 48 ടീമുകള്‍ക്കും 21 കോടി രൂപ വീതം നല്കിയിട്ടുണ്ട്.

ലോകത്തെ വിവിധ ഫുട്‌ബോള്‍ ക്ലബുകള്‍ക്കും ലോകകപ്പ് ചാകരയാണ്. കളിക്കാരെ വിട്ടുനല്കാനായി ക്ലബുകള്‍ക്ക് നല്ലൊരു സംഖ്യ ഫിഫ നല്കുന്നുണ്ട്. 32ല്‍ നിന്ന് ടീമുകളുടെ എണ്ണം 48 ആക്കിയതോടെ ക്ലബുകളുടെ പോക്കറ്റില്‍ കൂടുതല്‍ പണമെത്തും.

ഇത്തവണ ടെലിവിഷന്‍ റൈറ്റ്‌സ്, പരസ്യ വരുമാനം, ടിക്കറ്റ് വില്പന എന്നിവയിലൂടെ വലിയ വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പടെ പ്രധാനപ്പെട്ട ചില മാര്‍ക്കറ്റുകളില്‍ ഇപ്പോഴും ടിവി സംപ്രേക്ഷണ അവകാശം വിറ്റഴിക്കാന്‍ സാധിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com